👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

ഇനി 500 സർക്കാർ സേവനം ഒറ്റ വെബ്‌സൈറ്റിൽ ; മൊബൈൽ ആപ്പും
(VISION NEWS 01 ഒക്‌ടോബർ 2021)
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകളിൽ ലഭിച്ചിരുന്ന ഓൺലൈൻ സേവനങ്ങൾ ഇനി ഒറ്റ വെബ്‌സൈറ്റിൽ ലഭ്യമാകും. ‘ഇ സേവനം' (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിന് സംസ്ഥാന ഐടി മിഷൻ രൂപം നൽകി. അഞ്ഞൂറിലധികം സേവനങ്ങൾ ഈ വെബ്സൈറ്റ് വഴി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ സർക്കാർ സേവനവും ഉൾക്കൊള്ളിച്ച്‌ ‘എം സേവനം’ മൊബൈൽ ആപ്പും നിർമിച്ചിട്ടുണ്ട്. ആപ്‌ ആൻഡ്രോയിഡ്, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്പതിലധികം സേവനങ്ങളാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌. വകുപ്പ്‌, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ സേവനങ്ങൾ രണ്ടായി തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സേവനങ്ങൾ വേഗത്തിൽ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർഥികൾ, സ്ത്രീകളും കുട്ടികളും, യുവജനങ്ങൾ ആൻഡ്‌ നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആൻഡ്‌ പെൻഷനേഴ്‌സ്, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ ഒമ്പതായി തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.

സർക്കാരിന്റെ വെബ്‌ പോർട്ടലായ www.kerala.gov.in ഉം നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന ഓൺലൈൻ സേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ്‌ ഡാഷ്‌ബോർഡും (dashboard.kerala.gov.in) വികസിപ്പിച്ചു. ഇതുവഴി ഓരോ വകുപ്പിന്റെയും സേവനവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർക്കുലർ, ഓർഡർ, അറിയിപ്പ്‌, വിജ്ഞാപനം, ടെൻഡർ എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ്‌ റെപ്പോസിറ്ററി പോർട്ടലും വികസിപ്പിച്ചിട്ടുണ്ട്.

ഐടി മിഷൻ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്‌ പദ്ധതി ആരംഭിച്ചത്. സി–- ഡിറ്റിന്റെ നേതൃത്വത്തിലാണ്‌ സേവന പോർട്ടൽ ഡിസൈൻ ചെയ്തത്. സംസ്ഥാന എൻഐസിയാണ്‌ എം- സേവനം മൊബൈൽ ആപ് തയ്യാറാക്കിയത്‌. കേന്ദ്രീകൃത പോർട്ടലിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്‌ഘാടനം വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only