07/10/2021

ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പി.സി.വി.വാക്സിനേഷൻ തുടങ്ങി.
(VISION NEWS 07/10/2021)


ഓമശ്ശേരി:ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് നൽകുന്ന പുതിയ വാക്സിനായ ന്യുമോകോക്കൽ കോൺജുഗേറ്റ് (പി.സി.വി)ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകിത്തുടങ്ങി.അഞ്ച്‌ വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ്‌ വാക്സിൻ നൽകുന്നത്‌.കുട്ടി ജനിച്ച്‌ 45 ദിവസം,105 ദിവസം,9 മാസം എന്നീ ക്രമത്തിലാണ്‌ പി.സി.വി.വാക്സിൻ നൽകേണ്ടത്‌.

കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ.യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായാണ്‌ കുട്ടികൾക്ക് വാക്സിൻ നൽകുന്നത്‌.രക്തം,ചെവി,സൈനസ് എന്നിവിടങ്ങളിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ട്.

ഓമശ്ശേരി എഫ്‌.എച്ച്‌.സിയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌ തല ഉൽഘാടനം നിർവ്വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ:ടി.കെ.ആതിര അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദകൃഷ്ണൻ,പി.കെ.ഗംഗാധരൻ,ഫാത്വിമ അബു എന്നിവർ സംസാരിച്ചു.ജെ.എച്ച്‌.ഐ.മഞ്‌ജുഷ സ്വാഗതവും ജെ.പി.എച്ച്‌.എൻ.ഗീത നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only