13 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 13 സെപ്റ്റംബർ 2021)
🔳പ്രായപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലി-ദാമന്‍ ആന്‍ഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അര്‍ഹരായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. നേട്ടം കൈവരിച്ച സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,372 കോവിഡ് രോഗികളില്‍ 64.51 ശതമാനമായ 20,240 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 219 മരണങ്ങളില്‍ 30.59 ശതമാനമായ 67 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,71,036 സജീവരോഗികളില്‍ 60 ശതമാനമായ 2,22,292 രോഗികളും കേരളത്തിലാണുള്ളത്.

🔳പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിബിസിഐ. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ഭീകര പ്രസ്ഥാനങ്ങളുടെ ചെയ്തികളെയാണ് സഭ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ സഭയുടെ നിലപാടുകള്‍ പാറപോലെ ഉറച്ചതാണെന്നും സെബാസ്റ്റ്യന്‍ വിശദീകരിച്ചു.

🔳നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉയര്‍ത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് അടിയന്തരമായി സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും ന്യൂനപക്ഷമോര്‍ച്ചാ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു.

🔳നാര്‍ക്കോട്ടിക് വിവാദത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മയ്ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് ഉയര്‍ത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയില്‍ പറഞ്ഞു. മത സാഹോദര്യം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ലഹരിമാഫിയക്ക് എതിരായ ചെറുത്ത് നില്‍പ്പ് രൂപപ്പെടണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്തു.

🔳നാര്‍ക്കോട്ടിക്സ് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാള്‍ ദോഷം ചെയ്തെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ല. കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാര്‍ദ്ദം ഉറപ്പിക്കണമെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു.

🔳പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.

🔳ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ സിപിഐയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പ്. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് കെഇ ഇസ്മയില്‍ കാനത്തിനെതിരെ കത്തു നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കള്‍ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.

🔳മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിമര്‍ശിച്ചപ്പോള്‍ ഭരണനേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു.

🔳എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. .എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരമാണ് പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ ഭാരവാഹികള്‍ക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

🔳ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് വയനാടും കാസര്‍കോടും രാജി. ഹരിത വയനാട് ജില്ലാ പസിഡന്റ് ഫാത്തിമ ഷാദിന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി ശര്‍മിനയും രാജിവെച്ചു.

🔳നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സില്‍ കവര്‍ച്ച നടത്തിയത് യുപി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ്. അസ്ഹര്‍ പാഷയെന്ന ഇയാള്‍ ആഗ്രയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. മോഷണത്തിന് ഇരയായവര്‍ കൈകഴുകാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നു.

🔳ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

🔳ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത. ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ യുപി ഗവര്‍ണറായ ആനന്ദിബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേല്‍. ഇന്നു തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം.

🔳സംസ്ഥാനത്തെ ജയിലുകള്‍ ഇനി മുതല്‍ കുറ്റവാളികള്‍ക്ക് ഉല്ലാസകേന്ദ്രങ്ങളായിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ജയിലുകള്‍ ഇനി മുതല്‍ നവീകരണ കേന്ദ്രങ്ങളായിരിക്കുമെന്നും സംസ്ഥാനത്ത് ഒരു തരത്തിലുള്ള മാഫിയ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳ടോക്കിയോയില്‍ അഭിമാന നേട്ടം കൊയ്ത ഇന്ത്യന്‍ പാരാലിംപിക്‌സ് താരങ്ങളെ മെഡല്‍പേ ചര്‍ച്ചയില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനില്‍ ഇന്ത്യയുടെ കീര്‍ത്തി താരങ്ങള്‍ ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താരങ്ങളുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തിറക്കിയത്. രാജ്യത്തിന് അഭിമാനമായി 19 മെഡലുകളുമായിട്ടാണ് പാരാലിംപിക്‌സ് സംഘം ദില്ലിയില്‍ തിരികെ എത്തിയത്. ശാരീരിക വെല്ലുവിളികള്‍ മറികടന്ന് നേടിയ നേട്ടങ്ങള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔳ഡ്യുറന്‍ഡ് കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരളയുടെ തുടക്കം സമനിലയോടെ. ഗ്രൂപ്പ് ഡിയില്‍ ആര്‍മി റെഡിനെതിരെ രണ്ട് ഗോളിന് ഗോകുലം സമനില വഴങ്ങുകയായിരുന്നു.

🔳ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവായി നിയമിച്ച ബിസിസിഐ തീരുമാനം ചോദ്യം ചെയ്ത് അജയ് ജഡേജ. പെട്ടെന്നൊരു രാത്രിയില്‍ ഉപദേഷ്ടാവ് വേണമെന്ന് ബിസിസിഐക്ക് എന്തുകൊണ്ട് തോന്നി എന്ന ചോദ്യമാണ് മുന്‍താരം ഉയര്‍ത്തുന്നത്.

🔳ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദസുന്‍ ഷനക നയിക്കും. നിരോഷന്‍ ഡിക്ക്വെല്ല, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് മൂവര്‍ക്കും വിനയായത്. വെറ്ററന്‍ താരങ്ങള്‍ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവര്‍ക്കും ടീമിലിടം നേടാനായില്ല.

