👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഒക്‌ടോബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 10 ഒക്‌ടോബർ 2021)
🔳ലഖിംപുര്‍ കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.  

🔳ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുര്‍ സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ലഖിംപൂര്‍ ഖേരിയില്‍ 12ന് കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തും. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്റെയും കോടതി ഇടപെടലിന്റെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവില്‍ കീഴടങ്ങിയത്. തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്ക്കുകയാണ്.

🔳ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ട് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു.

🔳ലഖീംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബര്‍ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ക്കു മുന്‍പിലോ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്‍പിലോ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിര്‍ന്ന നേതാക്കളും, എംപിമാരും, എം എല്‍ എമാരും, പാര്‍ട്ടി ഭാരവാഹികളും മൗനവ്രതത്തില്‍ പങ്കുചേരുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.

🔳ലഖിംപുര്‍ ഖേരിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ കഴിയവേ സീതാപുരിലെ ഗസ്റ്റ് ഹൗസ് മുറി വൃത്തിയാക്കിയതിനു തന്നെ പരിഹസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി വീണ്ടും ചൂലെടുത്തു. ഉത്തര്‍പ്രദേശിലെ ഇന്ദിരാ നഗറില്‍ ദളിത് കോളനിയായ ലവ്കുഷ് നഗര്‍ സന്ദര്‍ശിച്ച പ്രിയങ്ക, നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വാല്‍മീകി ക്ഷേത്രപരിസരം വൃത്തിയാക്കി. ആദിത്യനാഥിന്റെ പരാമര്‍ശം തന്നെ മാത്രമല്ല ദളിത്, ശുചീകരണത്തൊഴിലാളികള്‍ക്കുകൂടിയാണ് അപമാനമുണ്ടാക്കിയതെന്നും ചൂലുകൊണ്ട് വൃത്തിയാക്കുന്നതും അത് ഉപയോഗിക്കുന്നതും ആത്മാഭിമാനത്തിന്റെ പ്രവൃത്തിയാണെന്ന് യോഗിജിയെ അറിയിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

🔳ഐടി മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി തുടരും. തരൂരിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് തരൂരിനെ വീണ്ടും നിയമിച്ചത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 17,930 കോവിഡ് രോഗികളില്‍ 52.81 ശതമാനമായ 9,470 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 213 മരണങ്ങളില്‍ 47.41 ശതമാനമായ 101 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,24,264 സജീവരോഗികളില്‍ 50.47 ശതമാനമായ 1,13,196 രോഗികളും കേരളത്തിലാണുള്ളത്.

🔳പ്രണയം പോലും പുരുഷ മേധാവിത്വത്തിന്റെ ആക്രമണോല്‍സുകതയുടെ പ്രതീകമായി മാറിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടി തനിക്ക് അധീനതയിലാകണം എന്ന ചിന്തയാണ് പലര്‍ക്കും. പാലാ കോളേജിലെ സംഭവം ഞെട്ടിപ്പിച്ചുവെന്നും സ്ത്രീകളുടെ വിഷയങ്ങള്‍ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും സതീദേവി പറഞ്ഞു. കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ പലപ്പോഴും പൊലീസ് സഹകരിക്കുന്നില്ലെന്നും ഇത് മാറ്റാന്‍ നടപടി എടുക്കുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

🔳മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി സംസ്ഥാനത്തെ പോലീസുദ്യോഗസ്ഥര്‍ മാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. പൊലീസിനെ സമീപിക്കുന്ന ഓരോരുത്തരും നിങ്ങളുടെ കുടുംബാംഗങ്ങളാണെന്ന് കരുതിയാല്‍ അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുമെന്നും മുന്നിലെത്തുന്നവരോട് അന്യതാ ബോധത്തോടെ പെരുമാറുമ്പോഴാണ് പരാതികള്‍ വര്‍ധിക്കുന്നതെന്നും മനുഷ്യാവകാശ സംരക്ഷണം മനോഭാവമായി മാറണമെന്നും പൊലീസ് സ്റ്റേഷനുകള്‍ സൗഹ്യദത്തിന്റെ കേന്ദ്രങ്ങളാകണമെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പൊലീസുദ്യോഗസ്ഥരുള്ള സംസ്ഥാനമാണ് കേരളമെന്നും ബൈജു നാഥ് പറഞ്ഞു.

