06 സെപ്റ്റംബർ 2021

'മിന്നല്‍ മുരളി' ഒടിടി റിലീസ് തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്
(VISION NEWS 06 സെപ്റ്റംബർ 2021)
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസിൽ ജോസഫ് - ടോവിനോ കൂട്ടുകെട്ടിലെത്തുന്ന മിന്നൽ മുരളി. ചിത്രം ഒടിടി റിലീസാണോ അതോ തീയേറ്റർ റിലീസ് ആകുമോ എന്ന കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. എന്നാൽ ഇന്ന് ഒരു സുപ്രധാന കാര്യം അറിയിക്കാനുണ്ടെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചതോടെ മിന്നൽ മുരളിയുടെ റിലീസ് തിയതിയാകും പ്രഖ്യാപിക്കുക എന്ന വിലയിരുത്തലിലാണ് ആരാധകർ. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന രീതിയിലാണ് പ്രഖ്യാപനത്തിനൊപ്പം നെഫ്ലിക്സ് പുറത്തിറക്കിയിരിക്കുന്ന ചെറു ടീസര്‍. എന്നാല്‍ ചിത്രം 'ഉടന്‍ എത്തു'മെന്നല്ലാതെ റിലീസ് തീയതി അറിയിച്ചിട്ടില്ല.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി'യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് നിലവില്‍ അറിയിച്ചിരിക്കുന്നത്. 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only