👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

13 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 13 ഒക്‌ടോബർ 2021)
🔳ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇക്കൊല്ലത്തെയും അടുത്തകൊല്ലത്തെയും പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍ പുറത്തുവിട്ട് ഐ.എം.എഫ്. കോവിഡ് 19-നെ തുടര്‍ന്ന് 7.3 ശതമാനമായി ചുരുങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2021-ല്‍ 9.5 ശതമാനവും 2022-ല്‍ 8.5 ശതമാനവും വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ് പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് ഔട്‌ലുക് പറയുന്നു.

🔳അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനില്‍ ഉചിതമായ മാറ്റങ്ങളുണ്ടാകാന്‍ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്നും അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳മനുഷ്യാവകാശ വിഷയങ്ങളില്‍ ചിലതില്‍ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-ാമത് സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ രാഷ്ട്രീയപരമായി ലാഭ-നഷ്ട കണ്ണുകളിലൂടെ ചിലര്‍ കാണുന്നുണ്ട്. ഇത് ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്നും മോദി പറഞ്ഞു.

🔳കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുകഴ്ത്തി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ അരുണ്‍ മിശ്ര. ജമ്മു കശ്മീരില്‍ പുതുയുഗം പിറക്കാന്‍ കാരണക്കാരന്‍ ഷാ ആണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കൂടിയായ അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിലായിരുന്നു മിശ്രയുടെ പരാമര്‍ശം.

🔳രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കരിക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,020 കോവിഡ് രോഗികളില്‍ 48.83 ശതമാനമായ 7,823 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 229 മരണങ്ങളില്‍ 46.28 ശതമാനമായ 106 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,00,872 സജീവരോഗികളില്‍ 48.14 ശതമാനമായ 96,710 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനമായ 2,50,11,209 പേര്‍ക്ക് ആദ്യ ഡോസും 44.50 ശതമാനമായ 1,18,84,300 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

🔳തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.

🔳അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ വീണ്ടും പിന്തുണച്ച് ശശി തരൂര്‍ എംപി. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിന് അദാനിവരുമ്പോള്‍ അത് നല്ലതാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയര്‍ന്നിരുന്നു. നമ്മുടെ വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

🔳ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും നോര്‍ക്ക സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

🔳പീഡന കേസ് ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന വിവാദം ഉണ്ടായ സംഭവത്തിന്റെ പേരില്‍ എന്‍സിപിയില്‍ കൂട്ട പുറത്താക്കല്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കല്‍. യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയംഗം പദ്മാകരന്‍, രാജീവ് എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പരാതിക്കാരിയായ യുവതിയുടെ പിതാവിനെയും പുറത്താക്കിയിട്ടുണ്ട്.

🔳സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകള്‍ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. 174 കേസുകളാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണ്‍സ്യൂമര്‍ ഫെഡില്‍ 29 കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സഹകരണ മേഖയിലെ വിജിലന്‍സ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

🔳കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. രാജീവന്‍ മാസ്റ്റര്‍, എംപി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യവും ദളിത് - വനിതാ പ്രാതിനിധ്യവും ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

🔳പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളില്‍ കൊടിമരങ്ങളാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും പറഞ്ഞു. റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

🔳അഞ്ചല്‍ സ്വദേശിനി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.  

🔳സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബികടലില്‍ രൂപംകൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതോടെ സംസ്ഥാനത്ത് 16 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

🔳കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജന്‍. എന്‍ഡിആര്‍എഫിന്റെ ആറ് ടീം തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 27 ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. 

🔳മഴ കനത്തതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. സവാളയ്ക്കും തക്കാളിക്കും വില ഇരട്ടിയായി. ആഴ്ചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണം.

🔳തിരുവനന്തപുരം മുടവന്‍മുകളില്‍ ഇരട്ട കൊലപാതകം. ഭാര്യയുടെ അച്ഛനെയും സഹോദരനെയും യുവാവ് കുത്തി കൊന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചുമട്ട് തൊഴിലാളിയായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അരുണിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ എഴുത്തിനിരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചത്. മദ്യലഹരിയിലായിരുന്നു പ്രതി എന്നാണ് പ്രാഥമിക വിവരം.

🔳വിനായക് ദാമോദര്‍ സവര്‍ക്കര്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞതെന്നും സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്നാഥ് സിങ്ങ്. മഹാത്മാ ഗാന്ധിയും സവര്‍ക്കറും പരസ്പര ബഹുമാനമുള്ളവരായിരുന്നെന്നും സവര്‍ക്കറെ മോശമായി ചിത്രീകരിച്ചവരുടെ അടുത്ത ലക്ഷ്യം, സ്വാമി വിവേകാനന്ദന്‍, സ്വാമി ദയാനന്ദ സ്വരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നുവെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. സവര്‍ക്കറെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
  
