👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


30 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 സെപ്റ്റംബർ 2021)
🔳സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. പദ്ധതി ഇനി മുതല്‍ 'നാഷണല്‍ സ്‌കീം ഫോര്‍ പി.എം പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 വരെയാകും പദ്ധതി ദീര്‍ഘിപ്പിക്കുക. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

🔳വിശ്വാസികള്‍ക്കായി വൈദിക സമൂഹം നല്‍കുന്ന മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പര്‍വതീകരിക്കുന്നുവെന്ന് കെസിബിസി. മതസൗഹാ4ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരെയു0 പ്രതിജ്ഞാബദ്ധതയോടെ പ്രവ4ത്തിക്കുമെന്നും കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ പിന്തുണച്ചുകൊണ്ടാണ്, മതസൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊള്ളുമെന്ന കെസിബിസിയുടെ പ്രസ്താവന.

🔳കൊവിഡ് പ്രതിരോധ മേഖലയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലികക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിയത് തിരിച്ചടിയാകുന്നു. ഇതോടെ കൊവിഡ് ബ്രിഗേഡില്‍ അംഗങ്ങളായ 20000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഒക്ടോബര്‍ മുതല്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നവംബര്‍ വരെ ഇവരെ പിരിച്ചുവിടരുതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസത്തെ വേതനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയേക്കും.

🔳കേരളത്തെയാകെ ഞെട്ടിച്ച മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോന്‍സന്‍ മാവുങ്കലിനെതിരെ അന്വേഷണം നടത്താന്‍ വിവിധ വകുപ്പുകള്‍ തീരുമാനിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് യഥാര്‍ഥ ആനക്കൊമ്പല്ലെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു. മോന്‍സണെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്ത് കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് വൈകിട്ട് നാലരയോടെ മോന്‍സനെ കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.

🔳വിവാദങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സനുമായി പണമിടപാടില്ലെന്ന് സുധാകരന്‍ പറഞ്ഞു. ആഡംബരവും അലങ്കരവും കണ്ടാല്‍ ആരും വിശ്വസിച്ച് പോകും. താന്‍ മാത്രമല്ല വിശ്വാസിച്ചത്. ബെന്നിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. പിണറായിക്കെതിരായ അങ്കം താന്‍ അവസാനിപ്പിച്ചത് വീണ്ടും തുടങ്ങണമോയെന്ന് ആലോചിക്കാമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മോന്‍സനുമായി പണം ഇടപാടില്ലെന്നും മറിച്ച് ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മോന്‍സനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തനിക്ക് ജാഗ്രത കുറവ് സംഭവിച്ചിട്ടില്ലെന്നും സുധാരകന്‍ പറഞ്ഞു.

🔳സെമി കേഡര്‍ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോണ്‍ഗ്രസ് തുടക്കമിടുന്നു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ 9 മണിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍വ്വഹിക്കുും. പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം സിയുസികള്‍ തുടങ്ങുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം. അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബര്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും ദില്ലിക്ക് പോകും. ഒന്‍പത്, പത്ത് ദിവസങ്ങളില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകള്‍ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.

🔳കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ താക്കീതുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കണമെന്ന് രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മെറിറ്റ് ആണ് മുന്‍ഗണനയെന്നും പരാതികള്‍ ഉണ്ടെങ്കില്‍ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാന്‍ മടിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തു.

🔳സിപിഐ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ .അവര്‍ കുരുമുളക് കൊടികളേ കൊണ്ട് പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ. തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയാണ് ഇടതുപക്ഷ രാഷ്ട്രീയം. അതിന്റെ നന്മകള്‍ ഒരു കുരുമുളക് കൊടിയോടൊപ്പം ആര്‍ക്കും കൊണ്ടുപോകാന്‍ കഴിയില്ലെന്നും മുല്ലക്കര ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

🔳ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നല്‍കാന്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ യോഗ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് വധഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ബി കാറ്റഗറി യിലുള്ള സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ഭീഷണികത്ത് അയച്ച വ്യക്തിക്കെതിരെ ആളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം അഞ്ച് വര്‍ഷം മുമ്പ് ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചുമാണ് മയൂഖ ജോണി പത്രസമ്മേളനം നടത്തിയത്.

