20 ഒക്‌ടോബർ 2021

നെറ്റ് ഇല്ലെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല; അനായാസമായി ഡിജിറ്റൽ പണമിടപാട് നടത്താം
(VISION NEWS 20 ഒക്‌ടോബർ 2021)
രാജ്യമെങ്ങും വൈദ്യുതി ക്ഷാമം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന ആശങ്ക ഇന്റര്‍നെറ്റ് കണക്ഷനെ കുറിച്ചാണ്. എന്നാൽ നെറ്റ് ഇല്ലെങ്കിൽ ഡിജിറ്റൽ പണമിടപാട് ഉൾപ്പടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും എന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തൽ. കാരണം നെറ്റ് ഇല്ലെങ്കിലും ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള സാങ്കേതികവിദ്യ രാജ്യം മുഴുവന്‍ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.

നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്തതിനാലും നിരന്തരം തടസങ്ങള്‍ ഉണ്ടാകുന്നതിനാലും ഐ എം പി എസ്, ആര്‍ ടി ജി എസ് പോലുള്ള ഓണ്‍ലൈന്‍ ഇടപാടുകളും യു പി ഐ പോലുള്ള ഡിജിറ്റല്‍ പണകൈമാറ്റവും ഇതുവരെ നടത്താനാവില്ലായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും മറ്റും ഇതു മൂലം ഇത്തരം ഇടപാടുകള്‍ നടത്താനാവാത്ത സ്ഥിതിയായിരുന്നു. ഡാറ്റയുടെ വേഗം കുറഞ്ഞ മേഖലകളിലും ഓണ്‍ലൈന്‍-ഡിജിറ്റല്‍ പണമിടപാടിന് വലിയ പ്രതിസന്ധിയായിരുന്നു നിലനിന്നിരുന്നത്.

ഇതിന് പരിഹാരമെന്നോണമാണ് പുതിയ സങ്കേതം കൊണ്ടുവരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പൈലറ്റ് സ്റ്റഡി വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിനും 2021 ജൂണിനുമിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വിജയകരമായിരുന്നു. ചെറിയ തുകകള്‍ അടങ്ങിയ 2.41 ലക്ഷം ഇടപാടുകളിലൂടെ 1.16 കോടി രൂപ ഇങ്ങനെ തടസങ്ങളേതുമില്ലാതെ കൈമാറി. തുടര്‍ന്നാണ് ഉടന്‍ രാജ്യമൊട്ടാകെ പദ്ധതി നടപ്പാക്കുമെന്ന് ആര്‍ ബി ഐ പ്രഖ്യാപനം വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only