🔳വ്യാജ ഇന്ത്യന്‍ തിരിച്ചറിയില്‍ രേഖകളുമായി ദില്ലിയില്‍ പിടിയിലായ പാക് ഭീകരന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പിടിയിലായത് പാക്കിസ്ഥാനിലെ നര്‍വാള്‍ സ്വദേശി മുഹമ്മദ് അഷ്റഫാണെന്നും പിടിയിലായ ഭീകരന് ഐഎസ്ഐ പരിശീലനം കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പത്തു വര്‍ഷത്തിലധികമായി ഇന്ത്യയില്‍ വ്യാജ പേരില്‍ താമസിക്കുകയായിരുന്ന ഇയാള്‍ക്ക് നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

🔳കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതല്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് യാത്ര നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി. അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

🔳അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താന്‍ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്നും യോഗത്തില്‍ പങ്കെടുത്ത
രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ അഫ്ഗാനികള്‍ക്കുള്ള നേരിട്ടുള്ള പിന്തുണ ആണെന്നും അത് താലിബാന്റെ താല്‍ക്കാലിക സര്‍ക്കാരിനല്ലെന്നും പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി.

🔳സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകര്‍ക്ക് റേഡിയോ സിഗ്നലുകള്‍ ലഭിച്ചു. നെതര്‍ലന്‍ഡിലെ ശക്തിയേറിയ ലോ ഫ്രീക്വന്‍സി അറേ റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നല്‍ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തില്‍ നിന്നാണ് ഈ സിഗ്നലുകള്‍ ലഭിച്ചത്. ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്ന ഈ പുതിയ വിദ്യയിലൂടെ അന്യഗ്രഹ ജീവനെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കാം.

🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകസ്ഥാനത്തേക്കുളള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്. ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബെംഗളുരു വിടാന്‍ താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരമാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.

🔳ടി20 ലോകകപ്പില്‍ എം എസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവാകുന്നത് പ്രതിഫലമില്ലാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പ്രതിഫലമൊന്നുമില്ലാതെ തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായിരിക്കാന്‍ ധോണി തയാറായിയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചു. ധോണിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 86,031 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 106 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,448 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 382പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,490 പേര്‍ രോഗമുക്തി നേടി. ഇതോടെ 96,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93.

🔳രാജ്യത്ത് ഇന്നലെ 16,020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 22,843 പേര്‍ രോഗമുക്തി നേടി. മരണം 229. ഇതോടെ ആകെ മരണം 4,51,220 ആയി. ഇതുവരെ 3,40,00,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,069 പേര്‍ക്കും തമിഴ്നാട്ടില്‍ 1,289 പേര്‍ക്കും മിസോറാമില്‍ 1430 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,53,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 58,856 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,520 പേര്‍ക്കും റഷ്യയില്‍ 28,190 പേര്‍ക്കും തുര്‍ക്കിയില്‍ 33,860 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.93 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.78 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,149 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,190 പേരും റഷ്യയില്‍ 973 പേരും ഉക്രെയിനില്‍ 352 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.79 ലക്ഷം.

🔳നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ ലഭ്യമാക്കി ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോം കമ്പനികള്‍. അവയുടെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഒടിടി നേട്ടങ്ങളും നല്‍കുകയാണ്. ഈ റീച്ചാര്‍ജ് പ്ലാനുകളില്‍ പരിധിയില്ലാത്ത ഡാറ്റ, കാള്‍ നേട്ടങ്ങളും ഉപയോക്താക്കള്‍ക്ക് കമ്പനികള്‍ നല്‍കി വരുന്നു. റിലയന്‍സ് ജിയോയുടെ 399 രൂപാ പ്ലാനില്‍ ആകെ 75 ജിബി എഫ്യുപി ഡാറ്റ ലഭ്യമാകും. എയര്‍ടെലിന്റെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ റോള്‍ ഓവര്‍ സൗകര്യത്തോടെ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. വോഡഫോണ്‍ ഐഡിയയുടെ 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ 75 ജിബി എഫ്യുപി ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാവുക.

🔳കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇഇഎസ്എല്ലിന്റെ 100 മെഗാവാട്ട് സൗരോര്‍ജ പദ്ധതി ടാറ്റാ പവര്‍ സോളാറിന് ലഭിച്ചു. 538 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതലയാണ് ടാറ്റ സ്വന്തമാക്കിയത്. 12 മാസമാണ് പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി. മഹാരാഷ്ട്രയിലാണ് ഇഇഎസ്എല്ലിന്റെ പുതിയ സൗരോര്‍ജ്ജ പദ്ധതി വരുന്നത്. പുതിയ കരാര്‍ കൂടി സ്വന്തമാക്കിയതോടെ ആകെ 4 ജിഗാവാട്ടിന്റെ പദ്ധതികളാണ് ടാറ്റ പവറിന്റെ കീഴില്‍ രാജ്യത്ത് നിര്‍മിക്കുന്നത്. ഏകദേശം 9,264 കോടി രൂപയുടെ പദ്ധതികളാണിവ.

