12 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 12 സെപ്റ്റംബർ 2021)
🔳 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളത് മലയാളിക്ക്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ കടബാധ്യത കേരളത്തിലുള്ളവര്‍ക്കാണ്. ഇതരസംസ്ഥാനങ്ങളില്‍ നഗരമേഖലയിലുള്ളവര്‍ക്കാണ് കൂടുതല്‍ കടബാധ്യത. കേരളത്തിലാവട്ടെ ഗ്രാമീണമേഖലയിലുള്ളവര്‍ക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടം-നിക്ഷേപ സര്‍വേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തില്‍ ഗ്രാമീണമേഖലയില്‍ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളില്‍ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. ദേശീയതലത്തില്‍ ഗ്രാമീണകുടുംബത്തിന്റെ ശരാശരികടം 60,000 രൂപയും നഗരകുടുംബത്തിന്റേത് 1.2 ലക്ഷം രൂപയുമാണ്.

🔳അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടണമെന്ന് വാണിജ്യകാര്യ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നാണ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. അതേസമയം ഇന്ത്യ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടാല്‍ കേരളത്തെ അത് സാരമായി ബാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കുന്നത് സംസ്ഥാനത്തിന്റെ പരമ്പരാഗത മേഖലകളെ ബാധിക്കുമെന്നും ക്ഷീരം, കോഴിവളര്‍ത്തല്‍ തുടങ്ങിയ മേഖലകളിലൊക്കെ തിരിച്ചടിയുണ്ടാവുമെന്നും ബാലഗോപാല്‍ പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ വിശദീകരണവുമായി പാലാ രൂപത. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയതെന്ന് സഹായമെത്രാന്‍ വിശദീകരിച്ചു. ഇത് ഏതെങ്കിലും സമുദായത്തിന് എതിരല്ല. ആരെയും വേദനപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഹായമെത്രാന്‍ അഭ്യര്‍ത്ഥിച്ചു.

🔳പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രയോഗം തെറ്റായിപ്പോയെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഉപയോഗിച്ചുകൂടാത്ത വാക്കാണ് പാലാ ബിഷപ്പ് പറഞ്ഞത്. പറയുന്ന കാര്യങ്ങളില്‍ സഭാ നേതൃത്വം ജാഗ്രത കാട്ടണമെന്നും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സിപിഎം. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി പറഞ്ഞു. വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

🔳കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

🔳നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ബിഷപ്‌സ് ഹൗസിന് മുന്നില്‍ റാലി. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,287 കോവിഡ് രോഗികളില്‍ 65.48 ശതമാനമായ 20,487 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 338 മരണങ്ങളില്‍ 53.55 ശതമാനമായ 181 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,80,458 സജീവരോഗികളില്‍ 61 ശതമാനമായ 2,31,829 രോഗികളും കേരളത്തിലാണുള്ളത്.

🔳കണ്ണൂര്‍ സര്‍വകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകള്‍ക്ക് സിലബസില്‍ ഇടം നല്‍കിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന് സര്‍വകലാശാല അറിയിച്ചതായി ആര്‍ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

🔳കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് തയ്യാറാക്കിയതില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്ന് സുനില്‍ പി ഇളയിടം. ഇത്തരത്തിലുള്ള ആശയങ്ങളോ അതുള്‍ക്കൊള്ളുന്ന പാഠഭാഗങ്ങളോ പഠിച്ചു കൂടെന്നോ പഠിപ്പിച്ചു കൂടെന്നോ പറയാനാവില്ല. പക്ഷെ അത് എങ്ങനെ പഠിപ്പിക്കണം എന്ന കാര്യത്തില്‍ ഈ സിലബസിന് വ്യക്തത ഉള്ളതായി തോന്നുന്നില്ല. വിമര്‍ശനാത്മക പഠനത്തിന്റെ പരിപ്രേക്ഷ്യം ഇതില്‍ കാണാനില്ല. അതു കൊണ്ട് ആ ഭാഗം ഹിന്ദുത്വത്തിന്റെ പഠന യൂണിറ്റായി മാറാനുള്ള എല്ലാ സാഹചര്യവും ഉണ്ടെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു.

