12 സെപ്റ്റംബർ 2021

ആയുര്‍വേദ മരുന്ന് കഴിക്കുമ്പോള്‍ മത്സ്യ-മാംസങ്ങള്‍ ഒഴിവാക്കണോ?
(VISION NEWS 12 സെപ്റ്റംബർ 2021)
രോഗശമനത്തിന് അനുയോജ്യമായ ആഹാരവിഹാരങ്ങൾ ശീലിക്കുന്നതിനെയാണ് പത്ഥ്യം എന്ന് പറയുന്നത്. രോഗങ്ങൾക്കുള്ള പ്രധാന കാരണം നമ്മൾ സ്വീകരിക്കുന്ന തെറ്റായ ജീവിത രീതികളാണ്. അതിനെയാണ് അപത്ഥ്യം എന്ന് പറയുന്നത്. ആയുർവേദ ചികിത്സയിൽ പത്ഥ്യം ഉണ്ട്, അത് വളരെ ബുദ്ധിമുട്ടാണ് എന്ന തെറ്റായ ധാരണ ജനങ്ങൾക്കിടയിലുണ്ട്. അതുമൂലം പലരും ആയുർവേദ ചികിത്സയിൽ നിന്ന് ഒഴിഞ്ഞുമാറാറുമുണ്ട്. ആയുർവേദ ചികിത്സയിൽ പത്ഥ്യം മുഖ്യം തന്നെയാണ്. ഒരോ രോഗിയിലും രോഗാവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങൾ വ്യത്യസ്തമായിരിക്കും. ഔഷധത്തിനും രോഗത്തിനും വിപരീതമായ ഗുണങ്ങളുള്ള ആഹാരവിഹാരങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുന്നതാണ് പത്ഥ്യം. ചില ഉദാഹരണങ്ങൾ സൂചിപ്പിക്കാം. കുട്ടികളിൽ ചുമയും കഫക്കെട്ടും ഉള്ള അവസ്ഥയിൽ തണുത്ത ആഹാരം, പാൽ, തൈര് എന്നിവ ഒഴിവാക്കാൻ നിർദേശിക്കുന്നു. ഇവയെല്ലാം കഫവർധകങ്ങളാണ്. ത്വഗ്രോഗങ്ങളിൽ പുളി, എരിവ്, ഉപ്പ് എന്നിവ കുറയ്ക്കാനും പ്രമേഹത്തിന് മധുരം കുറയ്ക്കാനും ഗൗട്ടി ആർത്രൈറ്റിസ് ഉള്ളവർ ചുവന്ന മാംസം, സീ ഫുഡ് എന്നിവ ഒഴിവാക്കാനും നിർദേശിക്കുന്നു. വാതരോഗികളിൽ എണ്ണ തേച്ചതിന് ശേഷം ചൂടുവെള്ളത്തിൽ ദേഹം കഴുകാൻ നിർദേശിക്കുന്നതും ചികിത്സാപത്ഥ്യമാണ്. ആയുർവേദത്തിൽ ഔഷധം സേവിച്ചുതുടങ്ങുന്ന സമയത്ത് പൂർണമായും മത്സ്യ-മാംസാഹാരങ്ങൾ ഒഴിവാക്കണം എന്നത് തെറ്റായ ധാരണയാണ്. ആയുർവേദ ചികിത്സയിൽ മാംസരസം, സൂപ്പ് എന്നിവയെല്ലാം ചില രോഗാവസ്ഥകളിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരു വ്യക്തി ഏത് ജീവിതസാഹചര്യത്തിലാണോ വളർന്നത്, ഏത് രീതികളാണോ ശീലിച്ചത് എന്നിവയെല്ലാം വളരെ പെട്ടെന്ന് മാറ്റുന്നതുതന്നെ രോഗകാരണമാകാം. അഹിതമായ മിശ്രണങ്ങൾ ഭക്ഷിക്കുന്ന ഏത് പദാർഥവും അത് ആഹാരമായാലും ഔഷധമായാലും ദോഷങ്ങളെ ശരീരത്തിൽ നിന്ന് പുറത്തേക്ക് കളയുന്നില്ല എങ്കിൽ അവ അഹിതമാണ്. മാങ്ങ, അമ്പഴങ്ങ, മാതളനാരങ്ങ, ചെറുനാരങ്ങ, ഞാവൽപ്പഴം, നെല്ലിക്ക തുടങ്ങിയ പുളിയുള്ള പദാർഥങ്ങൾ കഴിക്കുമ്പോൾ കൂടെ പാല് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മത്സ്യ വിഭവങ്ങൾ ഉള്ളപ്പോഴും പാൽ ഒഴിവാക്കുന്നതാണ് നല്ലത്. മത്സ്യം ഉഷ്ണവീര്യവും പാൽ ശീതവീര്യവുമാണ്. തേനും നെയ്യും സമം ചേർത്ത് ഉപയോഗിക്കരുത്. നെയ്യ് സേവിച്ചിട്ട് മീതെ തണുത്ത പദാർഥം കഴിക്കുന്നതും ഒഴിവാക്കണം. (വൈദ്യരത്നം നഴ്സിങ് ഹോമിലെ മെഡിക്കൽ സൂപ്രണ്ട് ആണ് ലേഖിക)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only