👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഒക്‌ടോബർ 2021

1000 രൂപ പോലും വേണ്ട; താമസം ഉൾപ്പെടെ മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ടൂര്‍ ഒരുക്കി കെഎസ്ആര്‍ടിസി
(VISION NEWS 13 ഒക്‌ടോബർ 2021)

 


മൂന്നാര്‍ കാണാത്ത മലബാറുകാര്‍ക്ക് പോക്കറ്റ് കീറാതെ ഉഗ്രൻ യാത്രയൊരുക്കി കെഎസ്ആര്‍ടിസി. വെറും എഴുന്നൂറു രൂപയ്ക്ക് സൂപ്പര്‍ഫാസ്റ്റ് ബസിൽ മൂന്നാറിലേക്ക് പോയി തിരിച്ചെത്താം. ആദ്യയാത്ര ഈ വരുന്ന ഒക്ടോബര്‍ 16ന് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ നിന്നു ആരംഭിക്കുമെന്ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് അറിയിച്ചു.

100 രൂപയ്ക്ക് താമസം

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് മലപ്പുറത്ത്‌ നിന്നു സഞ്ചാരികളെയും വഹിച്ചുകൊണ്ട് ബസ് യാത്ര തുടങ്ങുന്നത്. രാത്രി ഏഴരയോടെ മൂന്നാറില്‍ എത്തും. വെറും 100 രൂപ ചിലവില്‍ എസി ബസുകളില്‍ ഒരുക്കിയിരിക്കുന്ന ബര്‍ത്തുകളില്‍ രാത്രി ചിലവിടാം. കമ്പിളി വേണ്ടവര്‍ക്ക് 50 രൂപ അധികം നല്‍കിയാല്‍ അതും കിട്ടും. കൂടാതെ ഒരു ടീമിന് മൊത്തമായോ, ഒന്നോ രണ്ടോ പേർക്ക് മാത്രമായോ 1600 രൂപ നൽകി ബസ് മുഴുവനും ബുക്ക് ചെയ്യാനും പറ്റും. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാല്‍ പൂര്‍ണ സുരക്ഷിതത്വത്തോടെയാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

വ്യൂ പോയിന്‍റുകളിലേക്ക് വീണ്ടും വണ്ടി കേറാം

ഞായറാഴ്ച രാവിലെ ഫ്രെഷായ ശേഷം രാവിലെ പത്തു മണിയോടെ മൂന്നാര്‍ യാത്രക്കായി അടുത്ത കെഎസ്ആര്‍ടിസിയില്‍ കയറാം. ഇതിനായി ഒരാള്‍ക്ക് 200 രൂപ ചാര്‍ജ് നല്‍കണം. ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടീ മ്യൂസിയം, ടീ ഫാക്ടറി, മാട്ടുപ്പെട്ടി, ബോട്ടാണിക്കൽ ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെയും കൊണ്ട് പോകുന്ന ബസ് ഓരോ ഇടങ്ങളിലും കുറച്ചു സമയം നിര്‍ത്തും.

ഉച്ചക്ക് കുണ്ടള ഡാമില്‍ എത്തുന്ന ബസ്, ഉച്ചക്ഷഭണത്തിനായി അവിടെ കുറച്ചു നേരം തങ്ങും. ടാറ്റയുടെ റസ്‌റ്റോറന്റില്‍ നിന്നു സഞ്ചാരികള്‍ക്ക് ഭക്ഷണം ഓർഡർ ചെയ്യാം. ഹോട്ടലിൽ നിന്നുമുള്ളവർ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണത്തിന് ഒാർഡർ എടുക്കാന്‍ എത്തും. ഉച്ചക്ക് കുണ്ടള ഡാം പ്രദേശത്ത് ഭക്ഷണം എത്തിക്കും. ഭക്ഷണത്തിന് വേറെ തുക നല്‍കണം. കുണ്ടള ഡാമിൽ ബോട്ടിങ്ങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം മടക്കയാത്ര

വൈകുന്നേരം ആറരയോടെ ബസ് തിരിച്ച് മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തും. ഇവിടെ നിന്നു തിരിച്ച് മലപ്പുറത്തേക്ക് ബസില്‍ കയറിയാല്‍ രാത്രി ഒന്നരയോടെ മലപ്പുറം ബസ് സ്റ്റാന്റില്‍ തിരിച്ചെത്തും.

ആളുണ്ടെങ്കിൽ എല്ലാ ദിവസവും സർവീസ്

യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് മലപ്പുറം കെഎസ്ആർടിസി ഡിപ്പോയില്‍ വിളിച്ച് ബുക്ക് ചെയ്യാം. സഞ്ചാരികളുടെ ബാഹുല്യമുണ്ടെങ്കില്‍, ശനിയാഴ്ചകള്‍ക്ക് പുറമേ എല്ലാ ദിവസവും മലപ്പുറത്ത്‌ നിന്നും മൂന്നാര്‍ ബസ് സര്‍വീസ് നടത്താനാണ് പ്ലാനെന്ന് സേവി ജോര്‍ജ് പറഞ്ഞു. ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ എസി ബസില്‍ യാത്ര ഒരുക്കാനും ആലോചനയുണ്ട്. മലപ്പുറം കൂടാതെ, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ നിന്നും അധികം വൈകാതെ തന്നെ മൂന്നാര്‍ സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും സേവി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only