👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 ഒക്‌ടോബർ 2021

‘ജയിലിൽ നിന്നിറങ്ങുമ്പോൾ തിരികെ മതി’; ആ 500 രൂപ എസ്ഐ തന്നതെന്ന് ലീന
(VISION NEWS 02 ഒക്‌ടോബർ 2021)


 

കോഴിക്കോട് ∙ കഞ്ചാവ് കേസിൽപ്പെട്ട യുവതിയുടെ ബ്ലൗസിനുള്ളിൽനിന്ന് ലഭിച്ച 500 രൂപ എസ്ഐ നൽകിയതെന്ന് പ്രതി. സംഭവം വിവാദമായതോടെ കമ്മിഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ എസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് സിറ്റി പൊലീസ് മേധാവിക്ക് നൽകി. കാറിൽ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂർ മുല്ലശേരി സ്വദേശിനി ലീനയ്ക്കാണ് (43) കോഴിക്കോട് സിറ്റി പൊലീസിലെ എസ്‌ഐ 500 രൂപ നൽകിയത്.

പ്രതി ശരീരത്തിൽ ഒളിപ്പിച്ചുവച്ച പണം വനിതാ പൊലീസ് ദേഹപരിശോധനയ്ക്കിടെ കണ്ടെത്തിയതോടെയാണ് എസ്ഐയുമായുള്ള കള്ളക്കളി പുറത്തറിയുന്നത്. ഇക്കഴിഞ്ഞ 18നാണ് സംഭവം. കഞ്ചാവ് കടത്തുകയായിരുന്ന ലീനയെയും സുഹൃത്ത് പട്ടാമ്പി സ്വദേശി സനലിനെയും കഴിഞ്ഞ മാസം 30നാണ് നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്‌സും (ഡെൻസാഫ്) കുന്നമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ചോദ്യം ചെയ്യലിന് ശേഷം രാത്രിയിൽ വനിതാ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പ്രതികളെ ലോക്കപ്പിലിടുന്നതിന് മുന്നോടിയായി പൊലീസുകാർ ദേഹപരിശോധന നടത്തും. അപ്പോഴാണ് 500 രൂപയുടെ നോട്ട് വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിക്ക് പണം എവിടെനിന്ന് ലഭിച്ചുവെന്നു വനിതാ പൊലീസുകാർ ചോദ്യം ചെയ്തപ്പോഴാണ് പണം എസ്ഐ നൽകിയതെന്ന് ലീന പറയുന്നത്.

ജയിലിൽ നിന്നിറങ്ങിയ ശേഷം തിരിച്ചു നൽകിയാൽ മതിയെന്നും എസ്‌ഐ പറഞ്ഞതായി ലീന വനിതാ പൊലീസിനു മൊഴി നൽകി. ഇക്കാര്യങ്ങളെല്ലാം സ്‌റ്റേഷനിൽ രേഖപ്പെടുത്തി. സംഭവം സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതോടെ സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് അന്വേഷിക്കാൻ ഉത്തരവിറക്കി. ഇതിനായി മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനെ ചുമതലപ്പെടുത്തി. അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞത്.

നേരത്തേ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തൃശൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചേവരമ്പലത്തെ വാടക വീട്ടിൽ സൂക്ഷിച്ച ശേഷം വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെത്തിക്കുകയാണ് പതിവ്. നേരത്തേ രണ്ടു തവണയായി 70 കിലോ കഞ്ചാവ് ഇരുവരും ചേർന്നു ജില്ലയിലെത്തിച്ചിട്ടുണ്ട്. തൃശൂരിൽ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെടുന്നത്. 

ലോക്ഡൗണിൽ ഇരുവരുടെയും സ്ഥാപനങ്ങൾ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണു പറയുന്നത്. ലീനയുടെ ഫോൺകോൾ പരിശോധനയിൽ നിർണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ പ്രധാന ലഹരിമരുന്നു ഇടപാടുകാരും കർണാടകയിലെ സ്വർണ വ്യാപാരികളുമായും ലീനയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only