🔳കൊലപാതക കേസ് പ്രതികള്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഫോണ്‍ വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തുവെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ജയില്‍ ഡിജിപിയുടെ ഉത്തരവ്. മറുപടിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത്.

🔳നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. ഇന്നാണ് അധ്യാപക സംഘടനകളുടെ യോഗം. ശനിയാഴ്ച്ച വിദ്യാര്‍ത്ഥി സംഘടനാ യോഗം നടക്കും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

🔳സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകരമായതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

🔳കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഇന്നലെ ദില്ലിയിലെത്തിയ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്.

🔳പഞ്ചാബ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്ക് പ്രസിഡന്റ് ഇല്ലെന്നും സിബല്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്. ഇത് ഐഎസ്‌ഐക്കും പാകിസ്ഥാനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയര്‍ച്ചയും ഞങ്ങള്‍ക്കറിയാം. പഞ്ചാബ് ഐക്യത്തോടെ തുടരുമെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

🔳കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 'വേഗം സുഖം പ്രാപിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. വീടിന് നേരെ തക്കാളി എറിയുകയും അദ്ദേഹത്തിന്റെ കാറ് കേടാക്കുകയും ചെയ്തു.

🔳പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെ ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലൂസിഞ്ഞോ ഫലേരിയോ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നത്. അഭിഷേക് ബാനര്‍ജിയില്‍ നിന്ന് അദ്ദേഹം പാര്‍ട്ടി പതാക ഏറ്റുവാങ്ങി.

🔳പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ മമതക്ക് ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് മമതക്കെതിരെ മത്സരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് കഴിയും വരെ ഭവാനിപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം നടന്ന സംഘര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. വോട്ടെുടുപ്പ് ദിവസം മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

🔳യുഎഇ ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ നടപടികള്‍ ആരംഭിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭ്യമാകും. അഞ്ചു വര്‍ഷത്തിന് ലഭ്യമാകുന്ന ഈ മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കെത്താന്‍ സാധിക്കും. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ യുഎഇയില്‍ കഴിയാം. വേണമെങ്കില്‍ 90 ദിവസംകൂടി നീട്ടി നല്‍കും. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വഴി 650 ദിര്‍ഹം മാത്രമാണ് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കായി അപേക്ഷകര്‍ നല്‍കേണ്ടത്.

🔳സ്‌പെയിനിലെ കാനറി ദ്വീപില്‍ വീടുകളും റോഡും തകര്‍ത്ത് മുന്നേറുന്ന അഗ്‌നിപര്‍വത ലാവാ പ്രവാഹം കടലിലെത്തി. ലാ പാല്‍മ ദ്വീപിലെ പ്ലായാ ദുയേവയിലാണ് ലാവാ പ്രവാഹം കടല്‍ തൊട്ടത്. ചുട്ടുപഴുത്ത ലാവ അറ്റ്‌ലാന്റിക് ഉള്‍ക്കടലിലേക്ക് ചെന്നെത്തിയതായി പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. തിളയ്ക്കുന്ന ലാവ കടല്‍വെള്ളം തൊട്ടതിനെ തുടര്‍ന്ന് ഇവിടെ വലിയ പുകച്ചുരുളുകള്‍ ഉയരുകയാണ്. വലിയ സ്‌ഫോടനങ്ങള്‍ക്ക് ഇത് കാരണമാവുമെന്ന ആശങ്കയുണ്ട്. അതോടൊപ്പം വിഷവാതകങ്ങള്‍ വ്യാപകമായി പുറത്തുവിടാനും ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടലിലെ ജീവജാലങ്ങള്‍ക്കും സമീപവാസികള്‍ക്കും ഇത് വലിയ ദുരന്തമുണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സമീപവാസികള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🔳ഡ്യൂറാന്‍ഡ് കപ്പില്‍ മുഹമ്മദന്‍സ്-എഫ്‌സി ഗോവ ഫൈനല്‍. ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ സഡന്‍ ഡെത്തില്‍ മറികടന്നാണ് ഗോവ ഫൈനലിലെത്തിയത്. ഇതോടെ ഡ്യൂറാന്‍ഡ് കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഐഎസ്എല്‍ ടീം എന്ന നേട്ടം ഗോവ സ്വന്തമാക്കി.

