16 ഒക്‌ടോബർ 2021

കൂട്ടത്തല്ല്: സ്കൂളുകളുടെ പേര് പറയുന്നത് അപകീർത്തികരമെന്ന് പി.ടി.എ.
(VISION NEWS 16 ഒക്‌ടോബർ 2021)

കൊടുവള്ളി: ബുധനാഴ്ച പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ നടന്ന കൂട്ടത്തല്ല് സംബന്ധിച്ച് കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിനോ കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ രണ്ട് സ്കൂളുകളുടെയും പേരുകൾ പരാമർശിക്കുന്നത് സ്കൂളുകളെ അപകീർത്തിപ്പെടുത്തുവാനാണെന്നും ഇരു സ്കൂകൂളുകളുടെയും പി.ടി.എ.കമ്മിറ്റികൾ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.പ്ലസ് വൺ പരീക്ഷ കഴിഞ്ഞ ശേഷം സ്കൂൾ പരിസരത്തും കാമ്പസിനകത്തും കുട്ടികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. രണ്ട് സ്കൂളുകളും സാമാന്യം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സ്കൂളുകളാണ്. പി.ടി.എ.യുടെയും നാട്ടുകാരുടെയും പൂർണ ഇടപെടലുകളും പങ്കാളിത്തവും കാരണം ഈ സ്കൂളുകൾക്ക് നല്ല അക്കാദമിക നിലവാരം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ ഈ സ്കൂളുകളിൽ അഡ്മിഷനും കൂടിയിട്ടുണ്ട്. സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കുട്ടികൾ തമ്മിൽ നടന്ന അടിപിടി സ്കൂളിന്റെ മേൽ ചാർത്തുന്നത് ദുരുദ്ദേശത്തോടെയാണ്. സ്കൂൾ ഒഴിവുകാലത്ത് പ്രാദേശിക ടീമുകൾ സംഘടിപ്പിച്ച് ടർഫുകളിൽ നടത്തുന്ന കളിയുമായി ബന്ധപ്പെട്ടാണ് യഥാർത്ഥത്തിൽ അടിപിടി നടന്നത്. വസ്തുത ഇതായിരിക്കെ സ്കൂളുകളുടെ പേരെടുത്തു പറഞ്ഞ് വാർത്ത സൃഷ്ടിച്ചത് സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളെ തകർക്കാനുള്ള സ്വകാര്യ വിദ്യാലയങ്ങളുടെ ഗൂഢലക്ഷ്യമാണെന്നാണ് സംശയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അബ്ദുൽ മജീദ്, പി.ടി.എ.പ്രസിഡൻറ് മുഹമ്മദ് കുണ്ടുങ്ങര, കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡൻറ് ടി.പി.അബ്ദുൽ മജീദ്, സ്റ്റാഫ് സെക്രട്ടറി എ.കെ.അബ്ദുൽ ബഷീർ, മാതോലത്ത് അബ്ദുള്ള, കെ.ടി.സുനി, പി.കെ.സുബൈർ എന്നിവർ പങ്കെടുത്തു.


എം.അനിൽകുമാർ
(മാതൃഭൂമി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only