16 ഒക്‌ടോബർ 2021

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി; മൂന്ന് വീടുകള്‍ ഒലിച്ചുപോയി
(VISION NEWS 16 ഒക്‌ടോബർ 2021)
കോട്ടയത്ത് കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നിലാണ് ബസ് മുങ്ങിയത്. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

അതേസമയം തൊടുപുഴയ്ക്ക് സമീപം കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only