25 ഒക്‌ടോബർ 2021

സിയാല്‍ ജലവൈദ്യുതി ഉത്പാദന രംഗത്തേക്ക്; കോഴിക്കോട് അരിപ്പാറയിലെ ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം നവംബർ ആറിന്
(VISION NEWS 25 ഒക്‌ടോബർ 2021)
സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന ആശയം പ്രാവർത്തികമാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ജല വൈദ്യുതോത്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രത്തിന് സമർപ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചതാണ് പദ്ധതി.

4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളിൽനിന്നായി അഞ്ച് ഏക്കർ സ്ഥലം സിയാൽ ഏറ്റെടുത്തു. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെ നിന്ന് അര കിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക്ക് കുഴൽ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് ചെലവിട്ടത്.


പുനരുപയോഗ സാധ്യതയില്ലാത്ത ഊർജ സ്രോതസ്സുകളിന്മേലുള്ള ആശ്രയം കുറയ്ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്കാകുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

14 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനം

സിയാലിന്റെ വൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചുള്ളതാണ്. വലിയ അണകെട്ടി വെള്ളം സംഭരിക്കേണ്ടതില്ലാത്തതിനാൽ പരിസ്ഥിതി ആഘാതം കുറവാണ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂർണ തോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാം.

വർഷം 130 ദിവസമെങ്കിലും ഉത്പാദിപ്പിച്ചാൽ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനം ഒക്ടോബർ ആദ്യം തുടങ്ങി. നവംബർ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ കഴിയും. നവംബർ ആറിന് രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിയാൽ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, സിയാൽ, അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only