02 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 ഒക്‌ടോബർ 2021)
🔳രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുന്നു. അഹിംസ ഉയര്‍ത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്.

🔳ഇന്ത്യ പ്രതിദിനം ഏകദേശം ഒരുലക്ഷം ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്, പ്രതിദിനം രാജ്യത്ത് പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ എഴുപതു ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന മാലിന്യം നൂറുശതമാനവും സംസ്‌കരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 പദ്ധതികള്‍ ലോഞ്ച് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്തിയ യുകെയുടെ നടപടിക്കെതിരേ തിരിച്ചടിച്ച് ഇന്ത്യ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റീന്‍ മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും തീരുമാനം മാറ്റാന്‍ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ തീരുമാനം. അതേസമയം കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കി.

🔳കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി തുക അനുവദിച്ച് കേന്ദ്രം. 7,274 കോടി രൂപ സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കേന്ദ്രം കൈമാറി. സംസ്ഥാന ദുരന്തനിവാരണ നിധിക്കുള്ള തുകയാണ് കേന്ദ്രം കൈമാറിയത്. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കും.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 23,896 കോവിഡ് രോഗികളില്‍ 57.89 ശതമാനമായ 13,834 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 233 മരണങ്ങളില്‍ 40.77 ശതമാനമായ 95 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,66,759 സജീവരോഗികളില്‍ 53.43 ശതമാനമായ 1,42,552 രോഗികളും കേരളത്തിലാണുള്ളത്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള പണപ്പെരുപ്പത്തിന് കാരണക്കാരന്‍ ഒരേയൊരു വ്യക്തിയാണെന്ന് രാഹുല്‍ പറഞ്ഞു. പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം ഇതാണെന്നും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

🔳രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളില്‍ ആത്മാര്‍ഥതയുണ്ടെന്നും സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുല്‍ എന്നും കനയ്യ കുമാര്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നാഥുറാം ബനായി ജോഡി എന്നാണ് കനയ്യ വിശേഷിപ്പിച്ചത്.

🔳സിപിഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്ന് കനയ്യ കുമാര്‍. തന്റെ ജനനവും വളര്‍ച്ചയും സിപിഐയില്‍ തന്നയായിരുന്നുവെന്നും ഇപ്പോള്‍ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണെന്നും ഭരണഘടന സംരക്ഷിക്കാനാണ് താന്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യമെന്നും അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

🔳കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ പൊട്ടിത്തെറി തുടരുന്നു. അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിലേക്ക് സ്ഥിര അംഗങ്ങളെ മാത്രം ക്ഷണിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദ് കത്ത് നല്‍കി. അതേസമയം, മേഘാലയയില്‍ പ്രതിപക്ഷ നേതാവ് മുകുള്‍ സാംഗ്മ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. മുകുള്‍ സാംഗ്മയുടെ നേതൃത്വത്തിലെ 13 കോണ്‍ഗ്രസ് എംഎല്‍മാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഗോവയില്‍ ലൂസിഞ്ഞോ ഫെലോറിയോ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഈ നീക്കം.

🔳ഡി.എന്‍.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍നിന്ന് കോടതികള്‍ സ്വാഭാവികമായി വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

🔳സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി വരുമാന തകര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ലോക്ഡൗണ്‍ ആഘാതത്തിലും നികുതി വരുമാനത്തിലെ തളര്‍ച്ചയിലും ധനസ്ഥിതി കൂടുതല്‍ ദുര്‍ബലമാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്ഥിതി അതിരൂക്ഷമെങ്കിലും ധവളപത്രം ഇറക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സാമ്പത്തിക രംഗം സജീവമായാലേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

🔳ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളിലെ കൊവിഡ് പ്രതിരോധം എന്‍എസ്എസ് പോലെയുള്ള സംഘടനകള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കുട്ടികളില്‍ അശാസ്ത്രീയ ചികിത്സാ രീതികള്‍ പ്രയോഗിക്കരുതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു. ആഴ്സണിക് ആല്‍ബം നല്‍കുന്നതിനെതിരെയാണ് ഐഎംഎ നിലപാട്. ഇത് ഗുരുതര വീഴ്ചയാകുമെന്നും ഐഎംഎ വിമര്‍ശിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് കുട്ടികളില്‍ പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.

