21 ഒക്‌ടോബർ 2021

അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു
(VISION NEWS 21 ഒക്‌ടോബർ 2021)
അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി സര്‍വ്വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു.

അംഗീകൃത ആംബുലന്‍സുകള്‍ക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ആംബുലന്‍സുകള്‍ എന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തില്‍ സര്‍വ്വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. 

ഇത്തരം പ്രവണതകള്‍ ഒഴിവാക്കുന്നതിനായി ആംബുലന്‍സുകള്‍ക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും പ്രത്യേക പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. 

ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ​എം. ആര്‍. അജിത് കുമാര്‍ ഐ.പി.എസ്, പോലീസ് ഐ.ജി (ട്രാഫിക്) ജി. ലക്ഷ്മണന്‍ ഐ.പി.എസ്, പോലീസ്, ഗതാഗതം, മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only