🔳ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്സ് മാക്‌സ്വെല്ലിന്റെ വെടിക്കെട്ടിനൊടുവില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയവുമായി മൂന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 149 ന് 9. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍ 153 ന് 3.

🔳ഫുട്ബോള്‍ ലീഗുകള്‍ക്ക് സമാനമായി ഐപിഎല്ലില്‍ വമ്പന്‍ പരിഷ്‌കാരത്തിന് ബിസിസിഐ. ഐപിഎല്‍ പതിനാലാം സീസണില്‍ അവസാന രണ്ട് ലീഗ് മത്സരങ്ങള്‍ ഒരേസമയം നടത്തും. അവസാന ദിവസം ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെയുമാണ് നേരിടേണ്ടത്.

🔳ഫിലിപ്പീന്‍സിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്‌സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍ ഫിലിപ്പീന്‍സിന്റെ സെനറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2022 മേയ് മാസത്തില്‍ നടക്കുന്ന പ്രസിഡന്റ് ഇലക്ഷനില്‍ താരം മത്സരിക്കും. അതിന് മുന്നോടിയായാണ് ബോക്‌സിങ്ങില്‍ നിന്ന് വിരമിക്കുന്നത്. നാല് പതിറ്റാണ്ടുകളിലായി ബോക്‌സിങ് ലോകകിരീടം നേടിയ ലോകത്തിലെ ഏകതാരമാണ് പാക്വിയാവോ.

🔳ഹൃദയാഘാതം വന്നെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാകിസ്ഥാന്‍ ഇതിഹാസതാരം ഇന്‍സമാം ഉള്‍ ഹഖ്. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് തന്റെ യുട്യൂബ് ചാനലില്‍ ഇന്‍സമാം വ്യക്തമാക്കിയത്. ദിവസേനയുള്ള പരിശോധനയ്ക്ക് ആശുപത്രിയില്‍ പോയതാണെന്നാണ് മുന്‍ ക്യാപ്റ്റന്റെ വിശദീകരണം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വാര്‍ത്തിയിലുണ്ടായിരുന്നു.

🔳ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി വിജയവഴിയില്‍ മടങ്ങിയെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിന് വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് വീണ്ടും തോല്‍വി. ആദ്യ മത്സരത്തില്‍ ബയേണിനോട് തോറ്റ അവര്‍ ഇന്ന് ബെന്‍ഫിക്കയോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ്. വമ്പന്‍മാരുടെ പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഉക്രയിന്‍ ക്ലബ് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു.
 
🔳കേരളത്തില്‍ ഇന്നലെ 90,394 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 155 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,965 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 598 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,862 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,43,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.2 ശതമാനമായ 2,46,36,782 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 40.5 ശതമാനമായ 1,08,31,505 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128.

🔳രാജ്യത്ത് ഇന്നലെ 23,137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,671 പേര്‍ രോഗമുക്തി നേടി. മരണം 309. ഇതോടെ ആകെ മരണം 4,48,090 ആയി. ഇതുവരെ 3,37,38,188 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.69 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,187 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,624 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,084 മിസോറാമില്‍ 1,380 കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,23,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 86,297 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,722 പേര്‍ക്കും റഷ്യയില്‍ 22,430 പേര്‍ക്കും തുര്‍ക്കിയില്‍ 29,386 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.39 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,851 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,838 പേരും ബ്രസീലില്‍ 602 റഷ്യയില്‍ 857 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.86 ലക്ഷം.