🔳പാലായില്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിഥിനയെ അഭിഷേക് ഇന്നലെ രാവിലെ 11.30 ഓടെ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയായിരുന്നു.

🔳പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ കൗണ്‍സിലിംഗ് സെല്ലുകള്‍ എല്ലാ കോളേജുകളില്‍ ഉറപ്പാക്കുമെന്നും യുജിസി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോടികളുടെ ഇടപാടുകളുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായില്‍. സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് അനിത ഗുരുതര ആരോപണം ഉന്നയിച്ചത്. 'രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി? മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല'യെന്നും അനിത പറഞ്ഞു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മോന്‍സനെ പരിചയപ്പെടുത്തിയത് താനാണെന്നും അനിത കൂട്ടിച്ചേര്‍ത്തു.

🔳മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ്കുമാര്‍ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന. അതേസമയം മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ വനം വകുപ്പിന്റെ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകു. റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

🔳ബന്ധുനിയമന വിവാദത്തില്‍ ലോകയുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി തനിക്കേറ്റ തിരിച്ചടിയല്ലെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമര്‍ശമെന്നും ജലീല്‍ പറഞ്ഞു.

🔳കൂടരഞ്ഞിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള റിസോര്‍ട്ടിനായി നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ ഇന്ന് മുതല്‍ നടപടികള്‍ തുടങ്ങും. നിയമവിരുദ്ധമായി നിര്‍മിച്ച തടയണകള്‍ പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലില്‍ പി.വി.അന്‍വറിന്റെ ഉടമസ്ഥതയിലുളള പി.വി.ആര്‍ നാച്വറല്‍ റിസോര്‍ട്ടിനായി നീര്‍ച്ചാലിനു കുറുകെ നിര്‍മിച്ച തടയണയാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിക്കാനൊരുങ്ങുന്നത്.

🔳ബന്ധുനിയമന വിവാദത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട, മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീല്‍ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു. സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണ്. സുപ്രിം കോടതിക്ക് അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ല. ജലീല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് ലീഗ് ആവശ്യപ്പെടുന്നില്ല. പക്ഷേ ആ വാക്ക് ജലീല്‍ മറന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

🔳കോണ്‍ഗ്രസ് വിടുന്നത് പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ തള്ളി അമരീന്ദര്‍ സിങ്. വിമര്‍ശകര്‍ പോലും തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. കോണ്‍ഗ്രസ് അമരീന്ദറിനെ അപമാനിച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞിരുന്നു. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ അന്തകനാകുമെന്നും ഇപ്പോള്‍ തന്നെ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കുന്നുണ്ടെന്നും തന്നെ അനുനയിപ്പിക്കാന്‍ ആരും മുതിരേണ്ടെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.

🔳കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുടെ പേരെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. പുതിയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും. നവ്‌ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.

🔳നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂലിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. റായ്ഗഞ്ജ് എംഎല്‍എ കൃഷ്ണ കല്യാണിയാണ് ഇന്നലെ പാര്‍ട്ടി വിട്ടത്. വൈകാതെ ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

🔳വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം, ശക്തിപ്രാപിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ന്യൂനമര്‍ദ്ദം കാറ്റഗറി - 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടല്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 150 മുതല്‍ 600 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവില്‍ ഏവിയേഷന്റെ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ മൂന്നാം തീയതി ഞാറാഴ്ച വൈകുന്നേരത്തോടു കൂടിയായിരിക്കും ഷഹീന്‍ ചുഴലിക്കാറ്റ് മസ്‌കത്ത് ബാത്തിന ഗവര്‍ണറേറ്റുകളിലെ തീരം തൊടുന്നത്.

🔳ഇംഗ്ലണ്ടില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചതിനു പിന്നാലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍. സ്‌കൂള്‍ കുട്ടികളിലാണ് കോവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടണിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.

