👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 01 സെപ്റ്റംബർ 2021)
🔳ജാലിയന്‍ വാലാബാഗില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. രക്തസാക്ഷിത്വത്തിന്റെ അര്‍ഥമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയന്‍വാലാബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തില്‍ ലൈറ്റ് ഷോ ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്ന് അകന്നുനിന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവരെ അപകീര്‍ത്തിപ്പെടുത്താനാവൂ എന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.

🔳ജാലിയന്‍വാലാബാഗ് നവീകരണത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം  തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നവീകരണം ഏറ്റവും മികച്ചതാണെന്നും നവീകരണത്തില്‍ താന്‍ സംതൃപ്തെന്നും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ഇതോടെ വിവാദം കോണ്‍ഗ്രസിനുള്ളിലും മുറുകുകയാണ്.

🔳പാകിസ്താനിലേക്ക് പോകാന്‍ രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികള്‍ ആലപ്പുഴയിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീലങ്ക വഴിയാണ് തീവ്രവാദികള്‍ കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക തീരദേശ അതിര്‍ത്തികളില്‍ അതിജാഗ്രതാനിര്‍ദേശം നല്‍കി.

🔳കൊവിഡ് വാക്സിനേഷനില്‍ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. ഒരു കോടി എട്ട് ലക്ഷം ഡോസ് വാക്സീനാണ് ഇന്നലെ ആറുമണി വരെ നല്‍കിയത്. ഓഗസ്റ്റ് 27ലെ ഒരു കോടി മൂന്ന് ലക്ഷം ഡോസ് എന്ന് റെക്കോര്‍ഡാണ് ഇന്നലെ തിരുത്തിയത്. ആദ്യ ഡോസ് വാക്സീന്‍ നല്‍കിയവരുടെ എണ്ണം അന്‍പത് കോടിയും ആകെ ഡോസുകളുടെ എണ്ണം 65 കോടിയും കടന്നു. അതേസമയം ഇതുവരെ  14 കോടി ആളുകള്‍ക്കാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സീനും നല്‍കിയിട്ടുള്ളത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 70 ശതമാനം രോഗികളും കേരളത്തില്‍. 43,068 കോവിഡ് രോഗികളില്‍ 30,203 രോഗികളും കേരളത്തിലാണ്.  ഇന്നലത്തെ  മരണങ്ങളില്‍ 24 ശതമാനം മരണം മാത്രമാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 462 മരണങ്ങളില്‍ 115 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 58.73 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,72,722 സജീവരോഗികളില്‍ 2,18,921 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

🔳വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എണ്‍പത്  ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എണ്‍പത്  ശതമാനം  പൂര്‍ത്തീകരിച്ചത്. വാക്‌സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍  തിരുവനന്തപുരം, ഇടുക്കി,  കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

🔳വ്യാപനശേഷി കൂടിയ പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.

🔳ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ്  പി കെ ശശിക്ക് നിയമനം നല്‍കിയത്. ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി കെ ശശി. പീഡന പരാതിയെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നല്‍കാതെ ശശിയെ മാറ്റിനിര്‍ത്തുകയായിരുന്നു. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പി കെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

🔳തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്‌സണെ വെട്ടിലാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പണം തിരികെ നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചെയര്‍പേഴ്‌സണിന്റെ മുറിക്ക് പുറത്തുനിന്നുളള അവ്യക്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.

🔳നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ കോഴിക്കോട് കക്കടാംപൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മ്മിച്ച തടയിണകള്‍ പൊളിച്ച് നീക്കാന്‍ കോഴിക്കോട് കളക്ടറുടെ ഉത്തരവ്. പിവിആര്‍ നാച്വര്‍ റിസോര്‍ട്ടിന് വേണ്ടി നിര്‍മ്മിച്ച നാല് തടയിണകളാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. പാര്‍ക്ക് ഉടമകള്‍ തടയണ പൊളിക്കാന്‍ തയാറായില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്റെ ചിലവ് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

🔳അധികാരികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് തടയാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. സ്വര്‍ണ്ണക്കടത്ത്  ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയാണ്. കസ്റ്റംസ് ജാഗ്രത പുലര്‍ത്തുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പല കാരണങ്ങളാല്‍ കള്ളക്കടത്ത് തടയാന്‍ സാധിക്കുന്നില്ല. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

