30 ഒക്‌ടോബർ 2021

പുനീതിന്റെ മരണം; ആരാധകൻ കുഴഞ്ഞുവീണു മരിച്ചു
(VISION NEWS 30 ഒക്‌ടോബർ 2021)
ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ ആരാധകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചാമരാജ്നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും രണ്ടു മക്കളമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ആരാധകർക്കു മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ആ വോർപാട്.


കന്നഡസിനിമയിലെ ഇതിഹാസമായിരുന്ന ഡോ. രാജ്കുമാറിന്റെ അഞ്ചുമക്കളിൽ ഇളയവനാണ് പുനീത്. ബാലതാരമായി സിനിമയിലെത്തിയ പുനീത് ആ​ദ്യം നായകനായെത്തിയത് അപ്പു എന്ന ചിത്രത്തിലൂടെയാണ്. ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നതും അപ്പു എന്നാണ്. മുപ്പതോളം സിനിമകളിൽ നായകനായി.

പുനീത് രാജ്കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി ആർ. അശോക് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only