26 ഒക്‌ടോബർ 2021

കൊണ്ടോട്ടിയിലെ ക്രൂരത; 21-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15-കാരന്‍, പോലീസ് കസ്റ്റഡിയില്‍
(VISION NEWS 26 ഒക്‌ടോബർ 2021)




മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 15-കാരൻ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർഥിയാണ് പോലീസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മീശയും താടിയും ഇല്ലാത്ത തടിച്ചയാളാണ് ആക്രമിച്ചതെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും 15-കാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 15-കാരന്റെ ശരീരത്തിലും മുറിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തന്നെ നായ ഓടിച്ചെന്നും അപ്പോൾ നിലത്തുവീണാണ് മുറിവുണ്ടായതെന്നുമായിരുന്നു പ്രതി ആദ്യം മൊഴി നൽകിയത്. കഴിഞ്ഞദിവസം വീട്ടുകാരോടും ഇതേകാര്യം തന്നെയാണ് 15-കാരൻ പറഞ്ഞത്. എന്നാൽ പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാർഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ടിടിച്ചു. ഷാൾ വലിച്ചുകീറുകയും കൈകൾ കെട്ടിയിടുകയും വായിൽ തുണിതിരുകുകയും ചെയ്തു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only