🔳സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

🔳മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി എന്ന സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ . ഇക്കാര്യം നേരത്തെ പുറത്ത് വന്നതാണെന്നും ഗൂഢാലോചനയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണം ശരി എന്ന് തെളിയുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

🔳കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

🔳1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ -ഓര്‍ത്തഡോക്സ് സഭകള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. യാക്കോബായ വിഭാഗം സഭയായി നിലനില്‍ക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തന്‍ ട്രസ്റ്റി അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.

🔳ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തിങ്കളാഴ്ച മൊഴിയെടുക്കും. വിശദമായ പരാതി എഴുതി തയാറാക്കി വരാന്‍ വനിത കമ്മിഷന്‍ പരാതിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. ഹരിത ഭാരവാഹികളുമായി വരുന്ന തിങ്കളാഴ്ച സിറ്റിംഗ് നടത്തുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് വനിതാ കമ്മീഷന് ഹരിത നല്‍കിയ പരാതി.  

🔳തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് 'മാര്‍ക്ക് ജിഹാദ്' ആരോപണമുന്നയിച്ച ദില്ലിയിലെ അധ്യാപകന്‍. 'മാര്‍ക്ക് ജിഹാദ് ' എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നുമാണ് പ്രൊഫസര്‍ രാകേഷ് പാണ്ഡെയുടെ അവകാശവാദം. തന്റെ ആരോപണത്തില്‍ കേരള സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് തന്റെ വിഷയമല്ലെന്നും ദില്ലി സര്‍വകലാശാലയിലെ പ്രവേശനം അട്ടിമറിക്കപ്പെടരുതെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ ആരോപണം ദില്ലി സര്‍വകലാശാല അന്വേഷിക്കണമെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആവശ്യപ്പെട്ടു. അതേസമയം'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു.

🔳പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ജാഗ്രതക്കുറവെന്ന് സമ്മതിച്ച് സിപിഎം. ഭരണസമിതിക്കും ജീവനക്കാര്‍ക്കും ഉണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി മാറിനില്‍ക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പണം മുഴുവന്‍ കിട്ടുന്നത് വരെ ഒപ്പമുണ്ടാകുമെന്നും സിപിഎം പേരാവൂര്‍ ഏരിയ കമ്മിറ്റി വിശദീകരിച്ചു. സൊസൈറ്റിയുടെ ആസ്തി വിറ്റും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കിയും പണം നഷ്ടമായവര്‍ക്ക് തിരികെ നല്‍കുമെന്നും പേരാവൂര്‍ ഏരിയ കമ്മറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

🔳സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വിഎന്‍ വാസവന്‍. കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവന്‍ നിയസഭയെ അറിയിച്ചു.

🔳പൊന്നാനിയിലെ അച്ചടക്ക നടപടിയില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രകടനം. അച്ചടക്കനടപടി പിന്‍വലിക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖിനെ തരംതാഴ്ത്താന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ച ആരോപിച്ചായിരുന്നു നടപടി.

🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ഡ്രൈവറെ എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആഡംബര കപ്പല്‍ യാത്രയ്ക്കുവേണ്ടി ആര്യനെ തുറമുഖത്തെത്തിച്ച ഡ്രൈവറെയാണ് എന്‍സിബി കസ്റ്റഡിയിലെടുത്തത്. ആര്യന്‍ ഖാന്റെ ബന്ധങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിലായിരുന്നു എന്‍സിബിയുടെ ചോദ്യംചെയ്യല്‍.

