24 ഒക്‌ടോബർ 2021

എസ്.എം.എസില്‍ പീഡനവിവരം വെളിപ്പെടുത്തി ഭിന്നശേഷിക്കാരിയായ 16-കാരി; ഫിസിയോതെറാപ്പിസ്റ്റ് പിടിയില്‍
(VISION NEWS 24 ഒക്‌ടോബർ 2021)
മുംബൈ: ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. മുംബൈ സാന്റാക്രൂസിൽ ക്ലിനിക്ക് നടത്തുന്ന 40-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒരുവർഷത്തിലേറെയായി പെൺകുട്ടി ക്ലിനിക്കിൽ ചികിത്സയ്ക്ക് വരുന്നുണ്ട്. മാതാപിതാക്കളാണ് കുട്ടിയെ കൊണ്ടുവരാറുള്ളതെങ്കിലും ഫിസിയോതെറാപ്പിസ്റ്റിന്റെ മുറിക്കകത്തേക്ക് ഇവർ കയറിയിരുന്നില്ല. അതിനാൽ മകൾക്ക് നേരേ നടന്ന ഉപദ്രവത്തെക്കുറിച്ച് മാതാപിതാക്കളും അറിഞ്ഞിരുന്നില്ല.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് താൻ നേരിട്ട പീഡനത്തെക്കുറിച്ച് 16-കാരി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തന്റെ മൊബൈൽ ഫോണിൽനിന്ന് മാതാപിതാക്കളുടെ ഫോണിലേക്ക് അയച്ച എസ്.എം.എസ്. സന്ദേശത്തിലൂടെയാണ് ഉപദ്രവത്തെക്കുറിച്ച് വിശദീകരിച്ചത്. ഇത് വായിച്ചതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ ക്ലിനിക്കിൽനിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ മറ്റ് പെൺകുട്ടികളെയും പ്രതി പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only