👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

11 ഒക്‌ടോബർ 2021

ഉത്രവധകേസിൽ സൂരജ് കുറ്റക്കാരൻ,ശിക്ഷാവിധി പ്രഖ്യാപനം 13ന്
(VISION NEWS 11 ഒക്‌ടോബർ 2021)
ഉത്രവധകേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ.ശിക്ഷാവിധി ഒക്ടോബർ 13ന്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.അതേസമയം കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന് സൂരജ് പറഞ്ഞു.നിര്‍വ്വികാരമായാണ് കോടതിയിലെത്തിച്ച സൂരജ് ആള്‍ക്കൂട്ടത്തെ അഭിമുഖീകരിച്ചത്. അഞ്ച് വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിച്ച ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി സൂരജിനോട് ചോദിച്ചപ്പോഴാണ് ഒന്നും പറയാനില്ലെന്ന് സൂരജ് പ്രതികരിച്ചത്.

2020 മെയ് 7നായിരുന്നു ഉത്ര മരിച്ചത്. ഒരു തവണ പാമ്പു കടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവതി കഷ്ടിച്ച് ഒന്നര മാസത്തെ ഇടവേളയില്‍ വീണ്ടും പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയമാണ് ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. പാമ്പുകളോടുളള സൂരജിന്‍റെ ഇഷ്ടത്തെ കുറിച്ചുളള ചില സൂചനകളും കൂടി കിട്ടിയതോടെ പൊലീസിനെ സമീപിക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. 

അഞ്ചല്‍ പൊലീസിനെ ആദ്യം സമീപിച്ചു. പക്ഷേ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ ദിശ മാറുന്നെന്ന് സംശയം ഉയര്‍ന്നതോടെ ഉത്രയുടെ കുടുംബം അന്നത്തെ കൊട്ടാരക്കര റൂറല്‍ എസ് പി ഹരിശങ്കറിനു മുന്നില്‍ പരാതിയുമായി നേരിട്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി എ.അശോകന്‍റെ നേതൃത്വത്തില്‍ പുതിയ സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. പിന്നാലെയാണ് കേസില്‍ സൂരജ് അറസ്റ്റിലായത്.

2020 മാര്‍ച്ച് മാസത്തില്‍ അടൂരിലുളള സൂരജിന്‍റെ വീട്ടില്‍ വച്ച് ഉത്രയെ അണലി കടിച്ചിരുന്നു. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ആ സംഭവവും ആസൂത്രിതമായി താന്‍ നടപ്പാക്കിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. മരണം ഉറപ്പാക്കാനാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി രണ്ടാമത് കടിപ്പിച്ചതെന്നും സംശയങ്ങള്‍ ഒഴിവാക്കാനാണ് ഉത്രയുടെ വീട്ടില്‍ വച്ചു തന്നെ കൊലപാതകം നടത്തിയതെന്നും സൂരജ് കുറ്റസമ്മതം നടത്തി.

സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും ആദ്യം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ സ്വന്തം ഭാര്യയെ കൊല്ലാന്‍ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന മൊഴി മുഖവിലയ്ക്കെടുത്ത കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only