🔳ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 118 തടവുകാര്‍ മരിച്ചു. ഇക്വഡോര്‍ തുറമുഖ നഗരമായ ഗ്വയാക്വിലിലെ ജയിലില്‍ നടന്ന ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ജയിലില്‍ സംഘര്‍ഷം ആരംഭിച്ചത്.

🔳അഫ്ഗാനില്‍ സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതകളുടെ പ്രതിഷേധം. പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. താലിബാന്‍ ഈ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

🔳കാബൂളിലേക്ക് താലിബാന്‍ കടന്ന് കയറിയപ്പോള്‍ മുതല്‍ കാണാതായ അഫ്ഗാന്‍ വനിതാ ഫുട്ബോള്‍ ടീം അംഗങ്ങള്‍ പോര്‍ച്ചുഗല്ലിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. 'ഓപ്പറേഷന്‍ സോക്കര്‍ ബോള്‍സ്' എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിച്ചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ യുവ ഫുട്ബോള്‍ കളിക്കാര്‍ക്ക് പോര്‍ച്ചുഗല്‍ അഭയം നല്‍കിയിരിക്കുയാണ്.

🔳ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ പഞ്ചാബ് മറികടന്നു. 55 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ അര്‍ധസെഞ്ചുറിയും ഒമ്പത് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാന്റെ പ്രകടനവുമാണ് പഞ്ചാബിന് ജയമൊരുക്കിയത്.

🔳ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ പിങ്ക് ടെസ്റ്റിനിടെ അമ്പയറുടെ തീരുമാനത്തിന് കാക്കാതെ ക്രീസ് വിട്ട ഇന്ത്യന്‍ താരം പൂനം റൗത്തിന്റെ പ്രവൃത്തിയില്‍ കൈയടിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ സെഷനിലായിരുന്നു സംഭവം. ഓസീസ് ബൗളര്‍ സോഫി മോളിനെക്‌സിന്റെ ഒരു പന്ത് പൂനത്തിന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈയിലെത്തുകയായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി വിരലുയര്‍ത്തിയില്ല. എന്നാല്‍ അമ്പയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ പൂനം സ്വമേധയാ ക്രീസ് വിടുകയായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,05,368 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,182 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 552 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,42,499 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.5 ശതമാനമായ 2,47,20,892 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 41.2 ശതമാനമായ 1,10,11,744 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186.

🔳രാജ്യത്ത് ഇന്നലെ 23,896 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25,436 പേര്‍ രോഗമുക്തി നേടി. മരണം 233. ഇതോടെ ആകെ മരണം 4,48,605 ആയി. ഇതുവരെ 3,37,89,398 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.66 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,105 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,597 പേര്‍ക്കും മിസോറാമില്‍ 1,170 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,35,016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 95,440 പേര്‍ക്കും ബ്രസീലില്‍ 18,578 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,577 പേര്‍ക്കും റഷ്യയില്‍ 24,522 പേര്‍ക്കും തുര്‍ക്കിയില്‍ 28,873 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.49 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.84 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,777 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,505 പേരും ബ്രസീലില്‍ 455 പേരും റഷ്യയില്‍ 887 പേരും മെക്സിക്കോയില്‍ 533 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.04 ലക്ഷം.

🔳ജിയോയുടെ പരാതിയില്‍ എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയക്കുമെതിരെ നടപടിയെടുത്ത് ടെലികോം വകുപ്പ്. മൂന്നാഴ്ചക്കുള്ളില്‍ 3050 കോടിയാണ് രണ്ട് കമ്പനികളും ചേര്‍ന്ന് അടയ്‌ക്കേണ്ടത്. എയര്‍ടെല്‍ 1050 കോടി രൂപയും വൊഡഫോണ്‍ ഐഡിയ 2000 കോടിയും അടയ്ക്കണം. ഇന്റര്‍ കണക്ഷന്‍ പോയിന്റ്‌സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ജിയോക്ക് നല്‍കേണ്ട ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാതെ ലൈസന്‍സ് വ്യവസ്ഥ എതിരാളികളായ കമ്പനികള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.

🔳ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടതുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്, ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിനുശേഷമുള്ള വേര്‍ഷനില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് 10 ലോ അതിനുശേഷമോ ഉള്ള വേര്‍ഷനില്‍ ആയിരിക്കണം.