🔳കുര്‍ബാന ഏകീകരണത്തെക്കുറിച്ച്  അസത്യ പ്രചാരണം നടക്കുന്നുവെന്ന്  സിറോമലബാര്‍ സഭ മീഡിയ കമ്മീഷന്‍.  മൂന്നിലൊന്ന് ബിഷപുമാര്‍ എതിര്‍ത്തിട്ടും തീരുമാനം അടിച്ചേല്‍പ്പിച്ചതാണെന്ന പ്രചാരണം ശരിയല്ല. തീരുമാനം നടപ്പാക്കിയത് ഐക്യകണ്ഠേന ആണെന്നും മീഡിയ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

🔳എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്  കൊടിക്കുന്നില്‍ സുരേഷ്.  വിശദമായ ചര്‍ച്ചയാണ് നടന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് തരത്തിലുള്ള ചര്‍ച്ചയാണ് ആഗ്രഹിച്ചതെന്ന് അറിയില്ല. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വേണ്ടതെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ സി വേണുഗോപാല്‍ ഒരു അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

🔳സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റ് വേണം. ഇത്തരം വെബ്  സൈറ്റ് സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകും എന്നും കോടതി പറഞ്ഞു. ഡിജിറ്റല്‍ പഠനസൗകര്യം ഇല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

🔳ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ടൈംടേബിളുകള്‍ പുതുക്കിയത്. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ ഹയര്‍ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ ആറ് മുതല്‍ 27 വരെയാകും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ എന്നത് സെപ്റ്റംബര്‍ ഏഴ് മുതല്‍ 27 വരെയാകും.

🔳സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂര്‍ സിപിഎമ്മിലെ ജില്ലാ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

🔳ചരക്കുലോറികളിലും ട്രക്കുകളിലും കൊണ്ടുവരുന്ന സാധനങ്ങളുടെ കയറ്റിറക്കുകൂലി ഇനി നല്‍കില്ലെന്ന് ലോറി ഉടമകള്‍. ട്രക്ക്, ലോറി ഉടമാ സംഘടനകളുടെ കണ്‍സോര്‍ഷ്യമാണ് ഈ തീരുമാനമെടുത്തത്. ഇതുവരെ ലോറിവാടകയില്‍നിന്നാണ് കയറ്റിറക്കുകൂലി നല്‍കിവന്നത്. ഇനി കയറ്റിറക്കുകൂലി മൊത്തവ്യാപാരികള്‍ നല്‍കേണ്ടിവരും. ഇത് വിലക്കയറ്റത്തിനു കാരണമാകാന്‍ സാധ്യതയുണ്ട്.

🔳തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു.

🔳അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ 1789.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 1402 മില്ലിമീറ്റര്‍ മാത്രമാണ് പെയ്തത്.

🔳മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബാഹുബലി താരം റാണ ദഗ്ഗുബാട്ടി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബര്‍ എട്ടിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളതാണെന്ന് സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് നോട്ടീസ്.
  
🔳മൈസൂരു കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. ലോറി ഡ്രൈവര്‍ വിജയകുമാറിനെ തമിഴ്നാട്ടില്‍ നിന്നാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത്. കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായത്. ഇവര്‍ക്കായി തമിഴ്നാട്ടില്‍  തെരച്ചില്‍ ശക്തമാക്കിയിരുന്നു.

🔳ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്കുള്ള തിരിച്ചൊഴുക്ക് തുടരുന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ബിഷ്ണുപുര്‍ എംഎല്‍എ തന്‍മയ് ഘോഷ് തൃണമൂലിലെത്തിയതിന് പിന്നാലെ ഇന്നലെ ബിശ്വജിത് ദാസാണ് പാര്‍ട്ടി വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്.

🔳താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി. ദോഹയില്‍ താലിബാന്‍ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറാണ് ചര്‍ച്ച നടത്തിയത്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് താലിബാനോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അഫ്ഗാന്‍ മണ്ണ് ഭീകരവാദികള്‍ക്ക് താവളമാകരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

🔳അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യു.എസ്. ഹെലിക്കോപ്റ്ററുമായി കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പട്രോളിങ് നടത്തുന്ന കോപ്റ്ററില്‍ നിന്ന് കയറില്‍ ഒരു ശരീരം തൂങ്ങിയാടുന്ന വീഡിയോയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരടക്കമുളളവര്‍ പങ്കുവെച്ചത്. വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ മനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ, സുരക്ഷയെ കരുതി ആരെയെങ്കിലും താഴേക്കിറക്കാനുളള ശ്രമമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ താലിബാന്റെ ക്രൂരതകളിലൊന്നായാണ് ലോകം ഈ വീഡിയോയെ നോക്കിക്കാണുന്നത്.

