👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

21 സെപ്റ്റംബർ 2021

കടം വാങ്ങിയ പണത്തിന് ഓണം ബംപറെടുത്തു, ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ നവാസ് കോടീശ്വരന്‍
(VISION NEWS 21 സെപ്റ്റംബർ 2021)
കലവൂർ : ആരെങ്കിലുമായി ചേർന്നാണു നവാസ് (50) ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ളത്. ഓണം ബംപർ ടിക്കറ്റെടുത്തപ്പോൾ ഒപ്പം ആരും വന്നില്ല. രണ്ടാം സമ്മാനമായ കോടി രൂപ ടി.ഇ. 177852 എന്ന ടിക്കറ്റിൽ നവാസിനെ തേടിയെത്തി.

തെക്കനാര്യാട് ആരാധന ജങ്‌ഷനിലുള്ള ഗോൾഡൻ ഫുഡ് പ്രോഡക്ടിൽ പൊറോട്ടയുണ്ടാക്കുന്നതാണു നവാസിന്റെ ജോലി. കൈയിൽ പണം തികയാതെവന്നതിനാൽ ലോട്ടറി വിൽപ്പനക്കാരനായ സുവർണനു 40 രൂപ കൊടുത്താണു ടിക്കറ്റുവാങ്ങിയത്. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോഴാണു ബാക്കിത്തുക കൊടുത്തുതീർത്തത്.

നവാസ് ടിക്കറ്റെടുക്കുന്നതിനു തൊട്ടുമുൻപ്‌ സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാവരുംകൂടി ഒരു ടിക്കറ്റെടുത്തിരുന്നു. ഇതിനാലാണ് നവാസ് ഒറ്റയ്ക്കായത്. ഫലം മൊബൈലിൽ പരിശോധിച്ചപ്പോൾ അയ്യായിരമാണ് ആദ്യം നോക്കിയത്. പിന്നെ താഴേക്കുനോക്കി ഒരു സമ്മാനവുമില്ലാതെവന്നപ്പോൾ നിരാശയോടെ ടിക്കറ്റു മാറ്റിവെച്ചു. മുന്നൂറുരൂപയുടെ ടിക്കറ്റല്ലേയെന്നുകരുതി വെറുതെ മുകളിലേക്കു നോക്കിയപ്പോഴാണു ഞെട്ടിപ്പോയത്.

ആലപ്പുഴ കറുകയിൽ വാർഡിലെ ചിറയിൽ വാടകവീട്ടിലാണു താമസം. സ്വന്തമായി ഒരു വീടു വാങ്ങണം, വൃക്കരോഗിയായ പേരക്കുട്ടിക്കു വിദഗ്‌ധ ചികിത്സ നൽകണം ഇതൊക്കെയാണു നവാസിന്റെ ആഗ്രഹം. ചാന്ദിനിയാണു ഭാര്യ. നൗഫലും ഷാനിമോളുമാണു മക്കൾ. മരുമക്കൾ: സബി, നജീബ്.

പുലർച്ചേ മൂന്നുമണിക്കുതുടങ്ങുന്ന പൊറോട്ടയടികഴിഞ്ഞ് ബാക്കിയുള്ള സമയം നവാസ് ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങാറുണ്ട്.

ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ മുടക്കംകൂടാതെ മുന്നോട്ടുകൊണ്ടുപോകുമെന്നു നവാസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only