🔳ഡല്‍ഹിയിലെ വൈദ്യുതി പ്ലാന്റുകളില്‍ ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരിയേ ബാക്കിയുള്ളവെന്ന് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി സര്‍ക്കാര്‍. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് സംസ്ഥാന ഊര്‍ജ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വൈദ്യുതി വിവേകത്തോടെ ചെലവഴിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഊര്‍ജ ഉത്പാദകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്ത്യയില്‍ 70% വൈദ്യുതിയും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

🔳അഫ്ഗാനിസ്താനില്‍ സജീവമാകുന്ന ഐ.എസ് ആക്രമണങ്ങളെ ചെറുക്കാന്‍ യു.എസുമായി സഹകരണത്തിനില്ലെന്ന് താലിബാന്‍. വെല്ലുവിളികളെ ഒറ്റയ്ക്കുനേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് താലിബാന്‍ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

🔳ഐപിഎല്ലില്‍ വേഗം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തി. ഐപിഎല്ലില്‍ നിന്ന് പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാലും ഉമ്രാന്‍ മാലിക്കിനോട് ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിസഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

🔳ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ ഷൊയൈബ് മസൂദിന് പകരം സീനിയര്‍ താരം ഷൊയൈബ് മാലിക്കിനെ പാക്കിസ്ഥാന്റെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ചത് ഷൊയൈബ് മാലിക്കായിരുന്നു. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമിലും മാലിക് അംഗമായിരുന്നു. 2014, 2016 ടി20 ലോകകപ്പുകളിലും മാലിക്ക് പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.

🔳ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പ്രഖ്യാപിച്ചു. ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്.

🔳കേരളത്തില്‍ ഇന്നലെ കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 397 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനമായ 2,49,34,697 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 43.6 ശതമാനമായ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185.

🔳രാജ്യത്ത് ഇന്നലെ 17,930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 23,589 പേര്‍ രോഗമുക്തി നേടി. മരണം 213. ഇതോടെ ആകെ മരണം 4,50,621 ആയി. ഇതുവരെ 3,39,52,275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.24 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,486 പേര്‍ക്കും തമിഴ്നാട്ടില്‍ 1,344 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,44,575 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 42,186 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,950 പേര്‍ക്കും റഷ്യയില്‍ 29,362 പേര്‍ക്കും തുര്‍ക്കിയില്‍ 28,645 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.83 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,360 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 580 പേരും ബ്രസീലില്‍ 336 പേരും റഷ്യയില്‍ 968 പേരും മെക്‌സിക്കോയില്‍ 489 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.62 ലക്ഷം.

🔳എസ്ഐപി വഴിയുള്ള നിക്ഷേപം ഇതാദ്യമായി സെപ്റ്റംബറില്‍ 10,000 കോടി രൂപ മറികടന്നു. പുതിയതായി 26 ലക്ഷംപേരാണ് ഈ കാലയളവില്‍ എസ്ഐപി നിക്ഷേപം ആരംഭിച്ചത്. ഇതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എസ്ഐപികളുടെ മൊത്തം ആസ്തി 5.44 ലക്ഷം കോടിയായി. 5.26 ലക്ഷംകോടി രൂപയായിരുന്നു ഓഗസ്റ്റ് അവസാനംവരെയുള്ള ആസ്തി. എസ്ഐപിയില്‍ കുതിപ്പുണ്ടായതോടെ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി ഏഴാംമാസവും വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്‍എഫ്ഒവഴിയുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധനവുണ്ടായി. സെപ്റ്റംബറില്‍ അഞ്ച് ഇക്വിറ്റി എന്‍എഫ്ഒകള്‍ വഴി 6,579 കോടി രൂപയാണ് സമാഹരിച്ചത്. ഓഗസ്റ്റിലാകട്ടെ 6,900 കോടി രൂപയും.

