08/10/2021

'തിരികെ സ്‌കൂളിലേക്ക്', അന്തിമ മാര്‍ഗരേഖ പുറത്തിറക്കി
(VISION NEWS 08/10/2021)
സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കി. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാർഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകിയാണ് മാർഗരേഖ പുറത്തിറക്കിയത്. പൊതു നിർദേശങ്ങൾ അടക്കം മാർഗരേഖയ്ക്ക് എട്ടു ഭാഗങ്ങളുണ്ട്.

ആറു വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്കാണ് പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. ആഴ്ചയിൽ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകൾ ഉണ്ടാകുക.

രക്ഷകർത്താക്കൾക്ക് സമ്മതമെങ്കിൽ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം. കുട്ടികൾ കൂട്ടം കൂടാതിരിക്കാൻ ശ്രമിക്കണം. ഭിന്നശേഷിക്കാരായ കുട്ടികൾ ക്ലാസ്സുകളിൽ വരേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിൻ എടുക്കണം. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയന ദിവസം മുതൽ അധ്യാപകർ സ്‌കൂളിലെത്തണം. വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും. കുട്ടികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂൾ ബസുകൾ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകൾക്കായി കെഎസ്‌ആർടിസി ബോണ്ട് സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only