👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

നിപ വൈറസ്‌:ഓമശ്ശേരിയിൽ അടിയന്തിര യോഗം ചേർന്നു.
(VISION NEWS 06 സെപ്റ്റംബർ 2021)


*ഓമശ്ശേരി*:അയൽപ്രദേശമായ ചാത്തമംഗലം പഞ്ചായത്തിൽ നിപ വൈറസ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ മെമ്പർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും അടിയന്തിര യോഗം ചേർന്നു.സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നും ജാഗ്രതയും കരുതലും അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

നിപ വൈറസ്‌ ബാധയേറ്റ കുട്ടി ഒരു ഘട്ടത്തിൽ ചികിൽസ തേടിയ ഓമശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിലെ പരിശോധിച്ച ഡോക്ടർ ഉൾപ്പടെ പത്ത്‌ ജീവനക്കാർ ക്വാറന്റൈനിലാണ്‌.ഈ സമയത്ത്‌ ആശുപത്രിയിൽ പ്രസ്തുത ഭാഗത്ത്‌ ചികിൽസക്കെത്തിയവരെ കണ്ടെത്തുകയും അവരോട്‌ ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്‌.ജില്ലാ മെഡിക്കൽ ടീമിന്റെ രണ്ട്‌ വിഭാഗം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

അസാധാരണമായ പനിയുൾപ്പടെ ലക്ഷണങ്ങളുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും വിവരങ്ങൾ യഥാസമയം ആരോഗ്യവിഭാഗത്തെ അറിയിക്കാനും സംവിധാനമൊരുക്കി.വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ.കുടുംബ ശ്രീ അംഗങ്ങൾ,ആർ.ആർ.ടിമാർ,ആശാ വർക്കർമാർ,സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉപയോഗപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തും.ഇടക്കിടക്ക്‌ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും യോഗം നിർദേശിച്ചു.പക്ഷികളോ,മൃഗങ്ങളോ സ്പർശിച്ച പഴങ്ങൾ കഴിക്കരുതെന്നും മുയൽ,വവ്വാൽ,പന്നി മുതലായ പക്ഷി-മൃഗാദികളുമായി ഇടപഴകുമ്പോൾ നിർബന്ധമായും മാസ്ക്‌ ധരിക്കണമെന്നും കൈകൾ സോപ്പ്‌ ഉപയോഗിച്ച്‌ ശുദ്ധിയാക്കണമെന്നും യോഗം പൊതുജനങ്ങളോട്‌ അഭ്യർത്ഥിച്ചു.കോവിഡ്‌ മുൻ കരുതലുകൾ കൃത്യമായി പാലിച്ചാൽ തന്നെ നിപ വൈറസിനെയും ഒരു പരിധിവരെ തടയാൻ കഴിയും.

പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ,പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു,മെഡിക്കൽ ഓഫീസർ ഡോ:ടി.കെ.ആതിര,ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി.ഗണേശൻ എന്നിവർ സംസാരിച്ചു.വിവിധ വാർഡ്‌ മെമ്പർമാരായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി എന്നിവർ സംബന്ധിച്ചു.

അതിനിടെ ഇന്നലെ അമ്പലക്കണ്ടി എട്ടാം വാർഡിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകൾ ആശങ്ക പരത്തി.വവ്വാലിന്റെ ജഡം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌.വാർഡ്‌ മെമ്പർ യൂനുസ്‌ അമ്പലക്കണ്ടി ജില്ലാ മെഡിക്കൽ വിഭാഗത്തെ വിവരമറിയിച്ചതിനെത്തുടർന്ന് മൃഗരോഗ വിദഗ്ദൻ ഡോ:നിതിൻ സി.ജെ.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ശരീരാവഷിഷ്ടങ്ങൾ പാക്ക്‌ ചെയ്ത്‌ കൂടുതൽ പരിശോധനകൾക്കായി അയക്കുകയും ചെയ്തു.വവ്വാലുകളിലെ വൈറസ്‌ സാന്നിദ്ധ്യം അറിയുന്നതിനായി മൃതശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക്‌ അയക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാവാം വവ്വാലുകളുടെ മരണകാരണമെന്നാണ്‌ അധികൃതരുടെ പ്രാഥമിക നിഗമനം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only