🔳ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരമൊരു വിമര്‍ശനം ശരിയല്ലെന്നും കെകെ ശിവരാമനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യുട്ടീവിന്റെ തീരുമാനമല്ലെന്നും ഉത്തര്‍പ്രദേശും കേരളവും വ്യത്യസ്തമാണെന്നും അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണെന്നും കാനം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിച്ച കാനം കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രമിക്കരുതെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫില്‍ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന്, പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീല്‍. ലൈംഗീകാധിക്ഷേപത്തില്‍ നടപടിയെടുക്കാതെ ലീഗ് പിന്‍മാറിയതിനു കാരണം ചില ഇടപെടലുകളാണ്. ലീഗ് നേതൃത്വം എടുത്ത തീരുമാനം ഏകപക്ഷീയമാണ്. ഹരിതയുടെ വാദത്തിന് പുല്ലുവില പോലും നല്‍കിയില്ല. വ്യക്തികളുടെ മനോഭാവത്തിനെതിരെയുള്ള ഈ പോരാട്ടത്തെ ഗ്രൂപ്പ് വല്‍ക്കരിക്കരുത്. വനിതാ കമ്മിഷനില്‍ പത്തുപേരില്‍ ഒരാളായി ഒപ്പു വച്ച നിലപാടില്‍ ഉറച്ച് നിന്ന് പ്രത്യക്ഷ രാഷ്ട്രീയം അവസാനിപ്പിക്കുകയാണ്. മിന ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

🔳പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂര്‍ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തില്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

🔳സ്ലീപ്പര്‍ ഉള്‍പ്പെടെ നൂറ്് ആധുനിക ബസുകള്‍ കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കുന്നു. 44.64 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരളപ്പിറവിദിനത്തില്‍ ആദ്യഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണു ശ്രമം.

🔳കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്ജിനെതിരെ പ്രതിഷേധം ശക്തമാണ്. ലോഡ്ജിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് പൊലീസ് ലോഡ്ജ് അടച്ചുപൂട്ടിയത്.

🔳സ്വകാര്യവത്കരണത്തിന് പ്രാധാന്യം നല്‍കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ മുന്നോട്ട് പോക്കിന് വീണ്ടും വിമര്‍ശനം. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ് വിമര്‍ശനം ഉന്നയിച്ചത്. പൊതുമേഖലയില്‍ മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിലൂടെ സ്വകാര്യവത്കരണം വഴിയുണ്ടാകുന്ന നേട്ടമുണ്ടാക്കാനാവുമെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
'കാര്യമായ നിയന്ത്രണങ്ങളില്ലാതെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ചാല്‍ അത് മൊണോപൊളിക്ക് കാരണമാകുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

🔳ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ഗവര്‍ണറെ കണ്ട് വിജയ് രൂപാണി രാജിക്കത്ത് നല്‍കി. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഗുജറാത്തിലെ വിശാല താല്‍പര്യം പരിഗണിച്ചാണ് രാജിയെന്നും പാര്‍ട്ടിയുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കി. പാര്‍ട്ടി എന്ത് ചുമതല ഇനി ഏല്‍പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. തന്ന അവസരങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞു.

🔳തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമന്‍സയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യലിനായി ഈ മാസം 21-ന് ന്യൂഡല്‍ഹിയില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ആറിന് ഇതേ കേസില്‍ അഭിഷേകിനെ എട്ടുമണിക്കൂര്‍ ന്യൂഡല്‍ഹിയില്‍ ചോദ്യംചെയ്തിരുന്നു.

🔳അതിശക്തമായ മഴയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ പലയിടത്തും വന്‍ വെള്ളക്കെട്ടുകള്‍. നാല്‍പ്പത്താറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ 1000 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പെയ്തിറങ്ങിയത്.

🔳അന്വേഷണ, സുരക്ഷാ ഏജന്‍സികളെ വലച്ച് സന്ദേശങ്ങളുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനിമുതല്‍ ബാക്കപ്പ്‌ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍നിന്ന് വീണ്ടെടുക്കാനാവില്ല. ഇതിനായി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കും. സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കുന്നതോടെ അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയാവും. പുതിയ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതിനെ ചില രാജ്യങ്ങള്‍ എതിര്‍ക്കുന്നുണ്ടെന്ന് വാട്സാപ്പ് സി.ഇ.ഒ. വില്‍ കാത്കാര്‍ട്ട് സമ്മതിച്ചു. എന്നാല്‍, ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നത് കമ്പനിയെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ 53 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്.

