24 ഒക്‌ടോബർ 2021

വയനാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി
(VISION NEWS 24 ഒക്‌ടോബർ 2021)
കൽപ്പറ്റ: മീനങ്ങാടിയിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. കല്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെയും മകൾ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അമ്മയുടെ സഹോദരിയുടെ വീടായ മീനങ്ങാടി പുഴങ്കുനി ചേവായിൽ കഴിഞ്ഞ വ്യാഴാഴ്ച വിരുന്നെത്തിയതായിരുന്നു ശിവപാർവണ. ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് കുട്ടിയെ കാണാതായത്. കളിക്കുന്നതിനിടെ സമീപത്തെ പുഴയിൽ വീണതാണെന്നാണ് കരുതുന്നത്. പുഴയോരത്ത് കുട്ടിയുടെ കാല്പാട് കണ്ടതോടെയാണ് പുഴയിൽ വീണതാകാമെന്ന സംശയമുണ്ടായത്.


കല്പറ്റയിൽനിന്ന് അഗ്നിരക്ഷാസേനയും തുർക്കി ജീവൻ രക്ഷാസമിതിയും നാട്ടുകാരും ചേർന്ന് ശനിയാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഷട്ടർ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തിരച്ചിൽ നടത്തിയത്.

ശനിയാഴ്ചത്തെ തിരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only