01/10/2021

ഭയമില്ലാതെ പരാതിക്കാർക്ക് സമീപിക്കാനാകണം; വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ് സതീ​ദേവി
(VISION NEWS 01/10/2021)
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു. ഭയമില്ലാതെ പരാതിക്കാര്‍ക്ക് അധികാരികളെ സമീപിക്കാന്‍ കഴിയണമെന്നും ആ സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന ബോധം എല്ലാവര്‍ക്കും വേണമെന്നും സ്ഥാനമേറ്റെടുത്ത് സതീദേവി പറഞ്ഞു. പൊലീസിലടക്കം സ്ത്രീവിരുദ്ധ സമീപനങ്ങളുണ്ട്, ഇത് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഹരിതയുടെ പരാതിയില്‍ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്നും സതീദേവി പറഞ്ഞു.പാഠ്യപദ്ധതിയിലടക്കം സ്ത്രീവിരുദ്ധമായ നിലപാടുകളുണ്ടെങ്കില്‍ മാറ്റാന്‍ ശ്രമിക്കുമെന്നും തൊഴില്‍ മേഖലയില്‍ സ്ത്രീ പുരുഷ തുല്ല്യത ഉറപ്പാക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സതീദേവി വ്യക്തമാക്കി.

2004 ല്‍ വടകരയില്‍ നിന്ന് ലോക്‌സഭാ എം പിയായി സതീദേവി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി പി എം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സി പി എം നേതാവ് എം ദാസന്റെ ഭാര്യയുമാണ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ സതീദേവി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതിനെ തുടര്‍ന്ന് എം സി ജോസഫൈന്‍ വനിതാകമ്മിഷന്‍ അദ്ധ്യക്ഷപദവിയില്‍ നിന്ന് രാജി വച്ച ഒഴിവിലേക്കാണ് സതീദേവിയെ നിയമിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only