15 സെപ്റ്റംബർ 2021

ഐപിഎൽ: യുഎഇയിൽ കാണികളെ അനുവദിക്കും
(VISION NEWS 15 സെപ്റ്റംബർ 2021)
ഐപിഎൽ രണ്ടാം പാദ മത്സരത്തിൽ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ. നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എത്ര ശതമാനം ആളുകളെ സ്റ്റേഡിയങ്ങളിൽ അനുവദിക്കുമെന്നത് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതാത് പ്രദേശങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാവും പ്രവേശനം. (IPL Fans Stadiums UAE)

സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.


ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക.

അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും. രണ്ട് റൈറ്റ് ടു മാച്ച് കാർഡും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഇതോടെ മുൻ സീസണുകളിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയും. അടുത്ത സീസൺ ഐപിഎലിലെ പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്ത മാസം നടക്കും. ഒക്ടോബർ 17ന് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only