🔳ഗൗതം വാസുദേവ് മേനോന്‍ അഭിനയിക്കുന്ന ചിത്രമാണ് സെല്‍ഫി. കരുത്തുറ്റ കഥാപാത്രമായിട്ട് ആണ് ഗൗതം വാസുദേവ് മേനോന്‍ സെല്‍ഫിയില്‍ എത്തുന്നത്. ജി വി പ്രകാശ്കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു എഞ്ചിനീയറുടെ കുമ്പസാരം എന്ന ടാഗ്ലൈനോടെയാണ് സെല്‍ഫി എത്തുക. നവാഗതനായ മതിമാരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വര്‍ഷയാണ് സെല്‍ഫി എന്ന ചിത്രത്തിലെ നായിക.

🔳ആന്റണി വര്‍ഗീസ് കഥയെഴുതിയ ഹ്രസ്വചിത്രമാണ് ബ്രഷ്- ഒരു തേപ്പ് കഥ. ആല്‍ബി പോളിന്റെ സംവിധാനത്തിലുള്ള ചിത്രം പുറത്തുവിട്ടു, ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കല്‍ ചേര്‍ന്നു ഷോര്‍ട്ട് ഫിലിം ആയി ഇറക്കിയതാണെന്ന് ആന്റണി വര്‍ഗീസ് പറയുന്നു.

🔳പുതിയ കണക്റ്റഡ് പ്ലെഷര്‍ പ്ലസ് എക്സ ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ഉത്സവ സീസണിലെ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറുകളുടെ വിശാലമായ ചോയ്‌സ് നല്‍കാനാണ് ശ്രമമെന്നും ഹീറോ പ്ലെഷര്‍ പ്ലസ് 110 ന് 61,900 രൂപയും എല്‍എക്സ് വേരിയന്റിനും പ്ലെഷര്‍ പ്ലസ് 110 എക്സ് ടെക്കിനും 69,500 രൂപയില്‍ ദില്ലി എക്സ് ഷോറൂം വില ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു.

🔳ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാന്‍ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോര്‍സൈക്കിള്‍ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോര്‍ബൈക്കില്‍ പാഞ്ഞുപോയ രണ്ടുപേര്‍. ജോണ്‍ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും. വെള്ളിത്തിരയില്‍ എന്നപോലെ ജോണ്‍ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതകഥ ആ ബൈക്ക് യാത്രകളുടെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെ വെളിപ്പെടുന്നു. 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം'. പ്രൊഫ.ശോഭീന്ദ്രന്‍. മാതൃഭൂമി. വില 184 രൂപ.

🔳നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ശരീരത്തിന് പല അവശ്യഘടകങ്ങളും വേണ്ടതായി വരുന്നുണ്ട്. ഇവയില്‍ വൈറ്റമിനുകളും, ധാതുക്കളും, പ്രോട്ടീനുമെല്ലാം ഉള്‍പ്പെടുന്നു. ഇതിലേതെങ്കിലുമൊരു ഘടകത്തില്‍ കുറവ് വന്നാല്‍ തന്നെ അത് ശരീരത്തില്‍ പ്രതിഫലിക്കും. വിശപ്പില്ലായ്മ, തളര്‍ച്ച, വണ്ണം കാര്യമായി കുറയുന്ന അവസ്ഥ, അലസത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം വൈറ്റമിന്‍- സി കുറവ് മൂലം ഒരു വ്യക്തിയില്‍ കണ്ടേക്കാം. വൈറ്റമിന്‍ -സി കുറവ് നേരിട്ട് എട്ട് മുതല്‍ 12 ആഴ്ചകള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങുക. ഇവയ്ക്ക് പുറമെ മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി വൈറ്റമിന്‍ സി കുറവ് മൂലം കാണാം. മോണയ്ക്ക് അയവ് തോന്നുക, ഒപ്പം തന്നെ മോണയില്‍ നിന്ന് രക്തസ്രാവവും ഉണ്ടാവുക. അതുപോലെ മലത്തിന് കടുത്ത നിറവും ഉണ്ടാവുക. ഈ ലക്ഷണങ്ങളെല്ലാം വൈറ്റമിന്‍ സി കുറവിനെ സൂചിപ്പിക്കുന്നതാണ്. മുറിവുണങ്ങാന്‍ അധികസമയമെടുക്കുന്നുണ്ടെങ്കില്‍ അതും ഒരുപക്ഷേ വൈറ്റമിന്‍ സിയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. മുറിവുണങ്ങാന്‍ സമയമെടുക്കുന്നതിന് വേറെയും കാരണങ്ങളുണ്ടാകാം അതിനാല്‍ അത് പരിശോധിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. വൈറ്റമിന്‍ സിയുടെ കുറവ് ഏറ്റവുമധികം ബാധിക്കപ്പെടുന്നൊരു മേഖലയാണ് രോഗ പ്രതിരോധശേഷി. വൈറ്റമിന്‍ സിയുടെ കുറവ് ദീര്‍ഘകാലത്തേക്ക് നിലനിന്നാല്‍ പല്ല് കൊഴിഞ്ഞുപോരുക, പല്ല് പൊട്ടിപ്പോരുക, നഖങ്ങള്‍ പൊട്ടുക, സന്ധിവേദന, എല്ല് പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും കാണാം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only