15 സെപ്റ്റംബർ 2021

പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതം, വിവാദങ്ങള്‍; ഒടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി
(VISION NEWS 15 സെപ്റ്റംബർ 2021)
പാലക്കാട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തുമണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്.  നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇരുവരും വിവാഹ അപേക്ഷ സമര്‍പ്പിച്ചു. സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നമാണ് ഇനിയുള്ളതെന്ന് ഇരുവരും പറഞ്ഞു.

രാവിലെ പത്തുമണിയോടെ നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് റഹ്മാനും സജിതയുമെത്തുമ്പോള്‍ സ്വീകരിക്കാന്‍ നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളും എത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ വിവാഹ സമ്മാനം സ്വീകരിച്ച് സബ് രജിസ്ട്രാര്‍ക്ക് ഇരുവരും വിവാഹ അപേക്ഷ നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി. സ്വന്തമായൊരു വീടെന്ന ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാവുമെന്ന് കെ. ബാബു എംഎല്‍എ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്കി‍.


തന്‍റെ  വീട്ടിലെ ഒറ്റമുറിയിൽ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവിൽ പാർപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു. സ്വന്തം  ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവിൽ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയിൽ വച്ച് ബന്ധുക്കൾ  കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.


പാലക്കാട് ജില്ലയിലെ നെന്മാറയിലെ അരിയൂരിനടുത്തുള്ള കാരയ്ക്കാട്ടുപറമ്പ് എന്ന ഉള്‍ഗ്രാമത്തിലാണ് കേരളത്തെയാകെ അമ്പരിപ്പിച്ച സംഭവം നടക്കുന്നത്. സജിതയെ കാണാതാകുമ്പോള്‍  19 വയസ്സാണ് പ്രായം. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്മാനെയും യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാനം, പൊലീസും വീട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ട് പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റ് ഉണ്ടാകുന്നത്. 

യുവാവും യുവതിയും രണ്ട് മത വിഭാഗത്തില്‍പ്പെട്ടതായിരുന്നു. അന്ന് സജിതയ്ക്ക് 19 വയസ്സ്. റഹ്മാന് 24ഉം. ഇരുവരും അയല്‍വാസികള്‍. യുവാവിന്റെ വീട്ടില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ അകലെയാണ് യുവതിയുടെ വീട്. പ്രണയം വീട്ടില്‍ പറയാനുള്ള ധൈര്യം ഇരുവര്‍ക്കുമുണ്ടായില്ല. അങ്ങനെയാണ് പെണ്‍കുട്ടിയെ ഇയാള്‍ ആരുമറിയാതെ വീട്ടിനുള്ളിലെ മുറിയില്‍ എത്തിക്കുന്നത്.
 
തുടക്കത്തില്‍ യുവാവും മുറിവിട്ട് പുറത്തിറങ്ങിയില്ല. തന്റെ മുറിയിലേക്ക് ആരെയും പ്രവേശിപ്പിച്ചതുമില്ല. മുറിയിലേക്ക് വീട്ടുകാര്‍ കടക്കുന്നത് തടയാനായി ഇലക്ട്രിക് ജോലി അറിഞ്ഞിരുന്ന റഹ്മാന്‍ ചില പൊടിക്കൈകളും ചെയ്തിരുന്നു. ഒടുവില്‍ റഹ്മാനെ വീട്ടില്‍ നിന്ന് കാണാതാവുകയും പിന്നീട് റോഡില്‍ വച്ച് ബന്ധുക്കള് കണ്ടെത്തുകയും ചെയ്തതോടെയാണ് 10 വര്‍ഷത്തെ ഒറ്റമുറിയിലെ രഹസ്യ ജീവിതത്തിന്‍റെ ചുരുളഴിഞ്ഞത്.

പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ റഹ്മാനൊപ്പം സജിതയെയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയിൽ താമസിച്ചെന്ന വിവരം പുറത്തു വരുന്നത്. 10 വര്‍ഷത്തോളം സ്വന്തം വീട്ടില്‍ യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിന്റെ കഥ അവിശ്വസനീയതോടെയാണ് കേരളം കേട്ടത്. സ്വന്തം വീട്ടുകാരോ തൊട്ടയല്‍വാസികളോ അറിയാതെ ഇത്രയും നീണ്ട കാലയളവ് ഒരു സ്ത്രീയെ എങ്ങനെ ഒരു ചെറിയ മുറിക്കുള്ളില്‍ ഇയാള്‍ ഒളിച്ചുതാമസിപ്പിച്ചു എന്ന് നാല് കോണുകളില്‍ നിന്നും ചോദ്യവും സംശയവുമുയര്‍ന്നു. പക്ഷേ ഇവര്‍ പറയുന്ന കഥ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ലെന്നാണ് സംഭവം അന്വേഷിച്ച പൊലീസും പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only