🔳220ലധികം സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബാങ്ക് ഓഫ് ബറോഡ ഒരു പുതിയ ആപ്പ് അവതരിപ്പിച്ചു. 'ബോബ് വേള്‍ഡ്'എന്ന പേരില്‍ അറിയപ്പെടുന്ന ആപ്പിലൂടെ ബാങ്കുമായി ബന്ധപ്പെട്ട 95ശതമാനം ഇടപാടുകള്‍ക്ക് വേണ്ടി ഒരാള്‍ക്ക് ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല. നൂതന ഡിജിറ്റല്‍ ബാങ്കിങ് സംവിധാനമായ 'ബോബ് വേള്‍ഡ്' സേവ്, ഇന്‍വെസ്റ്റ്, ബോറോ, ഷോപ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് സേവനങ്ങള്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. 'ബോബ് വേള്‍ഡ്' ആപ്പിലൂടെ 10 മിനിറ്റിനുള്ളില്‍ ഡിജിറ്റല്‍ അക്കൌണ്ട് ആരംഭിക്കാനും ഉടനടി വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് നേടാനും കഴിയും.

🔳ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ എണ്ണ-വാതകവുമായി ബന്ധപ്പെട്ട മേഖലകളില്‍ നിക്ഷേപിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണകമ്പനിയായ ബിപിസിഎല്‍-ന്റെ ഓഹരി വില്‍പ്പന വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. എണ്ണ ശുദ്ധീകരണമേഖല, പെട്രോ-കെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് പര്യവേക്ഷണം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം, ജൈവ ഇന്ധനമേഖല എന്നിവയിലും കോര്‍പ്പറേഷന്റെ നിക്ഷേപം ഉണ്ടാകും.

🔳ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി. മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യും.

🔳അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മറ്റൊരാള്‍ക്കുവേണ്ടി അവസാനമായി എഴുതിയ തിരക്കഥയായിരുന്നു 'ഡ്രൈവിംഗ് ലൈസന്‍സ്'. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ നടനും അയാളുടെ വലിയ ആരാധകനായ ആര്‍ടിഒയ്ക്കും ഇടയിലുണ്ടാവുന്ന ഈഗോ പ്രശ്നങ്ങളില്‍ ഊന്നി കഥ പറഞ്ഞ ചിത്രം. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ ഒഫിഷ്യല്‍ റീമേക്കിനും ഒരുങ്ങുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍താരത്തിന്റെ വേഷത്തില്‍ ബോളിവുഡിലെ ഒന്നാംനിര താരം അക്ഷയ് കുമാര്‍ ആവും എത്തുക. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ആര്‍ടിഒയുടെ റോളില്‍ എത്തുക ഇമ്രാന്‍ ഹാഷ്മിയും. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

🔳ഫോഴ്‌സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ വില പ്രഖ്യാപിച്ചു. ഒറ്റ വകഭേദമാണ് വാഹനത്തിനുള്ളത്. അതിന് 13.60 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഗൂര്‍ഖയുടെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ നല്‍കി ബുക്ക് ചെയ്യാം. അടുത്ത മാസം ഡെലിവറികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ പുതിയ എസ്.യു.വിക്കുണ്ട്.

🔳അവരുടെ വ്യക്തി സവിശേതകള്‍ ഉച്ചാരണപ്പിശകുകള്‍ കൗശലമാര്‍ന്ന രീതിയില്‍ എന്നിവകൊണ്ട് തികച്ചും ഊര്‍ജ്ജസ്വലരായ ഒരു കൂട്ടമാണ് ബിട്ടോറവാസികള്‍. 'ബിട്ടോറയ്ക്കു വേണ്ടിയുള്ള യുദ്ധം'. അനുജ ചൗഹാന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 379 രൂപ.

