👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 06 ഒക്‌ടോബർ 2021)🔳ലഖിംപുര്‍ ഖേരിയില്‍ വാഹനം കയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നിലപാട് കടുപ്പിച്ചു. വിവാദത്തിലായ കേന്ദ്ര സഹമന്ത്രി രാജിവയ്ക്കും വരെ സീതാപൂരിലെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വെല്ലുവിളികള്‍ അതിജീവിച്ച് പ്രതിഷേധം തുടരുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. അതേസമയം യു പി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ലഖിംപുര്‍ ഖേരിയിലെത്തുന്ന രാഹുല്‍ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നാണ് എ ഐ സി സി വ്യക്തമാക്കുന്നത്.

🔳എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രിയങ്ക കഴിയുന്ന സീതാപുര്‍ പൊലീസ് കേന്ദ്രത്തിന്റ പുറത്ത് മെഴുകുതിരി കത്തിച്ചും പന്തം കൊളുത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതേസമയം, അറസ്റ്റ് ചെയ്തെന്ന വിവരം ഇതുവരെ പ്രിയങ്ക അറിയിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായി തടങ്കലിലാക്കിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെയും മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു.

🔳ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. ഇന്നലെ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ കൊവാക്സിന്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 19,031 കോവിഡ് രോഗികളില്‍ 51.15 ശതമാനമായ 9,735 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 276 മരണങ്ങളില്‍ 54.71 ശതമാനമായ 151 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,39,691 സജീവരോഗികളില്‍ 51.94 ശതമാനമായ 1,24,501 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാവരും ഒരുമിച്ച് നേരിടുകയാണ് വേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. യുഡിഎഫ് കാലത്തെ കടം ആനുപാതികമായി എല്‍ഡിഎഫ് കാലത്ത് കൂടിയില്ലെന്നും എങ്കിലും ബുദ്ധിമുട്ടുണ്ടെന്നും ഇനിയും കടം എടുക്കേണ്ടിവരുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

🔳സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. അന്തിമ മാര്‍ഗരേഖ ഉടന്‍ ഇറങ്ങും. ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ലാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ലാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

🔳സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ ദില്ലിയില്‍ പറഞ്ഞു. എന്നാല്‍ താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യം പരിശോധിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെയും ഡി രാജ തള്ളി. കനയ്യയുടേത് വഞ്ചനായാണെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് രാജ വ്യക്തമാക്കി. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനവും കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനം ഉണ്ട്. ബിജെപിയില്‍ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് കേരളാ ഹൈക്കോടതി. സമാധാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും  ദൈവത്തിന്റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നത് അവസാന മാര്‍ഗം മാത്രമെന്നും പറഞ്ഞു.

🔳എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു.

🔳പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഫീസ് എട്ടിരട്ടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാര്‍ റീ രജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപ അടയ്ക്കേണ്ടതായി വരും. നിലവില്‍ ഇത് 600 രൂപയാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 2500 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.അടുത്ത വര്‍ഷം ഏപ്രിലോടു കൂടിയായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.

🔳ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നീക്കവുമായി എന്‍സിബി. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമാസ് ക്രൈ എന്ന സ്ഥാപനമാണ് കപ്പല്‍ യാത്രയിലെ പരിപാടികള്‍ സംഘടിപ്പിച്ചത്. രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരടക്കം ഈ സ്ഥാപനത്തിലെ നാല് ജീവനക്കാരെ എന്‍സിബി അറസ്റ്റ് ചെയ്തു.

🔳പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള നവ്ജ്യോത്സിംഗ് സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് അംഗീകരിച്ചേക്കും. പഞ്ചാബില്‍ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ തേടുകയാണ് പാര്‍ട്ടി. സിദ്ദുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചു. ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടില്‍ സിദ്ദു ഉറച്ചുനില്‍ക്കുകയായിരുന്നു.

🔳ജമ്മു കശ്മീരില്‍ മൂന്നിടങ്ങളിലായി നാട്ടുകാര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. ഭീകരരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരന്നുവെന്ന് സൈന്യം അറിയിച്ചു.

