16 സെപ്റ്റംബർ 2021

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍
(VISION NEWS 16 സെപ്റ്റംബർ 2021)
തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. ട്രെയില്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, പ്രതിയെ പിടികൂടിയാല്‍ വെടിവെച്ച് കൊല്ലുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി മല്ലറെഡ്ഡി പറഞ്ഞിരുന്നു. പ്രതി കൊല്ലപ്പെട്ട വിവരം ഡിജിപി മഹേന്ദ്ര റെഡ്ഡിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

പല്ലക്കൊണ്ട രാജു എന്ന 30 വയസ്സുകാരനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്. ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിനടിയില്‍ ഒളിപ്പിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയാല്‍ ഹൈദരാബാദ് മാതൃകയില്‍ വെടിവെച്ച് കൊല്ലുമെന്ന് മന്ത്രി പ്രസ്താവന നടത്തിയിരുന്നു. മന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം. സെപ്തംബര്‍ ഒമ്പതിനായിരുന്നു ഹൈദരാബാദില്‍ ആറു വയസുകാരിക്ക് നേരെ ഹീനകൃത്യം അരേങ്ങേറിയത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only