🔳ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാന്‍ വിഭാഗമായ ഐ.എസ്.-കെയ്‌ക്കെതിരേ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് യു.കെ. അഫ്ഗാനില്‍ ഐ.എസ്.-കെയുടെ 2000-ല്‍ അധികം ഭീകരരുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്.

🔳ടോക്കിയോ പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്നലെ രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടിയപ്പോള്‍ ശരദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗില്‍ സിംഗ്രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു.

🔳ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടെങ്കിലും ടീം ഇന്ത്യയെ എഴുതിത്തള്ളരുത് എന്ന് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡില്‍ 36 റണ്‍സില്‍ പുറത്തായ ശേഷം വിസ്മയ തിരിച്ചുവരവ് നടത്തി ഐതിഹാസിക പരമ്പര വിജയം ഇന്ത്യ നേടിയത് ഓര്‍മ്മിപ്പിച്ചാണ് നാസറിന്റെ വാക്കുകള്‍.

🔳അഫ്ഗാനിസ്ഥാന്‍ ജനതയുടെ പലായനം തുടരുന്നതിനിടെ താലിബാന്‍ ഭരണത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇക്കുറി വളരെ നല്ല ഉദേശത്തോടെയാണ് താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നതെന്നും അവര്‍ സ്ത്രീകള്‍ക്കും ക്രിക്കറ്റിനും അനുകൂലമാണ് എന്നുമാണ് അഫ്രീദിയുടെ വാക്കുകള്‍. അഫ്ഗാന്‍ ജനത കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സമയത്തുള്ള അഫ്രീദിയുടെ ഈ പ്രതികരണം വലിയ വിമര്‍ശനത്തിന് വഴിതുറന്നുകഴിഞ്ഞു.  

🔳ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എല്ലാ ഓര്‍മകള്‍ക്കും നന്ദിയെന്നും ഏറ്റവും പ്രിയപ്പെട്ട കളിയില്‍ നിന്ന് വിരമിക്കുന്നുവെന്നും 38കാരനായ സ്റ്റെയ്ന്‍ ട്വീറ്റില്‍ പറഞ്ഞു.

🔳യു എസ് ഓപ്പണില്‍ ബ്രിട്ടന്റെ ആന്‍ഡി മറേ ആദ്യ റൗണ്ടില്‍ പുറത്തായി. മൂന്നാം സീഡ് സ്റ്റെഫാനോസ് സറ്റ്സിപാസാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറേയെ മറികടന്നത്. രണ്ടാം സീഡ് ഡാനില്‍ മെദ്വദേവ്, ഗ്രിഗര്‍ ദിമിത്രോവ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ നവോമി ഒസാക്ക ജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നു.

🔳മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബിന് എപ്പോഴും തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരവുമായുള്ള കരാര്‍ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 2003 മുതല്‍ 2009 വരെ യുണൈറ്റഡിനായി കളിച്ച താരമാണ് റൊണാള്‍ഡോ. പിന്നീട് താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് പോകുകയായിരുന്നു.
  
🔳കേരളത്തില്‍ ഇന്നലെ 1,60,152 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി 81 നഗര തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും 215 ഗ്രാമ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468.

🔳രാജ്യത്ത് ഇന്നലെ 43,068 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,105 പേര്‍ രോഗമുക്തി നേടി. മരണം 462. ഇതോടെ ആകെ മരണം 4,39,054 ആയി. ഇതുവരെ 3,28,10,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.72 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,512 പേര്‍ക്കും കര്‍ണാടകയില്‍ 1217 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1115 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,74,232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,27,908 പേര്‍ക്കും ബ്രസീലില്‍ 24,589 പേര്‍ക്കും റഷ്യയില്‍ 17,813 പേര്‍ക്കും   ഇംഗ്ലണ്ടില്‍ 32,181 പേര്‍ക്കും ഫ്രാന്‍സില്‍ 19,425 പേര്‍ക്കും തുര്‍ക്കിയില്‍ 21,893 പേര്‍ക്കും ഇറാനില്‍ 31,319 പേര്‍ക്കും മലേഷ്യയില്‍ 20,830 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.84 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,806 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,187 പേരും ബ്രസീലില്‍ 882 പേരും റഷ്യയില്‍ 795 പേരും ഇറാനില്‍ 643 പേരും   ഇന്‍ഡോനേഷ്യയില്‍ 532 പേരും സൗത്ത് ആഫ്രിക്കയില്‍ 431 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.31 ലക്ഷം.

