12/10/2021

ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണം; സംസ്ഥാനങ്ങളോട് കേന്ദ്രം
(VISION NEWS 12/10/2021)


 

ന്യൂഡല്‍ഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അണ്‍ അലോക്കേറ്റഡ് പവര്‍) സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. 

വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി 'അണ്‍ അലോക്കേറ്റഡ് പവര്‍ ' ആയി സൂക്ഷിക്കുന്നുണ്ട്. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ സ്വന്തം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ 'അണ്‍ അലോക്കേറ്റഡ് പവര്‍' ഉപയോഗിക്കണം. അധിക വൈദ്യുതി ഉണ്ടെങ്കില്‍, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. 

ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാതെ ഉയര്‍ന്ന നിരക്കില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ വൈദ്യുതി വില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍, അത്തരം സംസ്ഥാനങ്ങളുടെ 'അണ്‍ അലോക്കേറ്റഡ് പവര്‍' പിന്‍വലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only