08 ഒക്‌ടോബർ 2021

പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചിട്ടു; മക്കളുടെ കണ്‍മുന്നില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
(VISION NEWS 08 ഒക്‌ടോബർ 2021)


 

തിരുവനന്തപുരം ∙ കാറിൽനിന്നിറങ്ങി മരുന്നു വാങ്ങാൻ റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച്, കൊല്ലം സ്വദേശികളായ ദമ്പതികൾക്കു ദാരുണാന്ത്യം. മക്കളുടെയും മാതാപിതാക്കളുടെയും കൺമുന്നിൽ, തിരുവനന്തപുരം പഴവങ്ങാടിയിൽ ബുധൻ രാത്രി എട്ടിനായിരുന്നു അപകടം.

കൊട്ടിയം വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നിസ് ഡാനിയേൽ(45), ഭാര്യ നിർമല ഡെന്നിസ്(34) എന്നിവരാണു മരിച്ചത്. വിദേശത്തായിരുന്ന ഡെന്നിസ്, കോവിഡ് വാക്സീനെടുത്ത ശേഷമുള്ള അസ്വസ്ഥതയ്ക്കു ചികിത്സ തേടാനായി കഴിഞ്ഞ വ്യാഴാഴ്ചയാണു നാട്ടിലെത്തിയത്. തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 6 ദിവസം ചികിത്സയിലായിരുന്നു. ബുധൻ വൈകിട്ട് ആശുപത്രി വിട്ടു വീട്ടിലേക്കു മടങ്ങവെയാണ് അപകടം.

ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കളും മറ്റൊരു ബന്ധുവുമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയിൽനിന്നു കിട്ടാത്ത ചില മരുന്നുകൾ പുറത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങാനാണ് ഇരുവരും കാറിൽ നിന്നിറങ്ങിയത്. ഈ സമയം, ഇതുവഴി പാഞ്ഞെത്തിയ ബൈക്കുകളിൽ ഒരെണ്ണം ഇവരെ ഇടിച്ചിട്ടു നിർത്താതെ പാഞ്ഞുപോയതായി പൊലീസ് പറഞ്ഞു.

സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9 മണിയോടെ ഡെന്നിസും ഇന്നലെ പുലർച്ചെ 3നു നിർമലയും മരിച്ചു. അപകടം നടക്കുമ്പോൾ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്നു മക്കളും മറ്റുള്ളവരും. ശബ്ദവും നിലവിളിയും കേട്ടാണ് ഇവർ റോഡിലേക്ക് ഓടിയെത്തിയത്. അപകടം നടന്നതിനു സമീപം മറിഞ്ഞുകിടന്ന ബൈക്ക് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇതിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരുക്കുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുളള സിസിടിവി ദൃശ്യം ലഭിച്ചു. എന്നാൽ അപകടത്തിനിടയാക്കിയത് മറ്റൊരു ബൈക്കാണെന്നാണ് ഇവരുടെ വിശദീകരണം. ദമ്പതികളുടെ മക്കൾ: ഡെനില, ഡയാൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only