🔳ആളുകളുടെ ഉയരം സംബന്ധിച്ച് അടുത്ത കാലത്തായി പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ആഗോളതലത്തില്‍ ആളുകളുടെ ഉയരം കൂടിവരികയാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഉയരം കുറഞ്ഞുവരുന്നുവെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 'പ്ലസ് വണ്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മുതിര്‍ന്ന പുരുഷന്മാരിലും സ്ത്രീകളും ഉയരക്കുറവ് കണ്ടെത്തിയതായി പഠനം പറയുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലും ബാധിക്കപ്പെട്ടിട്ടുള്ളതത്രേ. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളുടെ ഉയരത്തില്‍ താരതമ്യേന വീണ്ടും കുറവ് കണ്ടെത്തിയതായും പഠനം രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഈ പ്രവണത കണ്ടെത്തപ്പെട്ടിരിക്കുന്നത്. പോഷകാഹാരക്കുറവ്, വൈറ്റമിന്‍ കുറവ് തുടങ്ങിയ ഘടകങ്ങളാകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം സാമൂഹികമായി മുന്നിട്ടുനില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയിലുള്ള സ്ത്രീകളില്‍ അത്രമാത്രം ഉയരക്കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. സാമ്പത്തിക സാഹചര്യം, സാമൂഹികമായ നിലനില്‍പ് എന്നിവയെല്ലാം വ്യക്തിയുടെ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നതിന് തെളിവാകുക കൂടിയാണ് പഠനം. 1998-99ലും 2005ലും നടത്തപ്പെട്ട സര്‍വേയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ ഉയരം വര്‍ധിക്കുകയാണെന്ന് ജെഎന്‍യുവിലെ 'സെന്റര്‍ ഓഫ് സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്' നടത്തിയ പഠനം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 2005-06 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ ഇത് കുറഞ്ഞുവന്നുവെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ സന്യാസിയെ കാണാന്‍ എത്തിയിരിക്കുകയാണ്. മരിച്ചുപോയ ഭാര്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമോ എന്ന് അയാള്‍ സന്യാസിയോട് അഭ്യര്‍ത്ഥിച്ചു. സന്യാസി സമ്മതിച്ചു. മന്ത്രോച്ചാരണത്തിന് ശേഷം കര്‍ഷകന്‍ അദ്ദേഹത്തോട് ചോദിച്ചു: എന്റെ ഭാര്യക്ക് ഈ പ്രാര്‍ത്ഥനകൊണ്ട് ഫലം ലഭിക്കുമോ? സന്യാസി പറഞ്ഞു: താങ്കളുടെ ഭാര്യക്ക് മാത്രമല്ല, ഈ ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യക്ക് കിട്ടുന്ന അനുഗ്രഹം കുറയില്ലേ.. അയാള്‍ക്ക് സംശയമായി. സന്യാസി അയാളെ ഉപദേശിച്ചു. സകല ജീവജാലങ്ങളുടേയും നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതായിരിക്കണം നമ്മുടെ ഉത്തരവാദിത്വം. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു: അത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ, എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു അയല്‍വാസിയുണ്ട്. സകല ജീവജാലങ്ങളുടേയും പട്ടികയില്‍ നിന്ന് അയാളെ ഒഴിവാക്കാമോ.. സന്യാസി ഒരു പുഞ്ചിരിയോടെ അയാളുടെ ചുമലില്‍ തട്ടി കടന്നുപോയി.. നമ്മുടെ സ്വാര്‍ത്ഥതകളെ സംരക്ഷിക്കാനുളള ഇടമായി പ്രാര്‍ത്ഥനയെ കാണരുത്. സ്വന്തം സുഖങ്ങളുടെയും സന്തോഷങ്ങളുടെയും സംരക്ഷണത്തിനായി നിര്‍ത്തിയിരിക്കുന്ന ഒരു കാവല്‍ക്കാരനല്ല ഈശ്വരന്‍. എന്തെങ്കിലും നേടുന്നതിനുവേണ്ടിയുള്ള തീവ്രയത്‌നത്തിന്റെ ഭാഗമായല്ലാതെ ഈശ്വരവിചാരത്തില്‍ ഏര്‍പ്പെടുന്നവര്‍ എത്രപേരുണ്ടാകും.. ഒന്നിനും ഒരു കുറവുമില്ലെങ്കില്‍ ഈശ്വരനോടുള്ള സ്തുതിഗീതങ്ങളില്‍ എത്ര പേര്‍ താല്‍പര്യം കാണിക്കും.. ആവശ്യങ്ങളുടെ നീണ്ട നിരയില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ, ഈശ്വരനില്‍ ലയിക്കുവാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only