👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021





🔳കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്രം. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. 

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,942 കോവിഡ് രോഗികളില്‍ 61.59 ശതമാനമായ 19,675 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 279 മരണങ്ങളില്‍ 50.89 ശതമാനമായ 142 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,94,807 സജീവരോഗികളില്‍ 54.63 ശതമാനമായ 1,61,067 രോഗികളും കേരളത്തിലാണുള്ളത്.

🔳ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം തുടരുന്നത് ആശങ്കാജനകമാണെന്ന് ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഇനിയും നോക്കി നില്‍ക്കാന്‍ കഴിയില്ല. കോവിഡിന്റെ മരണക്കണക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

🔳നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിര്‍ഭാഗ്യകരമായ വിവാദവും ഉയര്‍ന്നുവന്നുവെന്നും പറഞ്ഞു. അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ വലിയ തോതില്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നും വ്യക്തമാക്കി.

🔳പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാര്‍ദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കാന്‍ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..

🔳നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാര്‍ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പറഞ്ഞു. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമെന്നാണ് സഭയുടെ നിലപാട്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

🔳സ്‌കൂള്‍ തുറക്കുന്നതില്‍ വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം. നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങിനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ ആരോഗ്യ-വിദ്യാഭ്യാസവകുപ്പ് സംയുക്ത യോഗം തീരുമാനമെടുക്കും.

🔳കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

🔳പൊലീസ് വാഹനത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് എട്ടുവയസുകാരിയായ മകളെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസില്‍ പൊലീസുദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷന്‍. സംഭവത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് നല്‍കും. പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

🔳മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് സേനാവിഭാഗമായ ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഡാന്‍സാഫിനെ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് വ്യക്തമാക്കിയ ഡിജിപ ഡാന്‍സാഫിനെതിരെ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.  

🔳തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളി സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജയില്‍ ഡിജിപിയുടെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തല്‍ സര്‍ക്കാരിനെ അറിയിക്കും. ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നല്‍കിയത്. ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് നടപടി.
 
🔳മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. ഡിആര്‍ഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

🔳അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ശുപാര്‍ശ. നിലവില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രഗിരിയുടെ മരണത്തില്‍ അനുയായി ആനന്ദ്ഗിരിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ശിഷ്യനായ ആനന്ദ്ഗിരിക്കെതിരെ പരാമര്‍ശമുണ്ട്.

🔳പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കാതിരിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് താന്‍ പ്രയത്നിക്കുമെന്നും വ്യക്തമാക്കിയ അമരീന്ദര്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും പൊട്ടിത്തെറിച്ചു.

🔳ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ അഞ്ച് അഫ്ഗാന്‍ പൗരന്മാര്‍ അടക്കം എട്ടു പേര്‍ ഇതുവരെ അറസ്റ്റിലായി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാന്‍ പൗരനുമുണ്ട്. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന.

🔳ഗുജറാത്തിലെ തുറമുഖത്ത് നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് പിടിച്ചത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സര്‍ക്കാറും സംശയ നിഴലിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കമ്പനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിറക്കി.

🔳തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ജമ്മുവിലെ സര്‍ക്കാര്‍ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

🔳ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 12 പോയന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്‌കോര്‍ സണ്‍റൈസേഴ്സ് ഹൈരദാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2.

🔳എ.എഫ്.സി കപ്പ് ഇന്റര്‍ സോണല്‍ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്ലബ് എ.ടി.കെ മോഹന്‍ ബഗാന് നാണംകെട്ട തോല്‍വി. ഉസ്‌ബെക്കിസ്താന്‍ ക്ലബ് നസാഫാണ് മോഹന്‍ ബഗാനെ തകര്‍ത്തത്. എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് നസാഫിന്റെ വിജയം.

🔳പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ന്യൂസിലാന്റ് ക്രിക്കറ്റ് ടീം പിന്‍മാറാനുള്ള കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍. ന്യൂസിലാന്റ് ടീമിന് ഭീഷണി മുഴക്കി ലഭിച്ച ഇ-മെയില്‍ ഇന്ത്യയില്‍ നിന്നാണ് വന്നത് എന്നാണ് ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ പാക് പബ്ലിക്ക് റിലേഷന്‍ മന്ത്രി ഫവാദ് ചൌദരി ആരോപിച്ചത്.

🔳ക്രിക്കറ്റില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബാറ്റ്സ്മാന്‍ എന്ന വാക്ക് ഉപേക്ഷിക്കുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തുന്ന മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബാണ് ബാറ്റ്സ്മാന്‍, ബാറ്റ്സ്മെന്‍ എന്നീ വാക്കുകള്‍ക്ക് പകരം ഇനി മുതല്‍ പൊതുവായി ബാറ്റര്‍, എന്നോ ബാറ്റേഴ്സ് എന്നോ ഉപയോഗിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചരിക്കുന്നത്. ഈ വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷന്‍മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് എംസിസിയുടെ വിലയിരുത്തല്‍.