🔳മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായി എത്തി പിന്നീട് മലയാളത്തിന്റെ സ്വന്തം ലാലേട്ടനായി മാറാന്‍ താരത്തിന് സാധിച്ചു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹന്‍ലാലിന്റെ ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്തിരിക്കുകയാണ് ദൂരദര്‍ശന്‍. 'താരങ്ങളുടെ താരം മോഹന്‍ലാല്‍' എന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധനേടുന്നത്. തിരനോട്ടത്തില്‍ നിന്ന് തുടങ്ങി വാനപ്രസ്ഥം വരെ എത്തിയ മോഹന്‍ലാലിന്റെ സിനിമാ യാത്രയാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്. ഏകദേശം 25 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദൃശ്യങ്ങള്‍ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. നെടുമുടിയാണ് മോഹന്‍ലാലിനെ ഡോക്യുമെന്ററിയ്ക്കായി അഭിമുഖം ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

🔳ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'അര്‍ച്ചന 31 നോട്ടൗട്ട്' ടീസര്‍ റിലീസ് ചെയ്തു. അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുക. രമേഷ് പിഷാരടി, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്. അഖില്‍ അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കുന്നത്.

🔳ടാറ്റയുടെ കുഞ്ഞന്‍ എസ്യുവി ആയ പഞ്ചിനെ ഒക്ടോബര്‍ 4 ന് ഔദ്യോഗികമായി അവതരിപ്പിക്കും. ടാറ്റ ആള്‍ട്രോസിലും നെക്‌സോണിലും ഉള്ള അതേ യൂണിറ്റായിരിക്കും ഇത്. 5,000 രൂപ മുതല്‍ 21,000 രൂപ വരെയുള്ള ടോക്കണ്‍ തുകയില്‍ ഡീലര്‍മാര്‍ ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഈ മിനി എസ്യുവിക്ക് അഞ്ച് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെയാകും എക്സ്-ഷോറൂം വില.

🔳വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്വായനയുടെ ഉപലബ്ധി. 'കഠോപനിഷത്ത്'. എ.ഗോപാലകൃഷ്ണ ബാലിഗ. എച്ച് & സി ബുക്സ്. വില 50 രൂപ.

