16 ഒക്‌ടോബർ 2021

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു
(VISION NEWS 16 ഒക്‌ടോബർ 2021)
കനത്ത മഴയ്ക്കിടെ ഭീഷണിയായി മിന്നലും.തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. തൊഴിലാളികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർ വരന്തരപ്പിള്ളി കൽക്കുഴിയിൽ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു.

കടുത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റെഡ് അലേർട്ട് സാഹചര്യത്തിൽ ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ തൃശൂർ താലൂക്കിലെ പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിൽ ഉള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ ജില്ലയിൽ 2 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളമുയരാൻ സാധ്യതയുണ്ട്. പീച്ചി ഡാമിലെ ഷട്ടർ 12 ഇഞ്ച് വരേയും വാഴാനി ഡാമിലെ ഷട്ടർ 10 സെ.മീ വരെയും ഉയർത്തിയിട്ടുണ്ട്. ആളിയാർ ഡാമും മലമ്പുഴ ഡാമും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only