09 സെപ്റ്റംബർ 2021

ശ്രീകലയ്ക്കും റിയ ബേബിക്കും വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരം
(VISION NEWS 09 സെപ്റ്റംബർ 2021)

തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ (മലയാളം, അച്ചടിമാധ്യമം) വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എസ് തയ്യാറാക്കിയ 'അളിയന്‍ സുഹ്റ ആള് പൊളിയാണ്' തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെയും സമൂഹത്തിന്റെയും വഴിത്താര പ്രകാശനമാനമാക്കുന്ന ഒരു സാധാരണക്കാരിയെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം.

മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ (മലയാളം ദൃശ്യമാധ്യമം) വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കാണ് പുരസ്‌കാരം. സാധാരണ സ്ത്രീയില്‍ നിന്ന് പക്ഷിനിരീക്ഷകയായി വളര്‍ന്ന സുധ എന്ന സ്ത്രീയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്‍.സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന്‍ മനേഷ് പെരുമണ്ണയും അര്‍ഹരായി.

ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്ന് മതിയായ എണ്ണം എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ പുരസ്‌കാരം നല്‍കിയിട്ടില്ല. കമ്മിഷന്‍ അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സരിത വര്‍മ എന്നിവരുമടങ്ങിയ പാനല്‍ ആണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ കമ്മിഷന്‍ അംഗങ്ങള്‍ക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫര്‍ ബി.ജയചന്ദ്രന്‍, ഐപിആര്‍ഡി ചീഫ് ഫോട്ടോഗ്രഫര്‍ വി.വിനോദ് എന്നിവരും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയിച്ചത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only