21 ഒക്‌ടോബർ 2021

മുടികൊഴിച്ചില്‍ പതിവാണോ? തടയാന്‍ ആയുര്‍വേദത്തില്‍ ചില ടിപ്‌സുകള്‍ ഉണ്ട്
(VISION NEWS 21 ഒക്‌ടോബർ 2021)മുടിയുടെ അനാരോഗ്യത്തിന് കാരണങ്ങള്‍ പലതുണ്ട്. ജീവിതശൈലിയിലെ അശ്രദ്ധകള്‍, അനാരോഗ്യകരമായ ആഹാരരീതി, അമിതമായോ അകാലത്തിലോ ഉള്ള ഉറക്കം, ഗര്‍ഭാവസ്ഥ, പ്രസവം, ആര്‍ത്തവവിരാമം, തൈറോയ്ഡ് രോഗങ്ങള്‍, ജോലിയുടെ പ്രത്യേകതകള്‍ എന്നിവയും ചില മരുന്നുകള്‍ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലമുള്ള മുടികൊഴിച്ചില്‍ സങ്കീര്‍മാണ്. ഇവിടെ മുടിയുടെ വളര്‍ച്ചാസമയം ഗണ്യമായി കുറയുന്നു. ഇത് രോമകൂപത്തിന്റെ വിശ്രമാവസ്ഥയെ ദീര്‍ഘിപ്പിക്കുന്നു. ഇപ്രകാരം വളര്‍ച്ചാചക്രത്തിലെ വ്യതിയാനങ്ങള്‍ മുടിയുടെ സാന്ദ്രത കുറയ്ക്കുന്നു. മാനസികപിരിമുറുക്കവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്.

ആയുര്‍വേദത്തില്‍ മുടികൊഴിച്ചിലിനെ ഖലിതം എന്നാണ് വിളിക്കുന്നത്. ചരകസംഹിതയില്‍ ശിരോരോഗങ്ങളുടെയും സുശ്രുതസംഹിതയില്‍ ക്ഷുദ്രരോഗങ്ങളുടെയും ഗണത്തിലാണ് ഖലിതത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ത്രിദോഷജന്യമായാണ് ആയുര്‍വേദം ഈ അവസ്ഥയെ കാണുന്നത്.

ശിരസ്സിലെ രോഗങ്ങള്‍ക്ക് ഏറ്റവും പ്രധാന ചികിത്സയാണ് മൂക്കില്‍ക്കൂടി പ്രയോഗിക്കുന്ന നസ്യം. ഭൃംഗരാജതൈലം, ഷഡ്ബിന്ദുതൈലം, ചന്ദനാദ്യം തൈലം, മധുകാദിതൈലം എന്നിവയാണ് പ്രധാനമായും നസ്യത്തിനുപയോഗിക്കുന്നത്. ഈ തൈലങ്ങള്‍ രക്തത്തെ ശുദ്ധീകരിക്കുന്നതും അസ്ഥിധാതുപോഷകവുമാണ്. ഇവ രക്തയോട്ടം കൂടുതലുള്ള മൂക്കിലെ ശ്ലേഷ്മധരകലയിലൂടെ ആഗിരണംചെയ്യപ്പെടുകയുംചെയ്യും. എള്ളെണ്ണയുടെ സൂക്ഷ്മഗുണങ്ങള്‍, സ്രോതസ്സുകളിലെ തടസ്സങ്ങള്‍ നീക്കി പോഷകങ്ങള്‍ രോമകൂപങ്ങളിലേക്കെത്തിച്ച് മുടിയെ വളരാന്‍ സഹായിക്കുന്നു.

ശോധനചികിത്സയായ രക്തമോക്ഷം മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. ഇത് രക്തത്തിലടിഞ്ഞുകൂടിയ വിഷാംശങ്ങളും അശുദ്ധമായ രക്തവും പുറത്തേക്ക് കളയാന്‍ സഹായിക്കുന്നു. അതുമൂലം രക്തക്കുഴലുകളില്‍ക്കൂടി രക്തം സുഗമമായി ഒഴുകുകയും രോമകൂപങ്ങളിലേക്ക് പോഷകങ്ങളെത്തുകയും അവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.

മുടികൊഴിച്ചില്‍ മാറ്റാന്‍ വസ്തിചികിത്സയും പ്രയോഗിക്കാറുണ്ട്. പഞ്ചതിക്തക ക്ഷീരവസ്തിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അകാലനരയ്ക്ക് രസായനചികിത്സ പ്രയോജനപ്രദമാണ്. വ്യക്തിയുടെ പ്രകൃതിയും ദോഷപ്രകോപാവസ്ഥയുമനുസരിച്ച് രസായനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചികിത്സാരീതികളെല്ലാം വൈദ്യനിര്‍ദേശാനുസരണം മാത്രം ചെയ്യേണ്ടതാണ്.

താന്നിപ്പൂവ്, ഇരട്ടിമധുരം, വെണ്‍തേക്ക്, ആവണക്ക്, കുന്നി, നീലയമരി, കയ്യോന്നി, ചെമ്പരത്തി, എള്ളെണ്ണ തുടങ്ങിയവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മുടിയുണ്ടാകുന്നതിനും അവ വളരുന്നതിനും കറുത്തനിറമുണ്ടാകുന്നതിനും മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ എള്ളെണ്ണയില്‍ കാച്ചി ഉപയോഗിക്കാം.

ആഹാരത്തില്‍ മുട്ട, മീന്‍, ചീരവര്‍ഗങ്ങള്‍, കക്കവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. പേരക്ക, തേന്‍, നാരങ്ങാവര്‍ഗങ്ങള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, നേന്ത്രപ്പഴം എന്നിവയും സൂചിഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ മുതലായവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. പാലുത്പന്നങ്ങള്‍, പഞ്ചസാര, കുപ്പിയിലടച്ച പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്.

മുടിവളരാന്‍ എണ്ണകള്‍

ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം തലയില്‍ എണ്ണ തേക്കുന്നതാണ് നല്ലത്. അനുയോജ്യമായതോ ശീലിച്ചതോ ആയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം കുളിക്കാം. അല്പം ചൂടാക്കിയശേഷം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് ഉചിതമായിരിക്കും.

നീലിഭൃംഗാദി തൈലം, കുന്തളകാന്തി, ഭുജഗലതാദി, കയ്യോന്ന്യാദി തൈലം എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. വീട്ടില്‍ ഉണ്ടാക്കാന്‍പറ്റുന്ന തൈലങ്ങള്‍ കയ്യോന്ന്യാദിയും നീലിഭൃംഗാദിയും ആണ്. നീലയമരി, കയ്യോന്നി, മയിലാഞ്ചി, കറിവേപ്പില, കറ്റാര്‍വാഴ എന്നിവ ഇടിച്ചുപിഴിഞ്ഞ നീരില്‍ തേങ്ങാപാലും പശുവിന്‍പാലും ചേര്‍ത്ത് എണ്ണകാച്ചി ഉപയോഗിക്കുന്നതും ഫലപ്രദമായി കണ്ടുവരുന്നു.

(പാലക്കാട് അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ആണ് ലേഖിക)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only