🔳ഭൂരിപക്ഷം രോഗികളിലും കോവിഡ് രോഗമുക്തി നേടി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ മണം തിരിച്ച് കിട്ടാറുണ്ട്. എന്നാല്‍ പത്തു ശതമാനത്തോളം കോവിഡ് രോഗികള്‍ക്ക് നെഗറ്റീവായി ആറു മാസങ്ങള്‍ക്ക് ശേഷവും മണം തിരികെ കിട്ടാത്ത അവസ്ഥയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇവരുടെ ജീവിതശൈലിയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കാം. മണമില്ലാതാകുന്ന അവസ്ഥ പ്രാഥമികമായി ബാധിക്കുന്നത് ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടത്തെയാണ്. ഒരു വിഭവത്തിന്റെ രുചി നിശ്ചയിക്കുന്നതില്‍ അതിന്റെ മണത്തിനും വലിയ പങ്കുണ്ട്. മണമില്ലാതാകുന്നതോടെ ഭക്ഷണത്തോടുള്ള താത്പര്യം ക്രമേണ നശിക്കും. ഇത് വിശപ്പില്ലായ്മയിലേക്കും ഭാരക്കുറവിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്. മണക്കാനുള്ള ശേഷി നഷ്ടമാകുന്നത് മനുഷ്യ ബന്ധങ്ങളെയും സ്വാധീനിക്കാമെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. തങ്ങളുടെ കുട്ടികളുടെയും പങ്കാളികളുടെയുമൊന്നും മണം ലഭിക്കാത്ത അവസ്ഥ പലരിലും ഏകാന്തതയ്ക്ക് കാരണമാകാമെന്നും വ്യക്തിബന്ധങ്ങളെ ഇത് സാരമായി ബാധിക്കാമെന്നും പഠനങ്ങള്‍ അടിവരയിടുന്നു. വല്ലാത്ത തരം ഒരു വിരക്തിയിലേക്കും ഈ അവസ്ഥ വ്യക്തികളെ നയിക്കാം. കോവിഡ് മുക്തരായിട്ടും മണം തിരികെ ലഭിക്കാത്തവര്‍ക്ക് നിത്യേതനയുള്ള സ്മെല്‍ ട്രെയിനിങ്ങ് സഹായകമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. നാലു വ്യത്യസ്ത മണങ്ങള്‍ തിരഞ്ഞെടുത്ത് ഓരോ മണവും കുറഞ്ഞത് 20 സെക്കന്റ് മണത്തു നോക്കാന്‍ ശ്രമിക്കുക. ഈ നാലു മണങ്ങള്‍ തന്നെ ആവര്‍ത്തിച്ച് എല്ലാ ദിവസവും മണക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വിശന്നുവലഞ്ഞുനടക്കുമ്പോഴാണ് പുലി പൂച്ചയെ കണ്ടത്. അപകടം മണത്ത പൂച്ച ഓടി. പക്ഷേ, പൊട്ടക്കിണറ്റില്‍ വീഴാനായിരുന്നു അതിന്റെ വിധി. പൂച്ചയെ ഓടിക്കാനായി തൊട്ടുപിറകെ ഓടിയെത്തിയ പുലിയും അതേ കിണറ്റില്‍ വീണു. പൂച്ച ഒരുവിധത്തില്‍ കിണറ്റിലുള്ളിലെ മണ്‍തിട്ടയില്‍ കയറിപ്പറ്റി. മറ്റുമാര്‍ഗ്ഗമില്ലാതെ പുലിയും അതേ തിട്ടയില്‍ കയറി നിന്നു. പേടിച്ചുവിറച്ച പൂച്ച പുലിയോട് പറഞ്ഞു: എന്നെ ഉപദ്രവിക്കരുത്. കുറച്ച് നേരം അനങ്ങാതിരുന്നശേഷം പുലി ചോദിച്ചു: ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നിനക്കറിയുമോ?!... ഒരേ കെണിയില്‍ പെട്ടാല്‍ ഇരയും വേട്ടക്കാരനും ഒരുപോലെയാകും. പിന്നെ ബലഹീനനെ കീഴ്‌പ്പെടുത്തന്നതിന്റെ സുഖം വേട്ടക്കാരനുണ്ടാകില്ല. പ്രകൃതി നിയമത്തിന്റെ പേരില്‍ വേട്ടയാടല്‍ പ്രക്രിയയെ ന്യായീകരിക്കുന്നവര്‍ പോലും പ്രകൃതിദുരന്തം വന്നാല്‍ പരസ്പാരാശ്രയത്തിന്റെ പച്ചത്തുരുത്തുകളെക്കുറിച്ചു പ്രസംഗിക്കാന്‍ തുടങ്ങും. ഒരാള്‍ക്ക് തന്നെ രക്ഷപ്പെടാനാകില്ല എന്ന് തിരിച്ചറിയുമ്പോഴാണ് എല്ലാവരും ഒന്നാണെന്നുള്ള തിരിച്ചറിവുണ്ടാകുക. താന്‍ ഒരു ഇരയാകുന്നതുവരെ ഇരയുടെ വേദന വേട്ടക്കാരന് മനസ്സിലാകുകയില്ല. സുഖവാസകാലത്ത് തമ്മിലടിക്കാനും ചേരിതിരിയാനും ഒട്ടേറെ കാരണങ്ങളുണ്ടാകും. അത്യാഹിതങ്ങളിലകപ്പെട്ടാല്‍ എല്ലാ വേലിക്കെട്ടുകളും പൊളിച്ചുകളഞ്ഞ് ആയുസ്സ് സംരക്ഷിക്കാന്‍ മാത്രമാകും ശ്രമം. വിശപ്പിനേക്കാള്‍ വലുതാണ് ജീവനെന്നറിഞ്ഞാല്‍ വില്ലാളിവീരന്മാരെല്ലാം വിനീതരാകും. ജീവന്‍ അപകടത്തിലാകുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും എല്ലാവരും ഒന്നാണെന്നുള്ള ചിന്ത നമ്മുടെ മനസ്സില്‍ കടന്നുവരട്ടെ - ശുഭദിനം
➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only