05/10/2021

ഈ ആഹാരങ്ങൾ ശീലമാക്കൂ; കൊളസ്ട്രോൾ കൈപ്പിടിയിൽ ഒതുങ്ങും
(VISION NEWS 05/10/2021)
കൊളസ്ട്രോൾ ബാധിക്കുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടി വരികയാണ്. ഹൃദയാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന വില്ലനാണ് കൊളസ്ട്രോൾ. ആവശ്യമായതിൽ കൂടുതൽ അളവിൽ കൊളസ്‌ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോൾ ഇത് ഹൃദയപേശികൾക്ക് രക്‌തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുകയും ചെയ്യും. ഭക്ഷണവും, ജീവിത ശൈലിയുമാണ് പ്രധാനമായും കൊളസ്‌ട്രോൾ അമിതമാകാൻ കാരണമാകുന്നത്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നമുക്ക് നോക്കാം.

ചോക്ളേറ്റ്

കൊളസ്‌ട്രോൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് ചോക്ളേറ്റ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ചോക്ളേറ്റ് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ അമിതമാകുന്നത് നിയന്ത്രിക്കാൻ സാധിക്കും. ചോക്ളേറ്റ് തന്നെ പല വിധമുണ്ട്. ഇതിൽ ഡാർക്ക് ചോക്ളേറ്റാണ് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഉത്തമം.

നട്സ്

ഹൃദയത്തിനും, സന്ധികൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് നട്സ്. ഇതിലെ മോണോസാച്യുറേറ്റഡ് ഫാറ്റ് ആണ് പ്രധാനമായും ഹൃദയത്തെയും, സന്ധികളെയും സംരക്ഷിക്കുന്നത്. ഒപ്പം തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ അമിതമാകുന്നത് തടയാനും സഹായിക്കും.

ചായ

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് പറഞ്ഞാൽ അധികമാർക്കും വിശ്വാസം ഉണ്ടാകില്ല. പക്ഷേ, ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഗ്രീൻ ടീ, ബ്ളാക്ക് ടീ എന്നിവയിലും ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മൽസ്യം

ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മൽസ്യം. മൽസ്യങ്ങളിൽ തന്നെ സാൽമണ, ട്യൂണ എന്നീ മൽസ്യ ഇനങ്ങളാണ് പ്രധാനമായും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഉത്തമം.

വെളുത്തുള്ളി

കൊളസ്‌ട്രോളിന്റെ തോത് കുറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. ശരീരത്തിലെ ചീത്ത കൊഴുപ്പ് നീക്കം ചെയ്യാൻ വെളുത്തുള്ളി വലിയ രീതിയിൽ സഹായിക്കും. എന്നാൽ ദിവസം രണ്ടോ മൂന്നോ അല്ലിയിൽ കൂടുതൽ വെളുത്തുള്ളി കഴിക്കുകയും ചെയ്യരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only