🔳ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോര്‍ജ പാനല്‍ നിര്‍മാണക്കമ്പനിയായ ആര്‍ഇസി ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കും. ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കല്‍ കമ്പനിയായ ചെംചൈനയുടെ സഹോദര സ്ഥാപനമാണ് സിങ്കപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂവബിള്‍ എനര്‍ജി കോര്‍പറേഷന്‍. 1200 കോടി രൂപയുടെതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3500 കോടി രൂപയെങ്കിലും ആഗോളതലത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് കമ്പനിയുടെ പ്രധാന ഉത്പന്നം.

🔳2022 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്ത്യന്‍ ജിഡിപിയില്‍ വന്‍ കുതിപ്പുണ്ടാവുമെന്ന് പ്രവചനം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് വന്‍ കുതിപ്പുണ്ടാവുക. ജനങ്ങളുടെ ഉപഭോഗത്തിലുണ്ടാവുന്ന വര്‍ധനവാണ് ജിഡിപിയെ സ്വാധീനിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 20.1 ശതമാനം നിരക്കിലാവും ജിഡിപി വളരുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 24.4 ശതമാനം ഇടിവുണ്ടായപ്പോഴാണ് 2022ല്‍ 20.1 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടാവുക.

🔳അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഗോള്‍ഡ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അജ്മല്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അടുത്തതായി താന്‍ അഭിനയിക്കുക ഈ സിനിമയില്‍ ആയിരിക്കുമെന്നും അജ്മല്‍ പറഞ്ഞു.

🔳ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലെ
ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ കടന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ പിന്നില്‍ രണ്ടാമത്.

🔳ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ വൈഇസെഡ്എഫ് ആര്‍ 15 വേര്‍ഷന്‍ 3.0യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ലോഞ്ചിന് മുന്‍പായി പുത്തന്‍ യമഹ വെഇസെഡ്എഫ് ആര്‍ 15ന്റെ ചിത്രങ്ങള്‍ അനൗദ്യോഗികമായി പുറത്ത് വന്നു. അടിസ്ഥാന വെഇസെഡ്എഫ് ആര്‍ 15 കൂടാതെ വെഇസെഡ്എഫ് ആര്‍ 15എം എന്നൊരു പുതിയ പതിപ്പും യമഹ വിപണിയിലെത്തിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 1.56-1.58 ലക്ഷം രൂപയാണ് യമഹ വെഇസെഡ്എഫ് ആര്‍ 15ന്റെ വില. ഏകദേശം 5,000-10,000 രൂപ പുത്തന്‍ മോഡലിന് വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

🔳തീവ്രവാദവും വര്‍ഗ്ഗീയതും ആരുടെ പ്രയോഗ രീതികളാണെന്ന് അതിന്റെ ഇരകളാകുന്നവര്‍ക്ക് പേലുമറിയില്ല. വംശീയതയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നുണകളാണ്. നുണകള്‍ നിരന്തരം പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിന്റെ തന്ത്രം. 'ഢ്യം'. റ്റി എസ് കിഷോര്‍. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 126 രൂപ.

🔳മുഖം സുന്ദരമായിരിക്കാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൈകളും കാലുകളും ഇതുപോലെ ഭംഗിയായി സൂക്ഷിക്കാന്‍ പലരും ശ്രമിക്കാറില്ല.  വിരലുകള്‍ ഭംഗിയായി സൂക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത് അവ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. നഖം വളര്‍ത്തുന്നവര്‍ കൃത്യമായി അത് ഷേപ്പ് ചെയ്തു ഇടയ്ക്കുള്ള ചെളി കളയുകയും ചെയ്യുക. രാത്രി കിടക്കുന്നചിന് മുമ്പ് ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം കയ്യില്‍ നന്നായി തേച്ച് പിടിപ്പിക്കുക. പതിവായി ഇത് ചെയ്യുന്നത് വിരലുകള്‍ മൃദുവും ഭംഗിയുള്ളതുമാകാന്‍ സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ കൈകള്‍  മുക്കിവയ്ക്കുക.  ഇത് കൈകളിലെ അഴുക്ക്, കറുത്തപാടുകള്‍ എന്നിവയെ അകറ്റാനും വരണ്ട ചര്‍മ്മം മാറാനും സഹായിക്കും. ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഗ്ലിസറിന്‍ ചേര്‍ക്കുക. ഇതില്‍ ഗ്ലിസറിന്‍ എടുത്ത അതേ അളവില്‍ തേനും കൂട്ടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം കൈകളില്‍ പുരട്ടാം. വാഴപ്പഴം മിക്സിയിലടിച്ച് കൈയില്‍ പുരട്ടാം. പതിനഞ്ചു മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇത് പതിവായി ചെയ്താല്‍ കൈകളുടെ വരള്‍ച്ച മാറിക്കിട്ടും. പുറത്ത് പോകുമ്പോള്‍ മുഖത്തും കഴുത്തിലും മാത്രമല്ല കയ്യിലും സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടാന്‍ മറക്കരുത്.