🔳ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ചാര്‍ട്ടേഡ് എയര്‍ക്രാഫ്റ്റ് ഒഴികെയുള്ള വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നവംബര്‍ 15 മുതല്‍ യാത്ര ചെയ്യാനാകും. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം അറിയിക്കുന്ന എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും വിദേശ ടൂറിസ്റ്റുകളും കാരിയറുകളും ലാന്‍ഡിംഗ് സ്റ്റേഷനുകളിലെ മറ്റ് പങ്കാളികളും പാലിക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

🔳ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'മാരത്തോണി'ലെ രണ്ടാമത്തെ ഗാനം പുറത്ത്. 'കാന്താരി പെണ്ണേ' എന്ന് തുടങ്ങുന്ന മനോഹരഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. അര്‍ജുന്‍ അജിത്തിന്റെ വരികള്‍ക്ക്, സംഗീത സംവിധായകന്‍ ബിജിപാലിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ബിബിന്‍ അശോകാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മത്തായി സുനില്‍ ആണ് ആലാപനം. സൂര്യ, ബബിജേഷ്, ഉചിത് ബോസ്സ്, ദിപിന്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

🔳പുലരി ബഷീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ക്യാബിന്‍' ഒക്ടോബര്‍ 29ന് തിയേറ്ററുകളിലേക്ക്. അപരിചിതനായ ഒരു ലോറി ഡ്രൈവറുടെ കൂടെ വീട്ടുസാധനങ്ങളും എടുത്തു മകളും ഭാര്യയുമൊത്ത് ഒരു ലോറിയില്‍ നാട്ടിലേക്ക് പുറപ്പെട്ട ശങ്കരന്‍ മേസ്തിരിയും കുടുംബത്തിനും യാത്രക്കിടയില്‍ ഉണ്ടാകുന്ന ചില അസ്വാഭാവിക സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്ക് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ഹരിശങ്കര്‍, നജിം അര്‍ഷാദ്, മുകേഷ്, ഹിഷാം അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ഗായകര്‍.

🔳ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ആഡംബര മാക്സി സ്‌കൂട്ടറായ സി400 ജിടി ഒക്ടോബര്‍ 12-ന് എത്തും. ഈ വര്‍ഷം തുടക്കത്തില്‍ പരിഷ്‌ക്കരിച്ച ഏറ്റവും പുതിയ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി വന്‍വിജയമായ മോഡലാണ് സി400 ജിടി പ്രീമിയം മാക്സി സ്‌കൂട്ടര്‍. പ്രീമിയം സ്‌കൂട്ടറിന്റെ വിലകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 6.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳നിരന്തരമായ പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനായ ഒരു പത്തു വയസ്സുകാരന്‍ ഒറ്റയ്ക്ക് നടത്തുന്ന ഒരു യാത്രയുടെ കഥയാണ് . 'കൂ എന്ന വണ്ടിയില്‍'. വി. സുരേഷ് കുമാര്‍. ജിവി ബുക്സ്. വില 95 രൂപ.

🔳നെഞ്ചുവേദന വന്നാല്‍ അതിനെ ഗൗരവമായി എടുക്കുകയും ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ചെയ്യുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ നെഞ്ചുവേദന പോലെയല്ല, കാലുവേദനയെ നമ്മള്‍ കൈകാര്യം ചെയ്യുന്നത്. അതിനെ നിത്യജീവിതത്തിലെ എന്തെങ്കിലും ലഘുവായ പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് മിക്കവരും ആലോചിക്കാറ്. പക്ഷേ, കാലുവേദനയും ഹൃദയം പ്രശ്‌നത്തിലാണെന്ന് സൂചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികരിക്കുന്ന അവസ്ഥയില്‍ ധമനികള്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാം. മിക്കവാറും ഇത് ഹൃദയത്തെ ചുറ്റിപ്പറ്റി തന്നെയാണ് സംഭവിക്കുക. എന്നാല്‍ ചില കേസുകളില്‍ ഇത് കാലുകളിലെ ധമനികളിലും സംഭവിക്കും. അങ്ങനെ വരുമ്പോള്‍ കാലുവേദന അനുഭവപ്പെടാം. കാലിലെ ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നുവെങ്കില്‍ അത് വൈകാതെ ഹൃദയത്തെയും കടന്നുപിടിക്കാം. എന്നാല്‍ ഈ സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ അധികപേര്‍ക്കും കഴിയാറില്ല. അതായത് ഹൃദയം അപകടത്തിലായേക്കാമെന്ന സൂചനയാണ് ഈ കാലുവേദന നല്‍കുന്നത്.

