12/10/2021

ബിഎസ്എൻഎൽ ടെലിഫോൺ പോസ്റ്റുകൾ അടിച്ചുമാറ്റി കള്ളൻമാർ!
(VISION NEWS 12/10/2021)

 


ബിഎസ്എൻഎൽ‌ ടെലിഫോൺ പോസ്റ്റുകൾ കള്ളൻമാർ കവർന്നു. ഇടുക്കി നെടുങ്കണ്ടത്താണ് പോസ്റ്റുകൾ വ്യാപകമായി മോഷണം പോയത്. റോഡരികിൽ നിൽക്കുന്ന പോസ്റ്റുകളുടെ കവചത്തിനു വില ഉയർന്നതോടെയാണ് കള്ളൻമാർ പോസ്റ്റുകളുമായി സ്ഥലം വിട്ടത്. ആദ്യകാലത്ത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകളാണ് മോഷണം പോകുന്നത്.

നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിക്കപ്പെടുന്നത്. ഒരു കാലത്ത് ഈ പോസ്റ്റുകൾ വഴിയാണ് ലാൻഡ് ലൈനിന് ആവശ്യമായ കേബിളുകൾ വലിച്ചിരുന്നത്. എന്നാൽ ഒപ്റ്റിക്കൽ ഫൈബറുകളുടെ വരവോടെ ഇത്തരം പോസ്റ്റുകൾ ഉപയോഗിക്കാതെയായി. കുറേ പോസ്റ്റുകൾ ടെലിഫോൺ ഡിപ്പാർട്ട്മെന്റ് തന്നെ ശേഖരിച്ച് എക്‌സ്‌ചേഞ്ചിൽ സൂക്ഷിച്ചിട്ടുണ്ട്.

ഇപ്പോഴും പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്റുകൾ നിലവിലുണ്ട്. ഇങ്ങനെ നിൽക്കുന്ന പോസ്റ്റുകളാണ് വ്യാപകമായി മുറിച്ചുകടത്തുന്നത്. ഈ പോസ്റ്റുകൾക്ക് നല്ല വില ലഭിക്കുമെന്നതിനാലാണ് മോഷണം വ്യാപകമായത്. പോസ്റ്റുകളുടെ പുറം കവചം നിവർത്തിയെടുത്താണ് വിൽപന. എതാനും വർഷങ്ങൾക്കിടെ ലക്ഷകണക്കിനു രൂപയുടെ പോസ്റ്റുകൾ കടത്തിയെന്ന ആക്ഷേപവുണ്ട്. 

ചേമ്പളത്തിനു സമീപം ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ അറുത്തുമാറ്റി കടത്തിക്കൊണ്ടുപോയി. മെയിൻ റോഡുകളിലും ഗ്രാമീണ വഴികളിലുമുള്ള ടെലിഫോൺ പോസ്റ്റുകൾ കരാർ നൽകി മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കൃത്യമായ വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഉപയോഗ ശൂന്യമായത് തിരിച്ചെടുത്തു. കണക്‌ഷൻ വേണമെന്നു പറഞ്ഞവർക്കായി നൽകിയ പോസ്റ്റുകളാണ് അവശേഷിച്ചത്. ഇവയുടെ ഉപയോഗം നിർത്തിയതിനു ശേഷമാണ് പോസ്റ്റുകൾ മോഷ്ടിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only