🔳ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്നത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പണ്‍ കലാശപോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനില്‍ മെദ് വദേവ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടി. മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് വിജയം കുറിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,15,575 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 12 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനമായ 2,27,48,174 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 31.12 ശതമാനമായ 89,55,855 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287.  

🔳രാജ്യത്ത് ഇന്നലെ 31,372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 40,567 പേര്‍ രോഗമുക്തി നേടി. മരണം 29. ഇതോടെ ആകെ മരണം 4,42,907 ആയി. ഇതുവരെ 3,32,63,542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.71 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3623 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,608 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,190 പേര്‍ക്കും മിസോറാമില്‍ 1089 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,65,432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 35,326 പേര്‍ക്കും ബ്രസീലില്‍ 10,615 പേര്‍ക്കും റഷ്യയില്‍ 18,554 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,173 പേര്‍ക്കും തുര്‍ക്കിയില്‍ 21,352 പേര്‍ക്കും ഇറാനില്‍ 20,219 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 21,441 പേര്‍ക്കും മലേഷ്യയില്‍ 19,198 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.54 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,697 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 219 പേരും ബ്രസീലില്‍ 261 പേരും റഷ്യയില്‍ 788 പേരും ഇറാനില്‍ 487 പേരും മെക്സിക്കോയില്‍ 675 പേരും മലേഷ്യയില്‍ 292 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.43 ലക്ഷം.

🔳തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി. യൂറോ, പൗണ്ട്, യെന്‍ കറന്‍സികള്‍ ഉള്‍പ്പെടയുളള വിദേശ കറന്‍സികളുടെ ആസ്തി മൂല്യമാണിത്. സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി. കരുതല്‍ ശേഖരത്തിന്റെ ഭാഗമായ സ്വര്‍ണ ശേഖരത്തില്‍ 64.2 കോടി ഡോളറിന്റെ വര്‍ധനയും രേഖപ്പെടുത്തി.

🔳കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഭീമന്‍ ലാഭം തിരിച്ചുനല്‍കിയ കമ്പനികളില്‍ ഒന്നാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ലിമിറ്റഡ്. 12 മാസം കൊണ്ട് 800 ശതമാനത്തിലേറെയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്. 2020 സെപ്തംബര്‍ 10ന് 313.50 രൂപയുണ്ടായിരുന്ന നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യ ഓഹരി വില ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2,969.25 രൂപയിലേക്ക് കുതിച്ചുയര്‍ന്നത് കാണാം. അതായത് നിക്ഷേപകര്‍ക്ക് കമ്പനി സമ്മാനിച്ചത് 847.13 ശതമാനം ലാഭം. കഴിഞ്ഞ ഓഗസ്റ്റ് 27 -ന് കമ്പനിയുടെ ഓഹരി വില 3,456.55 രൂപ വരെയ്ക്കും ഉയര്‍ന്നിരുന്നു.

🔳ആന്‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന 'മാഡി എന്ന മാധവന്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ് ദിപു ആണ് സംവിധാനം ചെയ്യുന്നത്. പ്രഭു, മാസ്റ്റര്‍ അഞ്ജയ്, റിച്ച പലോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്, സുല്‍ഫി സെയ്ത്, നിഴലുകള്‍ രവി, ഷവര്‍ അലി, റിയാസ് ഖാന്‍, വയ്യാപുരി, കഞ്ചാ കറുപ്പ്, മുത്തു കലൈ, അദിത് അരുണ്‍, ഭാനു പ്രകാശ്, നേഹ ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

🔳നടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. അര്‍ജുന്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അലക്‌സ് പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രതിക് സി ആഭ്യങ്കാര്‍ ആണ്. കിരണ്‍ ദാസ് ആണ് എഡിറ്റര്‍. അതേസമയം, ശരത് മേനോന്‍ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന വെയില്‍ ആണ് ഷെയ്നിന്റേതായി വരാനിരിക്കുന്ന ചിത്രം.

🔳ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ബൈക്കിന്റെ പരിഷ്‌കരിച്ച വകഭേദം ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്. രണ്ട് മാസം തികയും മുമ്പ് മൂന്നാം തവണയും ഹിമാലയന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇത്തവണ 5000 രൂപയോളമാണ് റോയല്‍ എന്‍ഫീല്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 2.05 ലക്ഷം മുതല്‍ ആരംഭിച്ചിരിക്കുന്ന ഹിമയന്റെ എക്‌സ്-ഷോറൂം വില 2.10 ലക്ഷമായി ഉയര്‍ന്നു.

🔳സാംസ്‌കാരികമായും കലാപരമായുമെല്ലാം ഇന്ത്യയെ രൂപപ്പെടുത്തിയെടുത്ത നൂറ്റാണ്ടുകളുടെ ഓര്‍മകളിലൂടെയും ചരിത്രസ്മാരകങ്ങളിലൂടെയുമുള്ള അവിസ്മരണീയമായ യാത്രകള്‍. കെ. വിശ്വനാഥിന്റെ ഏറ്റവും പുതിയ യാത്രാപുസ്തകം. 'ബദാമി മുതല്‍ കൊണാര്‍ക്ക് വരെ'. മാതൃഭൂമി. വില 112 രൂപ.

