25 ഒക്‌ടോബർ 2021

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി
(VISION NEWS 25 ഒക്‌ടോബർ 2021)
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ് കേരളത്തിന്‍റെ ഉറച്ച നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുലപ്പെരിയാര്‍ വിഷയത്തില്‍ ചില ആളുകൾ ചേർന്ന് ഭീതി പരത്തുകയാണ്. ഇത് നിയമപരമായി നേരിടും. പ്രശ്നത്തെ ചിലർ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 

എം എം മണി എം എൽ എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാം തകരുമെന്നും ലക്ഷകണക്കിനാളുകൾ മരിക്കുമെന്നും ചിലർ ഭീതി പരത്തുന്നുണ്ട് .എന്നാൽ അത്തരം സാഹചര്യം നിലവിലില്ല. ഇത്തരം പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്.അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും തമി‍ഴ്നാടുമായുള്ള വിഷയം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുണ്ടായ മ‍ഴക്കെടുതിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തുന്നുണ്ട്.കണക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായ ധനസഹായം നൽകും.

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരികയാണ്.പദ്ധതി അടുത്ത ഘട്ടമായി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കി വരുന്നു.ഇതിന് പുറമെ തദ്ദേശസ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്ലാനുകള്‍ പോലുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only