*ശുഭദിനം*

ആ അച്ഛന്‍ മകളെ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അച്ഛന്റെ വലിയ പ്രതീക്ഷയായിരുന്നു അവള്‍. അവള്‍ നന്നായി പഠിച്ച് നല്ല ജോലി നേടുമെന്നും തന്റെ കഷ്ടപ്പാടുകളെല്ലാം അതോടെ മാറുമെന്നും അയാള്‍ ഉറച്ച് വിശ്വസിച്ചു. പക്ഷേ, അവള്‍ക്കൊരു ജോലി ലഭിക്കുന്നതിനുമുന്നേ അയാള്‍ മരിച്ചു. ടൈപ്പ്‌റൈറ്റിങ്ങും ഷോട്ടഹാന്റിലും അവള്‍ക്ക് നല്ല വൈദഗ്ദ്യം ഉണ്ടായിരുന്നു. പക്ഷേ, ജോലി അന്വേഷിച്ചു ചെല്ലുമ്പോഴെല്ലാം എല്ലാവരും പ്രവൃത്തിപരിചയം ആവശ്യപ്പെട്ടു. ജോലി ലഭിക്കാതെ എങ്ങിനെ പരിചയം നേടും... അവസാനം അവള്‍ ഒരു പരസ്യം കൊടുത്തു. പരിചയമില്ലെന്ന് കാരണത്താല്‍ എനിക്ക് ജോലിയൊന്നും കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ശമ്പളമൊന്നുമില്ലാതെ തന്നെ ഏതെങ്കിലും കമ്പനിയില്‍ ഞാന്‍ 1 മാസം ജോലി ചെയ്യാന്‍ തയ്യാറാണ്! പരസ്യം ഫലിച്ചു. ധാരാളം ജോലി ഓഫറുകള്‍ അവള്‍ക്ക് ലഭിച്ചു. അതില്‍ തന്നെ മികച്ച 3 കമ്പനികളില്‍ മൂന്ന് മാസം അവള്‍ ജോലി ചെയ്തു. കമ്പനി അധികാരികള്‍ക്ക് അവളില്‍ മതിപ്പുണ്ടായി. അവര്‍ അവള്‍ക്ക് ശമ്പളവും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കി. പിന്നീട് അവള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിരവധി കമ്പനികളില്‍ അവള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ഉയര്‍ന്ന സ്ഥാനത്തില്‍ ജോലി ലഭിച്ചു. എല്ലാവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകാം. നമുക്ക് നേരിടുന്ന നിര്‍ഭാഗ്യങ്ങള്‍ നമ്മെ കര്‍മ്മവിമുഖരാക്കുകയല്ല വേണ്ടത്. കര്‍മ്മനിരതരാക്കുകയാണ് വേണ്ടത്. നമ്മുടെ മനസ്സില്‍ എത്ര തന്നെ നൈരാശ്യം നിറഞ്ഞാലും വെളിച്ചത്തിന്റെ ഒരു കണിക എവിടെയങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും. ആ വെളിച്ചത്തെ കണ്ടെത്തി ജീവിതത്തെ പ്രകാശപൂരിതമാക്കാന്‍ നാം ശ്രമിക്കുക തന്നെ വേണം. സ്വയമുളള വളര്‍ച്ചക്കും പുരോഗതിക്കും അതുമാത്രമാണ് മാര്‍ഗ്ഗം. എന്ത് പ്രതിബന്ധങ്ങള്‍ വന്നാലും എന്ത് ആപത്ത് നേരിട്ടാലും ജീവനുള്ളകാലത്തോളം അതിനെ അതിജീവിക്കുമെന്ന് മനസ്സുകൊണ്ട് തീരുമാനിക്കാന്‍ നമുക്ക് കഴിയണം. വസ്തുതകള്‍ക്ക് നേരെ കണ്ണടയ്ക്കുകയല്ല വേണ്ടത്.. അതിനെ നേരിടാന്‍ ശീലിച്ചുനോക്കൂ.. പുതുവഴികള്‍ നമുക്ക് മുന്നില്‍ തെളിയുന്നത് കാണാം - *ശുഭദിനം* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only