17 സെപ്റ്റംബർ 2021

പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി: ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീംകോടതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
(VISION NEWS 17 സെപ്റ്റംബർ 2021)

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് കോടതി ഉത്തരവിറക്കിയത്. രാജ്യത്ത് മൂന്നാം തരംഗത്തിന്റ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി. ഏഴ് ലക്ഷം പേര്‍ ഓഫ്​ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.  

നീറ്റിന് പുറമെ സാങ്കേതിക സര്‍വകലാലാശാല ഓഫ്​ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേര്‍ എഴുതിയിരുന്നുവെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭനും സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ.ശശിയുമാണ് ഹാജരായത്.

'ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയും. മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്​ലൈനായി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്' സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശനയോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്​ലൈനായി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ജൂലായിൽ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്​ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഓഫ്‌ലൈനായി നടത്തിയ ജെഇഇ മെയിന്‍ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. ഇതേ രീതിയില്‍ പ്ലസ് വണ്‍ പരീക്ഷയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓഫ്​ലൈനായി നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കേരളം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വണ്‍ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only