🔳ലോകത്തിലേറ്റവുമധികം പണം സമ്പാദിക്കുന്ന ഫുട്‌ബോളറായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരമാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം 125 മില്യണ്‍ ഡോളര്‍ റൊണാള്‍ഡോ കളിക്കളത്തിലൂടെയും പരസ്യത്തിലൂടെയുമെല്ലാം സമ്പാദിച്ചു. റൊണാള്‍ഡോയ്ക്ക് പിന്നില്‍ 110 മില്യണ്‍ ഡോളറുമായി പി.എസ്.ജിയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണുള്ളത്. പി.എസ്.ജിയുടെ തന്നെ താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.

🔳ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ നാലാം റൗണ്ടില്‍ കടന്നപ്പോള്‍ എവര്‍ട്ടണ്‍ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. സിറ്റി താരതമ്യേന ദുര്‍ബലരായ വൈകോംബിയെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ എവര്‍ട്ടണിനെ ക്യു.പി.ആറാണ് അട്ടിമറിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 595 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 90.57 ശതമാനമായ 2,41,91,036 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 38.07 ശതമാനമായ 1,01,68,405 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312.

🔳രാജ്യത്ത് ഇന്നലെ 31,942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 31,953 പേര്‍ രോഗമുക്തി നേടി. മരണം 279. ഇതോടെ ആകെ മരണം 4,46,080 ആയി. ഇതുവരെ 3,35,62,034 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.94 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,068 പേര്‍ക്കും തമിഴ്നാട്ടില്‍ 1,682 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,365 പേര്‍ക്കും മിസോറാമില്‍ 1,355 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,12,252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,23,328 പേര്‍ക്കും ബ്രസീലില്‍ 36,473 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,460 പേര്‍ക്കും റഷ്യയില്‍ 19,706 പേര്‍ക്കും തുര്‍ക്കിയില്‍ 28,168 പേര്‍ക്കും ഇറാനില്‍ 17,433 ഫിലിപ്പൈന്‍സില്‍ 15,592 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.028 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,065 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,100 പേരും ബ്രസീലില്‍ 839 പേരും റഷ്യയില്‍ 817 പേരും മെക്‌സിക്കോയില്‍ 815 പേരും മലേഷ്യയില്‍ 487 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.3 ലക്ഷം.

🔳ഉത്സവസീസണില്‍ ഭവനവായ്പക്ക് ആവശ്യക്കാര്‍ കൂടുമെന്ന കണക്കുകൂട്ടലില്‍ ബാങ്കുകള്‍ പലിശനിരക്ക് വീണ്ടും കുറക്കുന്നു. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവര്‍ ഇതിനകം ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്ബിഐ ഭവനവായ്പയുടെ പലിശ 6.70ശതമാനമാക്കി നിശ്ചയിച്ചു. എസ്ബിഐക്കുപുറമെ, സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്ര പലിശ 6.5ശതമാനമായി പരിമിതപ്പെടുത്തി. പിഎന്‍ബി 6.6ശതമാനം, ബാങ്ക് ഓഫ് ബറോഡ 6.75, എച്ച്ഡിഎഫ്‌സി 6.7ശതമാനം എന്നിങ്ങനെയാണ് പുതിയ ഓഫറുകള്‍.

🔳സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയുമായി ലയിക്കാന്‍ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ തീരുമാനം. ഇതിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ലയനത്തിന് ശേഷം സീ എന്റര്‍ടെയ്ന്‍മെന്റിന് 47.07 ശതമാനം ഓഹരിയുണ്ടാകും. അവശേഷിക്കുന്ന 52.93 ശതമാനം ഓഹരി സോണിയുടേതായിരിക്കും. സാമ്പത്തികമായ അളവുകോല്‍ മാത്രം നോക്കിയല്ല ലയന തീരുമാനമെന്ന് സീ അറിയിച്ചു. സോണി മുന്നോട്ടുവെച്ച നയപരമായ മൂല്യങ്ങള്‍ കൂടി പരിഗണിച്ചാണിതെന്നും അവര്‍ വിശദീകരിച്ചു.