🔳ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിടും. പുരസ്‌കാരത്തിന്റെ ഒരു പകുതി കാലാവസ്ഥയെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും നിര്‍ണ്ണായക പഠനങ്ങള്‍ നടത്തിയ സ്യുകൂറോ മനാബെയ്ക്കും, ക്ലാസ് ഹാസ്സെല്‍മാനുമാണ്. മറു പകതി  ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ ജിയോര്‍ജിയോ പരീസിക്കാണ്. സങ്കീര്‍ണ്ണവും ക്രമരഹിതവുമായി ഭൗതിക സംവിധാനങ്ങളില്‍ മറഞ്ഞിരിക്കുന്ന ക്രമരൂപങ്ങളെക്കുറിച്ചുള്ള പഠനമാണ് ജിയോര്‍ജിയോ പരീസി നടത്തിയത്.

🔳1950 മുതല്‍ 2,16,000 കുട്ടികളെയാണ് കത്തോലിക്കാ പുരോഹിതര്‍ പീഡിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സഭയിലെ താഴ്ന്ന തട്ടിലുള്ളവര്‍ പീഡിപ്പിച്ചതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 3,30,000 കടക്കുമെന്നും ഒരു സ്വതന്ത്ര അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തുവന്ന കണക്കുകള്‍ നാണം കെടുത്തുന്നതും ഭീതിതവുമാണെന്നും മാപ്പ് നല്‍കണമെന്നുമായിരുന്നു ഫ്രഞ്ച് സഭയുടെ പ്രതികരണം. 2018 ല്‍ ഫ്രഞ്ച് കത്തോലിക്കാ സഭയാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരില്‍ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

🔳മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഗുസ്തി താരം സുശീല്‍ കുമാറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.

🔳2022-ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. ഇന്നലെ ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചതാണ് ഇക്കാര്യം.  യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.  

🔳ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വമ്പന്‍ ജയം നേടിയതോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷവെക്കാം. 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഇഷാന്‍ കിഷനും 13 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. അതേസമയം വമ്പന്‍ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. വമ്പന്‍ ജയം നേടിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ. തോല്‍വിയോടെ രാജസ്ഥാന്‍ പഞ്ചാബിന് പിന്നില്‍ ഏഴാം സ്ഥാനത്തായി.

🔳മുന്‍ കാമുകി ഓള്‍ഗ ഷാരിപോവയുടെ ഗാര്‍ഹിക പീഡന ആരോപണങ്ങളില്‍ ജര്‍മന്‍ ടെന്നീസ് താരം അലക്‌സാണ്ടര്‍ സ്വെരേവിനെതിരേ അന്വേഷണം ആരംഭിച്ച് അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ്. ഓഗസ്റ്റില്‍ ഒരു അഭിമുഖത്തിനിടെയാണ് സ്വെരേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മുന്‍ ടെന്നീസ് താരം കൂടിയായ ഓള്‍ഗ വെളിപ്പെടുത്തിയത്.

🔳കേരളത്തില്‍ ഇന്നലെ 93,202 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,878 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,24,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93 ശതമാനമായ 2,48,14,445 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും  42.4 ശതമാനമായ 1,13,51,311 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150.

🔳രാജ്യത്ത് ഇന്നലെ 19,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24,744 പേര്‍ രോഗമുക്തി നേടി. മരണം 276. ഇതോടെ ആകെ മരണം 4,49,568 ആയി. ഇതുവരെ 3,38,70,385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.39 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,401 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,449 പേര്‍ക്കും മിസോറാമില്‍ 1,681 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,78,351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 83,858 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,869 പേര്‍ക്കും റഷ്യയില്‍ 25,110 പേര്‍ക്കും തുര്‍ക്കിയില്‍ 29,802 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.60 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,959 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,661 പേരും റഷ്യയില്‍ 895 പേരും  ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.30 ലക്ഷം.

🔳ക്രിപ്റ്റോകറന്‍സി നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനിടെ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ക്രിപ്റ്റോ മാര്‍ക്കറ്റില്‍ 641 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൈനാലിസിസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ ആറിരട്ടിയിലധികം വളര്‍ന്നപ്പോള്‍ പാകിസ്താന്‍ ക്രിപ്റ്റോ മാര്‍ക്കറ്റില്‍ 711 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 10 മില്യണ്‍ ഡോളറിന് മുകളിലുള്ള ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. ഇന്ത്യന്‍ ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ 42 ശതമാനവും ഈ വിഭാഗത്തില്‍നിന്നുള്ളവരാണ്.

