👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 സെപ്റ്റംബർ 2021

സ്‌കൂളുകള്‍ തുറക്കുന്നകാര്യം പരിശോധിക്കും; വിദഗ്ധ സമിതിയെ നിയോഗിക്കും - വിദ്യാഭ്യാസമന്ത്രി
(VISION NEWS 02 സെപ്റ്റംബർ 2021)




തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിക്കാനുള്ള ആലോചനയുമായി സര്‍ക്കാര്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലുള്‍പ്പെടെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാകും സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുക. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

അതിനിടെ, എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only