12 സെപ്റ്റംബർ 2021

ഓൺലൈൻ വായ്പാ തട്ടിപ്പ്: രണ്ട് പേർ പിടിയിൽ
(VISION NEWS 12 സെപ്റ്റംബർ 2021)

ഓൺലൈൻ വായ്പ നൽകാമെന്നു പറഞ്ഞു ഒട്ടേറെ മലയാളികളിൽ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ദില്ലി നിവാസികളായ മലയാളി സഹോദരന്മാർ പിടിയിൽ. വെസ്റ്റ് ദില്ലി രഗുബീർ നഗർ, വിവേക് പ്രസാദ്(29), വിനയ് പ്രസാദ്(23) എന്നിവരാണു പിടിയിലായത്. തൃശൂർ സൈബർ ക്രൈം പൊലീസ് ദില്ലിയിൽ നിന്നു അറസ്റ്റ് ചെയ്ത പ്രതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

പനങ്ങാട് സ്വദേശി പ്രഭിലാലിന് 2 ലക്ഷം രൂപം ഓൺലൈൻ ലോൺ നൽകാമെന്നു വിശ്വസിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ കൊച്ചി സിറ്റി സൈബർ പൊലീസും പനങ്ങാട് പൊലീസും അന്വേഷണം നടത്തവേയാണ് തൃശൂർ സൈബർ ക്രൈം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള പ്രതികളെ അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീൻ, പനങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസും പനങ്ങാട് പൊലീസും ചോദ്യം ചെയ്തു വരുന്നു.
മലപ്പുറം സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയാണു സംഘം തട്ടിയത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന 20 പേരാണു തട്ടിപ്പു സംഘത്തിലെന്ന് പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.

സ്ത്രീകൾക്ക് ഒരു ശതമാനവും പുരുഷൻമാർക്ക് 2 ശതമാനവും പലിശ നിരക്കിൽ ലോൺ ശരിയാക്കാം എന്ന മോഹന വാഗ്ദാനം നൽകി എസ്എംഎസ് വഴിയായിരുന്നു തട്ടിപ്പ്. കുടുങ്ങുന്നവരെ എക്സിക്യൂട്ടീവ് ഏജന്റ് എന്നു പരിചയപ്പെടുത്തി സംസാരിക്കുകയും ആധാർ, പാൻ കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ വാട്സാപ്പിലൂടെ വാങ്ങും. ലോൺ അപ്രൂവൽ അയച്ചു കൊടുക്കും. വിവിധ ഫിനാൻസ് സ്ഥാപനങ്ങളുടെ വെബ് വിലാസങ്ങളിൽ നിന്നു ലഭിക്കുന്ന എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് അയയ്ക്കും. എഗ്രിമെന്റ് ഫീസ് അടയ്ക്കാൻ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റു വിവരങ്ങളും നൽകും. എഗ്രിമെന്റ് ഫീസ് അടച്ചു കഴിഞ്ഞാൽ വാട്സാപ്പിലൂടെ എഗ്രിമെന്റ് ലെറ്റർ അയച്ചു കൊടുക്കും. ലോൺ തുക അക്കൗണ്ടിലേക്കു കയറുന്നില്ലെന്നും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും അതിന് വീണ്ടും തുക വേണമെന്നും പറഞ്ഞ് പണം ഈടാക്കും. എടിഎം കാർഡ് വഴി ദില്ലിയിൽ പണം പിൻവലിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയാണ് ഇവരുടെ തട്ടിപ്പ് രീതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only