28 ഒക്‌ടോബർ 2021

മിനി കൂപ്പര്‍ എസ്‍ഇ ഇന്ത്യയിലേക്ക്!
(VISION NEWS 28 ഒക്‌ടോബർ 2021)
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി കൂപ്പര്‍ ഇലക്ട്രിക്ക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കൂപ്പർ SE എന്ന ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിനുള്ള ബുക്കിംഗ് ഈ മാസം തുടങ്ങും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാൻഡേർഡ് മിനി 3-ഡോറിന്റെ വില 38 ലക്ഷം രൂപ മുതലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്. അതേസമയം മിനി കൂപ്പർ SEയ്ക്ക് ഏകദേശം 50 ലക്ഷം രൂപ ആയിരിക്കും എക്‌സ്-ഷോറൂം വില എന്നാണ് പ്രതീക്ഷിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. 181 ബിഎച്ച്പി പവറും 270 എൻഎം പരമാവധി ടോർക്കും നിർമിക്കുന്ന ഇലക്ട്രിക് മോട്ടറാണ് മിനി കൂപ്പർ SEയുടെ ഹൃദയം. 32.6 kWh ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് ഊർജം സ്വീകരിക്കുന്ന ഈ ഇലക്ട്രിക്ക് മോട്ടോർ മുൻചക്രങ്ങൾക്കാണ് കരുത്ത് പകരുന്നത്. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൂപ്പർ SEയ്ക്ക് കൈവരിക്കാൻ സാധിക്കും.

ഒറ്റ ചാർജിൽ 235-270 കിലോമീറ്റർ വരെയാണ് കൂപ്പർ SEയ്ക്ക് മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് കൂപ്പർ എസ്ഇയ്ക്ക് രണ്ടര മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മിനി പറയുന്നു. , ഫുൾ ചാർജിന് ഏകദേശം മൂന്ന് മണിക്കൂർ സമയം വേണം. വേഗതയേറിയ 50 kW ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 35 മിനിറ്റായി കുറയും. മണിക്കൂറിൽ 150 കിലോമീറ്ററാണ് ഈ വാഹനത്തിന്‍റെ പരമാവധി വേഗത.

മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ എന്നിവ കൂപ്പർ SE പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി കൂപ്പർ SEയിലും ഇടം പിടിച്ചിട്ടുണ്ട്. 

ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാത്ത ഗ്രിൽ ഭാഗമാണ് കൂപ്പർ SEയെ മറ്റുള്ള കൂപ്പർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ ഗ്രില്ലിൽ സാധാരണ മോഡലുകളിൽ കാണുന്ന S അക്ഷരത്തിന് പകരം E (ഇലക്ട്രിക്ക്) ആണ് കൂപ്പർ SE പതിപ്പിൽ. മഞ്ഞ നിറത്തിൽ എക്‌സ്റ്റീരിയർ ഹൈലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്ന ഭാഗത്താണ് കാറിന്റെ ചാർജിങ് പ്ളഗ് ക്രമീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 2019-ലാണ് മിനി കൂപ്പർ SE അരങ്ങേറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only