👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

04 ഒക്‌ടോബർ 2021

തെറ്റായ വാർത്തക്കെതിരെയും കുറ്റവാളികളെ വെളിച്ചത്ത് കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് സർവകക്ഷി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
(VISION NEWS 04 ഒക്‌ടോബർ 2021)
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പട്ടിണിമരണം എന്ന് പറഞ്ഞ് ഒരു ചാനലിൽ വന്ന വാർത്ത വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ഒരു നാടിനെയും ജനങ്ങളെയും ഒന്നടങ്കം അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണ്. മരണപ്പെട്ട ചരിച്ചിപറമ്പിൽ ചാത്തുണ്ണി താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്വീപ്പർ തസ്തികയിൽ റിട്ടയർ ചെയ്ത സർവ്വീസ് പെൻഷനർ ആണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13 ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പോൾ ബോഡിക്ക് ഏകദേശം മൂന്ന് നാല് ദിവസം പഴക്കമുണ്ടായിരുന്നു. ആ സമയത്ത് പോലീസിൽ വിവരമറിയിക്കുകയും അവർ സ്ഥലത്ത് വന്ന് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കുകയാണ് ചെയ്തത്. ആ മാസവും പെൻഷൻ ഇനത്തിൽ 13661 (പതിമൂവായിരത്തി അറുനൂറ്റി അറുപത്തി ഒന്ന്) രൂപ കിഴക്കോത്ത് പോസ്റ്റ് ഓഫീസ് വഴി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ രണ്ടംഗ കുടുബത്തിന് സുഖമായി ജീവിക്കാൻ ഈ പെൻഷൻ തുക തന്നെ ധാരാളമാണ്. കൂടാതെ വേറക്കുന്ന് മലയിൽ സർക്കാർ പതിച്ചു നൽകിയതും താമസിക്കുന്ന സ്ഥലത്തുള്ളതും അടക്കം 20 സെന്റിൽ അധികം ആദായം ലഭിക്കുന്ന ഭൂമിയും ഉണ്ട്. അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുള്ള സുമാർ 50 വയസ്സ് പ്രായമുള്ള മകനും ഉണ്ട്. ഇവരുടെ വീട്ടിൽ കുരച്ച് ചാടുന്ന വലിയ രണ്ട് നായകൾ ഉള്ളത് കൊണ്ട് അയൽവാസികൾക്ക് ആ വീട്ടിലേക്ക് പോകാൻ ഭയമാണ്. സർവ്വീസ് പെൻഷനർ ആയത് കൊണ്ട് ചാത്തുണ്ണിക്ക് ഗ്രാമ പഞ്ചായത്തിൽ നിന്നും വീട് നൽകുന്നതിന് സാങ്കേതിക തടസ്സമുണ്ട്. ഈ വാർഡിൽ മാറി മാറി വന്ന മെമ്പർമാർ അവരുടെ മകന്റെ പേരിൽ വീട് നൽകുന്നതിന് വേണ്ടി അവരെ പലതവണ സമീപിച്ചപ്പോഴും ഞങ്ങൾക്ക് വീട് വേണ്ടെന്ന് പറഞ്ഞ് ഒഴിയുകയാണുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കാവിലുമ്മാരത്തെ സന്നദ്ധ പ്രവർത്തകരായ ഏതാനും യുവാക്കൾ സൗജന്യമായി വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് സമീപിച്ചപ്പോഴും , നിലവിലെ വാർഡ് മെമ്പർ 2021 ഫെബ്രുവരി മാസം ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ പറഞ്ഞപ്പോഴുമെല്ലാം അവർ വീട് വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ജാതി, മത, കക്ഷി രാഷ്ടീയ ഭേദമന്യേ പരസ്പര സഹകരണത്തോടെ ജീവിക്കുന്ന കിഴക്കോത്ത് കാവിലുമ്മാരം പ്രദേശത്തെ ജനങ്ങളെ ലോകത്തിന് മുമ്പിൽ മോശമായി ചിത്രീകരിക്കുന്നതിനും നാട്ടിലെ നല്ലവരായ ജനങ്ങൾക്കിടയിൽ വിഷവിത്തുകൾ വിതക്കുന്നതിനുമുള്ള ഒരു പ്രവൃത്തിയായി മാത്രമേ ഈ വാർത്തയെ കാണാൻ സാധിക്കുകയുള്ളൂ. ഈ വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ താത്പര്യമുളളവർക്ക് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ നിന്നും ഏകദേശം 4 കിലോമീറ്റർ മാത്രം ദൂരമുള്ള കാവിലുമ്മാരത്ത് വന്ന് അന്വേഷിച്ചാൽ അറിയാവുന്നതാണ്. ആ ദിവസങ്ങളിലെല്ലാം കാവിലുമ്മാരത്ത് ഉണ്ടായിട്ടും അച്ചനെ സംരക്ഷിക്കാത്തതിന്റെ പേരിൽ മകനും അയാളുടെ കൂട്ടാളിക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് താമരശ്ശേരി ഡി.വൈ.എസ്.പി, കൊടുവള്ളി സി.ഐ. എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

പ്രതിഷേധ ധർണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീന്റെ അധ്യക്ഷതയിൽ സി.എം. ഖാലിദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തു. എൻ.കെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജൗഹർ ഫസൽ എ.കെ, നാസർ അമ്മപ്പാറ, റഷീദ് തലപ്പടിക്കൽ കെ.ആർ.എസ്., സോമൻ സി.പി., ബാബുരാജ് പി.ടി, കമറുൽ ഹക്കീം കച്ചേരിമുക്ക് , റാസിഖ് കെ.എന്നിവർ പ്രസംഗിച്ചു. റിയാസ് പാറമ്മൽ സ്വാഗതവും അരുൺ കുമാർ കുണ്ടത്തിൽ നന്ദിയം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only