12/10/2021

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലെര്‍ട്ട്
(VISION NEWS 12/10/2021)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടർ ഉത്തരവിട്ടു. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സർവീസുകൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only