02/10/2021

എം.എം.അഹമ്മദ്കോയ: ഓർമ്മയായത് ലഹരിക്കെതിരെ ചങ്കുറപ്പോടെ പോരാടിയ ഒറ്റയാൻ
(VISION NEWS 02/10/2021)


കൊടുവള്ളി: ലഹരിക്കെതിരെ ചങ്കുറപ്പോടെ നിലകൊണ്ട് പോരാടിയ ഒറ്റയാനെയാണ് എം.എം.അഹമ്മദ് കോയയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത്. കൊടുവള്ളിയും പരിസരപ്രദേശങ്ങളിലും ലഹരി ഉപഭോഗവും വിപണനവും വ്യാപകമായ തൊണ്ണൂറുകളിൽ ഭീഷണികളെ തൃണവത്ഗണിച്ചായിരുന്നു അഹമ്മദ് കോയ ലഹരിക്കെതിരായ പോരാട്ടത്തിനിറങ്ങിയത്. ലഹരിയുടെ വലയിൽ അകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്ന യുവതലമുറയുടെ നേർക്കാഴ്ച അദ്ദേഹത്തെ നൊമ്പരപ്പെടുത്തുകയും സ്വയം ലഹരിവിരുദ്ധ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുകയുമായിരുന്നു.

കൊടുവള്ളി - ആർ.ഇ.സി.റോഡിൽ വഴിയോരത്ത് പെട്ടിക്കടയിട്ട് ചെറിയ തോതിൽ തുണിക്കച്ചവടം നടത്തിയായിരുന്നു അഹമ്മദ്കോയ കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ സാമ്പത്തിക പ്രയാസം കാരണം പെട്ടിക്കട പൂട്ടിയിടേണ്ടി വന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം പെട്ടിക്കടയിലെത്തിയപ്പോൾ തന്റെ കടയുടെ പിന്നിൽ ലഹരിവില്പനക്കാർ ഒളിപ്പിച്ചു വെച്ച കഞ്ചാവ് പൊതികൾ അഹമ്മദ്കോയയുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഇത് മുഴുവൻ എടുത്ത് നശിപ്പിച്ചു കളഞ്ഞു.ഇതേ തുടർന്ന് കഞ്ചാവ് സംഘത്തിൽ നിന്ന് നിരവധി ഭീഷണികൾ നേരിട്ടെങ്കിലും അഹമ്മദ്കോയ പതറിയില്ല. ജീവൻ അപകടത്തിലാകുമെന്ന് കണ്ട സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തോട് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും അഹമ്മദ്കോയ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പത്രമാധ്യമങ്ങളുടെ പിന്തുണ തേടിയതോടെ അദ്ദേഹത്തിന്റെ പോരാട്ടം വാർത്തയാകുകയും ലഹരിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്ത് നേടുകയും ചെയ്തു.

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കിയതോടെ ഭീഷണികളും മർദ്ദനങ്ങളും വധശ്രമങ്ങളും വർധിച്ചു.എന്നാൽ ഇതൊന്നും അഹമ്മദ്കോയയെ തളർത്തിയില്ല. ഒരു തവണ കൊലക്കത്തിയിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ലഹരിക്കെതിരായ അഹമ്മദ്കോയയുടെ പോരാട്ടം നാട്ടിലെ ചിലരിൽ മനംമാറ്റമുണ്ടാക്കാൻ തുടങ്ങി. അങ്ങിനെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരെ കൂടെ കൊണ്ടുവന്നാണ് കൊടുവള്ളിയിൽ മദ്യനിരോധന സമിതി ഉണ്ടാക്കുന്നത്. ദീർഘകാലം ഇതിന്റെ കൺവീനറായിരുന്നു അഹമ്മദ്കോയ. എന്നാൽ സമിതിയുടെ പ്രവർത്തനം പലപ്പോഴും പേരിന് മാത്രമായി ചുരുങ്ങിപ്പോയിരുന്നു. അപ്പോഴും അഹമ്മദ്കോയ ഒറ്റയ്ക്കു തന്നെ പോരാട്ടത്തിനിറങ്ങുകയായിരുന്നു ചെയ്തിരുന്നത്.