🔳അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. മുടിക്ക് ഇരുണ്ടനിറം നല്‍കുന്നത് മെലനോസൈറ്റ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ്. പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞുവരും. ഇത് പ്രായമെത്തും മുന്നേ സംഭവിക്കുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുടി വളരുന്നതിന് ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെറിയ ഉള്ളി. ചെറിയ ഉള്ളിയുടെ നീരും നാരങ്ങാനീരും ചേര്‍ത്തുള്ള മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം. രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് തലയില്‍ പുരട്ടി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കഴയുക. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു. ബ്ലാക്ക് ടീയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. മുടിയ്ക്ക് സ്വാഭാവിക ഇരുണ്ട നിറം കിട്ടാനും, മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. കട്ടന്‍ ചായ ഉപയോഗിച്ച് തലമുടി കഴുകുന്നത് അകാലനര മാറാന്‍ മാത്രമല്ല മുടി മുമ്പത്തേക്കാള്‍ തിളക്കമുള്ളതായിരിക്കാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു വിനോദയാത്രാസംഘം കാട്ടിലൂടെ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇരുവശം മനോഹരമായ കാഴ്ചകള്‍ കണ്ട് ആ യാത്ര തുടരുകയാണ്. പെട്ടെന്നാണ് വഴിയുടെ ഒരു വശത്ത് ധാരാളം മയിലുകള്‍ പീലിവിരിച്ചു നില്‍ക്കുന്നത് കണ്ടത്. എല്ലാവരും ആ വശത്തേക്കുള്ള ജനലുകളുടെ അടുത്തേക്ക് വന്നു. ചിലര്‍ക്ക് ആദ്യം കാണണം. ചിലര്‍ക്ക് ഫോട്ടോ എടുക്കണം. ഉന്തും തള്ളും ബഹളവുമായി. ബസ്സ് നിര്‍ത്താനുള്ള അനുവാദമില്ലാത്തതിനാല്‍ ഡ്രൈവര്‍ വേഗം കുറച്ചു വാഹനം ഓടിച്ചു. പക്ഷേ ബഹളത്തിനും തിക്കിനും തിരക്കിനുമിയില്‍ ആര്‍ക്കും നന്നായി കാണാനോ ഫോട്ടോ എടുക്കാനോ ഒന്നും സാധിച്ചില്ല. എല്ലാവര്‍ക്കും എല്ലാം വേണമെന്ന് ശഠിച്ചാല്‍ ആര്‍ക്കും ഒന്നും ലഭിക്കില്ല. എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് കരുതിയാല്‍ ആവശ്യമുള്ളവ എല്ലാവര്‍ക്കും ലഭിക്കും. എനിക്ക് തന്നെ എല്ലാം വേണം എന്ന ചിന്തയേക്കാള്‍ അപകടകരമാണ് എനിക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല അവന് കിട്ടരുത് എന്ന ചിന്ത. ആദ്യവിചാരത്തില്‍ സ്വാര്‍ത്ഥത മാത്രമേയുള്ളൂ എന്നാല്‍ രണ്ടാമത്തേതില്‍ ഹിംസയുമുണ്ട്. ആദ്യം നേടി എന്നതിന്റെ ഖ്യാതി അടുത്തയാള്‍ നേടുന്നത് വരെയേ ഉള്ളൂ. വാശിപിടിച്ച് നേടിയെടുത്തതില്‍ പലതും ഉപയോഗരഹിതമായിത്തീരുമ്പോഴാണ് മുഴുവനും പിടിച്ചടക്കിയതിന്റെ നിരര്‍ത്ഥകത മനസ്സിലാകുന്നത്. മിച്ചം വരുന്നത് മാത്രമല്ല, ഉപയോഗിക്കാത്തവയും അവശിഷ്ടമാണ്. ഒരാള്‍ക്ക് അനുഗ്രഹമാകുന്ന ഒന്നിനെ എന്തിനാണ് മറ്റൊരാള്‍ അവശിഷ്ടമാക്കുന്നത്. ഒരു വെല്ലുവിളി ഉയരുമ്പോള്‍ രണ്ടുതരം മനോഭാവങ്ങള്‍ ഉണ്ടാകാം. ഒന്ന്- എന്ത് വില കൊടുത്തും താന്‍ ജയിക്കണം, രണ്ട് - അല്‍പം താഴ്ന്നുകൊടുത്താലും എല്ലാവരും ജയിക്കണം. എല്ലാവരുടേയും വിജയമാഗ്രഹിക്കുന്നവര്‍ ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. വലിയ വീഴ്ചകള്‍ ഒഴിവാക്കാന്‍ നമുക്കും വിട്ടുവീഴ്ചകള്‍ ശീലമാക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only