🔳ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയോട് ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നികുതിയുമായി ബന്ധപ്പെട്ട ഇളവുകളെ സംബന്ധിച്ച് അതിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്ല നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

🔳ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്.

🔳ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണറായ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്.

🔳മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ ഐപിഎല്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐപിഎല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നും വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

🔳പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലേക്കുമുള്ള തിരിച്ചുവരവ് ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഘോഷമാക്കിയപ്പോള്‍, ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

🔳ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസ്സിയും നെയ്മറും ഏയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ ഇറങ്ങിയിട്ടും പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. ഹോം മത്സരത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു പി എസ് ജി തുരത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 1,34,861 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 . പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 11 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79 ശതമാനമായ 2,26,89,078 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 31 ശതമാനമായ 88,86,064 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284.

🔳രാജ്യത്ത് ഇന്നലെ 31,287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,880 പേര്‍ രോഗമുക്തി നേടി. മരണം 338. ഇതോടെ ആകെ മരണം 4,42,688 ആയി. ഇതുവരെ 3,32,32,168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.80 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3075 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,639 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,145 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,39,724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 69,198 പേര്‍ക്കും ബ്രസീലില്‍ 14,314 പേര്‍ക്കും റഷ്യയില്‍ 18,891 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,547 പേര്‍ക്കും തുര്‍ക്കിയില്‍ 22,923 പേര്‍ക്കും ഇറാനില്‍ 16,654 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 26,303 പേര്‍ക്കും മലേഷ്യയില്‍ 19,950 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.50 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,494 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 713 പേരും ബ്രസീലില്‍ 635 പേരും റഷ്യയില്‍ 796 പേരും ഇറാനില്‍ 444 പേരും മെക്സിക്കോയില്‍ 699 പേരും മലേഷ്യയില്‍ 592 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.37 ലക്ഷം.

🔳കോവിഡ് പ്രതിസന്ധി കാലത്തും നേട്ടത്തിന്റെ തിളക്കവുമായി വീണ്ടും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 'ഫോബ്സ് ഏഷ്യ ബെസ്റ്റ് കമ്പനീസ് അണ്ടര്‍ എ ബില്യണ്‍ 2021' ലിസ്റ്റിലാണ് വി-ഗാര്‍ഡ് ഇടം നേടിയത്. ഏഷ്യയിലെ തന്നെ ലിസ്റ്റ് ചെയ്ത 20,000 കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 200 കമ്പനികളുടെ മുന്‍നിരയിലാണ് വി-ഗാര്‍ഡ്. വിറ്റുവരവില്‍ 10 ദശലക്ഷം ഡോളറിന് മുകളില്‍ ഒരു ലക്ഷം കോടി ഡോളര്‍ വരെ നേടിയ കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും മികച്ചതായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 26 കമ്പനികളാണ്, ഇതില്‍ മുന്‍ നിരയില്‍ തന്നെയാണ് വി-ഗാര്‍ഡ് എത്തിയത്. 1,487 മില്യണ്‍ ഡോളറാണ് വി-ഗാര്‍ഡിന്റെ വിറ്റുവരവ്.

🔳ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. ഖനനം, ഊര്‍ജം, നിര്‍മിതോല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്. എന്നാല്‍, രാജ്യത്തെ ഉല്‍പ്പാദന തോത് ഇപ്പോഴും കൊവിഡിന് മുന്‍പുളള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണ്.

🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വില്‍സനാണ്. ഇപ്പോഴിതാ ചിത്രത്തില്‍ സെന്തില്‍ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയന്‍. ചിരുകണ്ടന്‍ എന്ന കഥാപാത്രത്തെയാണ് സെന്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായി ചിരുകണ്ടന്‍ പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ടാവുമെന്ന് വിനയന്‍ കുറിക്കുന്നു.