മദ്യ-മയക്കുമരുന്ന് കേസുകളിൽ പോലീസിനെ സഹായിക്കാൻ അഹമ്മദ്കോയ സദാ തയ്യാറായിരുന്നു. ഇത്തരം കേസുകളിൽ സാക്ഷി പറയാൻ ആളുകൾ തയ്യാറാകാത്തതിനാൽ പല കേസുകളിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്. 25-ഓളം കേസുകളിൽ അഹമ്മദ്കോയ പോലീസ് ഭാഗം സാക്ഷി പറഞ്ഞിട്ടുണ്ട്. അഹമ്മദ്കോയയുടെ സാക്ഷി ബലത്തിന്റെ അടിസ്ഥാനത്തിൽ ആറോളം പേർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച ബ്രൗൺഷുഗർ കേസിലെ പ്രധാന സാക്ഷിയായത് അഹമ്മദ്കോയയായിരുന്നു. ലഹരി സംഘങ്ങളെക്കുറിച്ചും വ്യാജവാറ്റിനെക്കുറിച്ചും നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുകയും പോലീസിന് വിവരം നൽകുകയും ചെയ്യുന്നത് അഹമ്മദ്കോയ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. 

ലഹരിക്കെതിരെ നാട്ടുകാരെ ബോധവത്കരിക്കാൻ സ്വന്തമായി മൈക്കും കാബിനും വാങ്ങി. ഇതുമായി ഗ്രാമങ്ങളിലുടനീളം നടന്ന് അദ്ദേഹം ലഹരിക്കെതിരെ ബോധവത്കരണം നടത്തിക്കൊണ്ടിരുന്നു. കേവലം അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ അഹമ്മദ് കോയ ഖുർആനും ഭഗവത് ഗീതയും ബൈബിളുമൊക്കെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ബോധവത്കരണം നടത്തിയിരുന്നത്. അദ്ദേഹം ഒട്ടുമിക്ക വിദ്യാലയങ്ങളിലും എത്തി കുട്ടികളെ ലഹരി വിപത്തിനെക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. എല്ലാ ലഹരി വിരുദ്ധ ദിനത്തിലും ഏതെങ്കിലുമൊരു വിദ്യാലയത്തിൽ ഉദ്ഘാടകനായോ അധ്യക്ഷനായോ പ്രാസംഗികനായോ അഹമ്മദ്കോയ ഉണ്ടാകുമായിരുന്നു.

കൊടുവള്ളി - ചുണ്ടപ്പുറം റോഡിൽ പ്രവർത്തിച്ചിരുന്ന ചാരായ ഷാപ്പ് പൂട്ടിക്കുന്നതിനും മാനിപുരത്തിനടുത്തുണ്ടായിരുന്ന കള്ള് ഷാപ്പ് സമരം ചെയ്ത് പൊളിച്ചുമാറ്റുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ചത് അഹമ്മദ് കോയയായിരുന്നു. 2012-ൽ ജില്ലയിൽ ബാറുകൾ അനുവദിച്ചതിനെതിരെയും താമരശ്ശേരി ബാർ വിരുദ്ധ സമരത്തിലും അഹമ്മദ്കോയ സഞ്ജീവമായി പ്രവർത്തിച്ചിരുന്നു.മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം, കൊടുവള്ളി മദ്യനിരോധന സമിതി കൺവീനർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന അഹമ്മദ്കോയ മദ്യനിരോധന സമിതിയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

അഹമ്മദ്കോയയുടെ  മരണ വിവരമറിഞ്ഞ് ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ വസതിയിലെ ആദരാഞ്ജലിയർപിച്ചു.തുടർന്ന് രാത്രി ഒൻപതരയോടെ പറമ്പത്ത്കാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

ലേഖകൻ : എം അനിൽ കുമാർ (mathrabhumi koduvally )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only