*ശുഭദിനം*
*കവിത കണ്ണന്‍*
മകന്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അച്ഛന്റെ കയ്യില്‍ കൊടുത്തു തല കുനിച്ച് നില്‍ക്കുയാണ്.  അച്ഛന്‍ ആ റിപ്പോര്‍ട്ടിലേക്ക് ശ്രദ്ധിച്ചുനോക്കി.  പലതിലും മാര്‍ക്ക് വളരെ കുറവ്.  ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍് ഉന്നതപദവി വഹിക്കുന്ന അച്ഛന്റെയും കോളേജ് അധ്യാപികയായ അമ്മയുടേയും മകനാണ് അയാള്‍. പക്ഷേ ആ അച്ഛനും അമ്മയും അവനെ വഴക്കുപറയാനൊന്നും പോയില്ല.  പരീക്ഷയില്‍ മാര്‍ക്കു കൂടുതല്‍ കിട്ടുന്നത് നോക്കിയല്ല മിടുക്കു വിലയിരുത്തേണ്ടത് എന്ന് അവര്‍ക്ക് അറിയാമായിരുന്നു.  ഇത് സത്യനാരായണന്‍. 1967ല്‍ ഹൈദരാബാദിലാണ് സത്യനാരായണന്‍ ജനിച്ചത്.  കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനോട് അവന് വലിയ കമ്പമായിരുന്നു.  ഈ ഭ്രമം കൂടികൂടിയാണ് പഠിത്തമൊക്കെ ഒരുവഴിയായത്.  പക്ഷേ, സ്‌കൂളില്‍ മികച്ച ക്രിക്കറ്റ് ടീമിനെ സത്യയും കൂട്ടുകാരും രൂപപ്പെടുത്തിയിരുന്നു.  ഈ ക്രിക്കറ്റിന് പുറമേ മറ്റൊരു വിനോദം കൂടി സത്യക്ക് ഉണ്ടായിരുന്നു.  കയ്യില്‍ കിട്ടുന്നതൊക്കെ ഉപയോഗിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കുക.  അവന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അച്ഛനമ്മമാര്‍ അവനൊരു കംപ്യൂട്ടര്‍ വാങ്ങിക്കൊടുത്തു.  ഇതോടെ കമ്പം കംപ്യൂട്ടറിലേക്കായി.  പ്രോഗ്രാമുകളുടേയും കോഡുകളുടേയും ലോകം തനിക്കായി കാത്തിരിക്കുന്നതായി സത്യ മനസ്സിലാക്കി.  അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷം സോഫ്‌ട്വെയര്‍ ഡെവലപ്പറായി ആദ്യ ജോലി.  അവിടെ നിന്നും മൈക്രോസോഫ്ടിലേക്ക്. ജോലിയിലെ മിടുക്കും മനുഷ്യത്വപൂര്‍ണ്ണമായ സമീപനവും സത്യയെ മൈക്രോസോഫ്റ്റിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റി.  ലിങ്ക്ഡ് ഇന്‍ പോലെയുള്ള മികച്ച ആപ്പുകള്‍ സത്യയുടെ മേല്‍നോട്ടത്തില്‍ മൈക്രോസോഫ്ട് ഏറ്റെടുത്തു.  ഇന്ന് മൈക്രോസോഫ്ട് കമ്പനിയുടെ ഉന്നതപദവിയായ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന സത്യ നാദെല്ല എന്ന ക്ലൗഡ് ഗുരു 2020ല്‍ വാങ്ങിയ ശമ്പളം 300 കോടിയിലധികം രൂപയാണ്.  എല്ലാ മേഖലകളും നമുക്ക് വിജയം സമ്മാനിക്കാറില്ല, പക്ഷേ, നമുക്ക് പ്രിയപ്പെട്ട മേഖലകളില്‍ കഠിനാധ്വാനം ചെയ്താല്‍, ഉറപ്പായും വിജയം നമുക്കൊപ്പം തന്നെയായിരിക്കും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only