🔳ഉയരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം കാണെ കാണെയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബര്‍ 17നു റിലീസ് ചെയ്യും. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

🔳വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ്. സെഡാന്റെ ആഭ്യന്തര വിപണിയിലെ വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടു. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നാണ് സിയാസ്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ബിഎസ് 6 സിയാസ് ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും.

🔳ജ്ഞാനസ്നാനം, ഒരു വിശ്വസങ്കല്‍പ്പവും പാല്‍കടലില്‍ മുങ്ങിക്കുളിക്കുക എന്നത് ഒരു ദിവ്യദര്‍ശനമാകുന്നു. വാക്കും ചിന്തയും സംസ്‌കരിച്ചുകൊണ്ടാണ് സംസ്‌കാരം. മനുഷ്യമനസ്സ് ഭാവസാന്ദ്രമായ ഊര്‍ജ്ജ സമാഹാരമാകുന്നു. നമ്മിലെ അശുഭചിന്തകളാണ് കോംപ്ലക്സുകളായി പരിണമിക്കുന്നത്. ഉറച്ച ആത്മവിശ്വാസവും ശുഭചിന്തകളും കോംപ്ലക്സുകളെ ജയിക്കാന്‍ നമ്മെ സഹായിക്കുന്നു. 'മനശാസ്ത്ര സമീക്ഷ'. ഇ വി സദാനന്ദന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 540 രൂപ.

