02 സെപ്റ്റംബർ 2021

അയൽവാസിയായ നഴ്‌സ് കൃത്രിമശ്വാസം നല്‍കി ; കോവിഡ് ബാധിച്ച പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്
(VISION NEWS 02 സെപ്റ്റംബർ 2021)


തൃശൂര്‍ : കോവിഡ് ബാധിച്ച് ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച് നഴ്‌സ്. തൃശൂര്‍ പുതുക്കാട്ടാണ് സംഭവം. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്.
കോവിഡ് കാലമായതിനാല്‍ കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കി. ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, വീട്ടുകാര്‍ക്ക് 'ശ്വാസം' നേരെ വീണു.

ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛർദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയൽവാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാൽ ചുണ്ടോടു ചേർത്തു ശ്വാസം നൽകാനാവില്ല. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രീജ നിർദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏൽപിച്ചു ഭർത്താവിനെ വിളിക്കാൻ വീട്ടിലേക്ക് ഓടി.


കുഞ്ഞിനു ചലനമില്ലാത്തതിനാൽ ആശുപത്രിയിലെത്തും മുൻപു കൃത്രിമ ശ്വാസം നൽകിയില്ലെങ്കിൽ അപകടമാണെന്ന് മനസ്സിലാക്കിയ ശ്രീജ കോവിഡ് സാധ്യതയെല്ലാം മറന്നു ശ്വാസം നൽകി. ശ്രീജയുടെ ഭർത്താവ് പ്രമോദും അയൽവാസിയും ചേർന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.


അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡാണെന്നും സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോൾ ക്വാറന്റീനിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only