🔳ഓഹരി വിലയില്‍ 10 ശതമാനത്തോളം കുതിപ്പുണ്ടായതോടെ ഓയില്‍ ആന്‍ഡ് നേച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയായി. ചൊവാഴ്ച ദിനവ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയര്‍ന്നത്. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവാണ് പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി നേട്ടമാക്കിയത്. 2018 നവംബറിനുശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വില ഇത്രയും ഉയരുന്നത്.

🔳വിദ്യുത് ജാംവാല്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പേര് 'സനക്' എന്നാണ്. കനിഷ്‌ക് വര്‍മ്മയാണ് സംവിധായകന്‍. രുക്മിണി മൈത്ര നായികയാവുന്ന ചിത്രത്തില്‍ നേഹ ധൂപിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചന്ദന്‍ റോയ് സന്യാല്‍, അമോല്‍ ഗുപ്തെ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  നഗരത്തിലെ ഒരു പ്രധാന ആശുപത്രിയില്‍ രോഗികളെ ബന്ദികളാക്കുന്ന തീവ്രവാദികളെ നേരിടുകയാണ് ചിത്രത്തില്‍ നായകന്റെ മിഷന്‍.

🔳വിക്കി കൗശല്‍ നായകനാകുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ചിത്രത്തിലെ ഭഗത് സിംഗിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തില്‍ അമോല്‍ പരാശര്‍ ആണ് ഭഗത് സിംഗായി എത്തുന്നത്.  വിക്കി കൌശല്‍ ആണ് പരാശറിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക.ചിരഞ്ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

🔳പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ ഡെലവറി ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു.  ഏറ്റവും വേഗതയേറിയതും മോട്ടോര്‍സ്പോ4ട്ടില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ എക്സ്റ്റീരിയര്‍ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ജാഗ്വാര്‍ പെര്‍ഫോമന്‍സ് എസ് യു വി ശ്രേണിയുടെ പ്രധാന ആകര്‍ഷണമായ പുതിയ എഫ്-പേസ് എസ് വി ആര്‍. 1-51 1.51 കോടിയാണ് ജാഗ്വാര്‍ എഫ്-പേസ് എസ് വി ആറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

🔳കഥാബിന്ദുവും ആഖ്യാന രീതിയും വ്യത്യസ്ത പുലര്‍ത്തുന്ന നോവല്‍ പരമ്പരാഗത മൂല്യങ്ങളൂടെ ചെളിക്കുണ്ടാണ് ഗ്രാമങ്ങള്‍ എന്ന വസ്തുത ഈ നോവല്‍ എടുത്തു പറയുന്നു. 'ഉറുമ്പ്'. എസ് ആര്‍ സി നായര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.

🔳പ്രായമാകുന്നതിന് അനുസരിച്ച്  ശാരീരികമായി പല മാറ്റങ്ങളും നമ്മളില്‍ വന്നുചേരാറുണ്ട്. ചര്‍മ്മത്തില്‍ തുടങ്ങി ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ വരെ ഇതിന് അനുസൃതമായ മാറ്റങ്ങള്‍ വരാറുണ്ട്.  ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലുള്ള 'സെഡ്രാസ് സിനായി മെഡിക്കല്‍ സെന്ററി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹങ്ങളുടെ നിലനില്‍പിലും ഘടനയിലുമെല്ലാം വ്യത്യാസം വരുന്നു. ഇത് ക്രമേണ ആരോഗ്യത്തെയും സ്വാധീനിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഈ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ഗവേഷക ലോകത്തില്‍ നിന്ന് തന്നെ ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പ്രാധാന്യം കൂടുതല്‍ പേര്‍ മനസിലാക്കി വരികയാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. 18 മുതല്‍ 80 വയസ് വരെ പ്രായം വരുന്നവരിലാണ് പഠനം നടത്തിയിരിക്കുന്നത്. ജീവിതശൈലിയിലൂടെ തന്നെ ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ സാധ്യമാണെന്നും എങ്കില്‍ ആരോഗ്യത്തോടെ വാര്‍ധക്യത്തിലേക്ക് കടക്കാമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only