🔳പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണ വിഭവങ്ങള്‍ കഴിക്കുന്നവര്‍ക്ക് കോവിഡ് പിടിപെടാനും പിടിപെട്ടാല്‍ തന്നെ രോഗം തീവ്രമാകാനുമുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്ന സാമൂഹികാന്തരീക്ഷം കോവിഡ് മഹാമാരിയുടെ ആധിക്യം ഗണ്യമായി കുറയ്ക്കുമെന്ന് മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലെയും യുകെയിലെയും 5,92,571 പേരുടെ ഡേറ്റയാണ് ഈ പഠനത്തിന് വേണ്ടി പരിശോധിച്ചത്. ഇവരെ 2020 മാര്‍ച്ച് 24 മുതല്‍ ഡിസംബര്‍ രണ്ട് വരെ നിരീക്ഷണ വിധേയമാക്കി. ഇക്കാലയളവില്‍ ഇവരില്‍ 31,831 പേര്‍ക്ക് കോവിഡ് ബാധിക്കപ്പെട്ടു. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് കോവിഡ് വരാനുള്ള സാധ്യത 9 ശതമാനം കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. രോഗം വന്നാലും തീവ്രമാകാനുള്ള സാധ്യതയും ഇവര്‍ക്ക് 41 ശതമാനം കുറവാണ്. ഗട്ട് ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മീനും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണരീതിയും കോവിഡ് അണുബാധ സാധ്യത കുറയ്ക്കുമെന്ന് ബിഎംജെ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോതും രക്ത സമ്മര്‍ദവും അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കാന്‍ വെജിറ്റേറിയന്‍ ഡയറ്റ് ഫലപ്രദമാണെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കാട്ടിലെ പ്രാവുകളെ പരുന്ത് സ്ഥിരമായി ആക്രമിക്കും. അതുകൊണ്ടു തന്നെ അവര്‍ പരുന്ത് വരുന്നതിന് മുന്നേ മുന്‍കൂട്ടി കണ്ടുപിടിച്ചുവെച്ച ഒളിത്താവളങ്ങളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ പരുന്തിന് അവരെ ഒരിക്കലും കണ്ടുപിടിക്കാന്‍ ആയില്ല. ഒരുപാട് ആലോചനകള്‍ക്ക് ശേഷം പരുന്ത് തന്റെ തന്ത്രം ഒന്ന് മാറ്റാന്‍ തീരുമാനിച്ചു. പരുന്ത് പ്രാവുകള്‍ക്ക് പിറകെ ചെന്ന് അവരുടെ കൂടുകള്‍ കണ്ടുപിടിച്ചു. പിന്നീട് ഒരു സമവായവുമായി കൂടിന്റെ അരികിലെത്തി. കൂടിന് പുറത്തിരുന്ന് പരുന്ത് ഇങ്ങനെ പറഞ്ഞു: നമ്മളെല്ലാം പക്ഷികളല്ലേ, ഞാന്‍ നിങ്ങളെ ഉപദ്രവിക്കുന്നത് നിര്‍ത്തി. നിങ്ങള്‍ എന്നെ നിങ്ങളുടെ നേതാവാക്കിയാല്‍ മാത്രം മതി. ഞാന്‍ നിങ്ങളുടെ സംരക്ഷകനാകാം. ഇതുകേട്ട് കുറച്ച് പ്രാവുകളുടെ മനസ്സിളകി. മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ അവര്‍ കൂടിന് വെളിയിലെത്തി. വെളിയിലെത്തിയ പ്രാവുകളെ പരുന്ത് കൊന്നു തിന്നു. ആഭ്യന്തരകലാപങ്ങളിലൂടെയാണ് പല പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും നാമമാത്രമായി മാറിയത്. ബാഹ്യശക്തികളുടെ പടക്കോപ്പുകളേക്കാള്‍ സംഹാരശക്തി അകത്തുള്ളവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമുണ്ടായിരിക്കും. ശത്രുവാണെന്ന് അറിയുന്നവരോട് മുന്‍കരുതലോടുകൂടി മാത്രമേ നാം പെരുമാറുകയുളളൂ. എന്നാല്‍ സന്തതസഹചാരികളായവരുടെ ദുഷ്പ്രവൃത്തികളെ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ശത്രുക്കള്‍ക്ക് ഏല്‍പ്പിക്കാന്‍ കഴിയുന്ന മുറിവിന് പരിധിയുണ്ട്. അവരുടെ ആക്രമണങ്ങള്‍ ഊഹോപോഹങ്ങളും മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ മിത്രത്തിന് നമ്മുടെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി അറിയാം. അത് കണക്ക്കൂട്ടിയായിരിക്കും അവര്‍ ആക്രമിക്കുക. അതുകൊണ്ടുതന്നെ ശത്രുക്കളോട് ഇടപഴകുന്നതിനേക്കാള്‍ വിവേകവും മുന്നൊരുക്കങ്ങളും ചിലപ്പോഴെങ്കിലും സഹയാത്രികരോടും കാണിക്കേണ്ടിവരും. അകലം കാണിച്ചിരുന്നവര്‍ പൊടുന്നനെ അടുപ്പം കാണിച്ചാല്‍ സൂക്ഷിക്കണം. അകലത്തിരുന്ന് ആക്രമിക്കുന്നതിനേക്കാള്‍ അടുത്ത് ചെന്ന് കെണിയില്‍ പെടുത്തുന്നതാണ് മികച്ചതന്ത്രമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകാം. എന്തുകാര്യത്തിന്റെ പേരിലാണോ ഒരാളെ അവിശ്വസിച്ചു തുടങ്ങിയത്, പിന്നീട് എത്ര വിശ്വസനീയമായി പെരുമാറിയാലും ആ അവിശ്വാസത്തിന്റെ കണിക ഒരു മുന്നറിയിപ്പായി മുന്നിലുണ്ടാകുന്നത് പലപ്പോഴും നല്ലതാണ്. മാറാനും നന്നാകാനുമുള്ള സാധ്യതയെ അവഹേളിക്കുകയല്ല, മറിച്ച് സ്വയം കെണിയില്‍ വീഴാതിരിക്കാനുള്ള ഒരു പ്രതിരോധം സൃഷ്ടിക്കുകയാണ് അവിടെ ചെയ്യുന്നത്. നന്മ ആഗ്രഹിക്കുന്നവര്‍ കാണിച്ചുതരുന്ന വഴികള്‍ പലപ്പോഴും കഠിനമായിരിക്കും. പക്ഷേ കെണിയലകപ്പെടുത്തുന്നവരുടെ വഴികള്‍ക്കു വശീകരിക്കുന്ന സൗന്ദര്യമുണ്ടാകും. നമുക്ക് ഒരു സ്വയം പ്രതിരോധം തീര്‍ക്കാം, കെണികള്‍ വരുന്ന വഴികളെ കണ്ടെത്താം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only