🔳മലയാള സിനിമയില്‍ ഒരു വ്യത്യസ്തമായ ഹൊറര്‍ തീമില്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. മനോജ് കെ ജയന്റെ ദിഗംബരന്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുനില്‍ പരമേശ്വരന്‍ എഴുതിയ നോവല്‍ സന്തോഷ് ശിവന്‍ സിനിമയാക്കി ഒരുക്കിയപ്പോള്‍ പിറന്ന ചിത്രമാണ് ഇത്. ഇപ്പോഴിതാ അനന്തഭദ്രം എന്ന നോവല്‍ വീണ്ടും സിനിമയാകുകയാണ്. ദിഗംബരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. അതിരന്‍ ചിത്രം സംവിധാനം ചെയ്ത വിവേക് ആണ് ദിഗംബരന്‍ എന്ന ചിത്രം ഒരുക്കുന്നത്. കൊവിഡ് കാലം കഴിഞ്ഞ് ധനുഷ് കോടിയിലും ഹിമാലയത്തിലുമാണ് ചിത്രീകരണമെന്നും സുനില്‍ പറഞ്ഞു.

🔳പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിലെ ആദ്യഗാനം എത്തി. 'മുന്തിരിപ്പൂ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നതും പാടിയിരിക്കുന്നതും ജേക്സ് ബിജോയ്. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്റെ റീമേക്ക് ആണ് ഭ്രമം. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒക്ടോബര്‍ 7നാണ് റിലീസ്.

🔳എയ്‌റോക്‌സ് 155 മാക്സി സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ. മൊത്തം സ്‌പോര്‍ട്ടി ലുക്കിലാണ് എയ്‌റോക്‌സ് 155 വിപണിയിലെത്തിയിരിക്കുന്നത്. 14-ഇഞ്ച് അലോയ് വീലുകളും, 140 സെക്ഷന്‍ പിന്‍ ടയറും എയ്‌റോക്‌സ് 155ന്റെ സ്‌പോര്‍ട്ടി ലൂക്ക് പൂര്‍ണമാകുന്നു. റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്ലിയന്‍ നിറങ്ങളില്‍ വാങ്ങാവുന്ന യമഹ എയ്‌റോക്‌സ് 155ന് 1.29 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

🔳ചുരുക്കിപ്പറയുന്നതിന്റെ കരുത്തും തെളിച്ചുപറയുന്നതിന്റെ ആര്‍ജവവും മൗലികതയുമുള്ള കവിതകളുടെ സമാഹാരം. 'കവിതകള്‍- കമറുദ്ദീന്‍ ആമയം'. മാതൃഭൂമി. വില 176 രൂപ.

🔳'ലോംഗ് കൊവിഡ്' പ്രധാനമായും കണ്ടുവരുന്നത് കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ ചികിത്സ തേടേണ്ടുന്ന ഘട്ടം വരെയെത്തിയ രോഗികളിലാണ്. എന്നാല്‍ ചില വിഭാഗക്കാരില്‍ 'ലോംഗ് കൊവിഡ്' സാധ്യത കൂടുതലാണെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുഎസ് 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി)യുടെ റിപ്പോര്‍ട്ടിലാണ് ഈ വിഷയം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് പിടിപെടുന്നവരിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരിലുമെല്ലാം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കുറവാണെന്നാണ് നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളെല്ലാം അവകാശപ്പെടുന്നത്. എന്നാല്‍ 'ലോംഗ് കൊവിഡ്' സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കാണുന്നതെന്ന് സിഡിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ബ്രെയിന്‍ഫോഗ്' (തലച്ചോറിന്റെ പ്രവര്‍ത്തനം ചെറിയ രീതിയില്‍ പ്രശ്‌നത്തിലാകുന്ന അവസ്ഥ), തളര്‍ച്ച, സ്‌ട്രെസ്, ആര്‍ത്തവപ്രശ്‌നങ്ങളെല്ലാം സ്ത്രീകള്‍ 'ലോഗ് കൊവിഡു'മായി ബന്ധപ്പെട്ട് നേരിടാം. നാല്‍പതിന് മുകളില്‍ പ്രായമുള്ളവരില്‍ കൊവിഡ് അല്‍പം കൂടി ഗൗരവമായി വരാം. ഈ വിഭാഗക്കാരില്‍ 'ലോംഗ് കൊവിഡ്' സാധ്യതയും കൂടുതലായിരിക്കും. കറുത്തവരില്‍ കൊവിഡ് കൂടുതലായി കാണപ്പെടുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. ഇതുതന്നെ 'ലോംഗ് കൊവിഡി'ന്റെ കാര്യത്തിലും ബാധകമാണെന്നാണ് സിഡിസി റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. ജനിതകമായ സവിശേഷതകളാണത്രേ ഇതില്‍ ഘടകമാകുന്നത്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളോ ഉള്ളവരാണെങ്കില്‍ അവരില്‍ കൊവിഡ് 19 തന്നെ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയാലും (ടെസ്റ്റ് ഫലം നെഗറ്റീവ് ആയാലും) 'ലോംഗ് കൊവിഡ്' വെല്ലുവിളി ഇവരില്‍ കൂടുതലായിരിക്കുമത്രേ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only