👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

മോട്ടർ വാഹന വകുപ്പിൽ 8 സേവനങ്ങൾ കൂടി ഓൺലൈനിലൂടെ
(VISION NEWS 25 സെപ്റ്റംബർ 2021)


 

തിരുവനന്തപുരം ∙ മോട്ടർ വാഹന വകുപ്പിൽ 8 സേവനങ്ങൾ കൂടി പൂർണമായും ഓൺലൈൻ വഴിയാക്കി. ആർസി ബുക്കിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻഒസി നൽകൽ, ഡ്യൂപ്ലിക്കറ്റ് ആർസി ബുക്ക് നൽകൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, ഹൈപ്പോത്തിക്കേഷൻ അംഗീകരിക്കൽ, പെർമിറ്റ് പുതുക്കൽ (സ്റ്റേജ് കാര്യേജ് ഒഴികെ), സ്റ്റേജ് കാര്യേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെർമിറ്റിന്റെ വ്യതിയാനം (വേരിയേഷൻ ഓഫ് പെർമിറ്റ്) എന്നീ േസവനങ്ങളാണ് ഓൺലൈനാക്കിയത്.

സേവനങ്ങൾ ഇപ്പോഴും ഓൺലൈനാണെങ്കിലും ഓൺലൈനിൽ അപേക്ഷിച്ച ശേഷം പഴയ ആർസി ബുക്കും മറ്റു രേഖകളും ഓഫിസുകളിൽ എത്തിക്കണം. അപേക്ഷകർ ഓഫിസിൽ പോകുന്ന ഈ സാഹചര്യം കാരണം ഏജന്റുമാരുടെ ഇടപെടീലും ഉദ്യോഗസ്ഥ അഴിമതിയും നടക്കുന്നുവെന്നും പരാതി ഉയർന്നു. പുതിയ ആർസി ബുക്ക് ലഭിക്കുമ്പോൾ, പഴയ ആർസി ബുക്ക് തിരികെ ഓഫിസിൽ ഏൽപിച്ചില്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു മോട്ടർ വാഹനവകുപ്പിന്റെ ആശങ്ക. എന്നാൽ എല്ലാം ഡിജിറ്റലായി മാറിയ സ്ഥിതിക്ക് ആശങ്ക വേണ്ടെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകർ ഓഫിസിൽ പോകാതെയുള്ള ഫെയ്സ്‌ലെസ് സർവീസിലേക്ക് ഇൗ സേവനങ്ങളും മാറ്റുന്നതിനു തീരുമാനിച്ചത്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വെബ്‌സൈറ്റ് പ്രകാരം അപേക്ഷകർ ഓഫിസിൽ പോകാതെ പൂർണമായും ഫെയ്സ്‌ലെസ് സർവീസാണുള്ളത്. ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഒരു ഉദ്യോഗസ്ഥൻ പരിശോധിക്കുകയും അടുത്ത ഉദ്യോഗസ്ഥൻ അംഗീകരിക്കുകയും ചെയ്യുന്ന ‌സംവിധാനമാണ്. എന്നാൽ കേരളത്തിൽ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന തർക്കമുയർന്നതോടെ ഓൺലൈനിൽ വരുന്ന അപേക്ഷ പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥന്റെ അടുക്കൽ കൂടി ചെല്ലുന്ന ത്രിതല സംവിധാനത്തിലേക്കു മാറ്റി. കേന്ദ്രം ഇതിനെ എതിർക്കുകയും ഇത് അഴിമതിക്കു വഴിയൊരുക്കുമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും സംസ്ഥാനത്ത് തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only