08 സെപ്റ്റംബർ 2021

ചർമ്മം ഇനി വെട്ടിത്തിളങ്ങും; ശീലമാക്കാം റോസ് വാട്ടർ
(VISION NEWS 08 സെപ്റ്റംബർ 2021)
ദിവസേന നാം ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ത്വക്കിന്‍റെ പിഎച്ച്‌ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടറിന്‍റെ ഉപയോഗങ്ങള്‍ നോക്കാം.

മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച്‌ മുഖം തുടച്ചെടുക്കാം. റോസ് വാട്ടറില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

ആന്റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും ചുളിവുകള്‍ തടയാനും മുഖത്തെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടര്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറില്‍ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

തൊലിയെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും റോസ് വാട്ടര്‍ സഹായകമാണ്. ചിലരുടെ തൊലി പൊതുവേ വരണ്ടതായിരിക്കും, അല്ലെങ്കില്‍ യാത്രയോ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റമോ ഒക്കെ തൊലിയ വരണ്ടതാക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ റോസ് വാട്ടര്‍ തേക്കുന്നതിലൂടെ മുഖത്തെ ഈര്‍പ്പം തിരിച്ചുപിടിക്കാം. ഒരു നല്ല മേക്കപ്പ് റിമൂവറാണ് റോസ് വാട്ടര്‍. റോസ് വാട്ടര്‍ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി ടിഷ്യൂ പേപ്പര്‍ വച്ചോ കോട്ടണ്‍ തുണി വച്ചോ മുഖം തുടയ്ക്കുന്നതിലൂടെ മേക്കപ്പ് എളുപ്പത്തില്‍ മായ്ച്ചുകളയാനാകും.

മുഖത്തിന് മാത്രമല്ല കണ്ണുകള്‍ക്കും റോസ് വാട്ടര്‍ നല്ലതുതന്നെ. റോസ് വാട്ടര്‍ ഒന്ന് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. തണുപ്പിച്ച റോസ് വാട്ടര്‍ തുള്ളികള്‍ പഞ്ഞിയിലാക്കി ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിന് കുളിര്‍മ്മയും മിഴിവും നല്‍കും. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മുഖക്കുരുവിനെതിരായി പോരാടും. അല്‍പം നാരങ്ങാനീരുമായി ചേര്‍ത്ത റോസ് വാട്ടര്‍ മുഖത്ത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only